2014​ല്‍ മോദി അധികാരത്തിലെത്തിയപ്പോഴാണ്​ ഇന്ത്യക്ക്​ സ്വാതന്ത്ര്യം ലഭിച്ചതെന്ന്​​ നടി കങ്കണ; തനി ഭ്രാന്തെന്ന്​ വരുണ്‍ ഗാന്ധി; നടിയുടെ പ്രസ്​താവനക്കെതിരെ സമൂഹമാധ്യമ​ങ്ങളില്‍ വൻ പ്രതിഷേധം

ന്യൂഡല്‍ഹി: 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ ഇന്ത്യക്ക്​ യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയതെന്ന​ വിവാദ പ്രസ്​താവനയുമായി ബോളിവുഡ്​ നടി കങ്കണ റണാവത്ത്​. ടൈംസ്​ നൗ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോൾ ആയിരുന്നു കങ്കണയുടെ വിവാദ പ്രസ്​താവന.1947ല്‍ ഇന്ത്യക്ക്​ ലഭിച്ചത്​ സ്വാതന്ത്ര്യമല്ലായിരുന്നു. അത്​ വെറും ഭിക്ഷമാത്രമായിരുന്നുവെന്നാണ്​ കങ്കണയുടെ പരാമര്‍ശം. ബ്രിട്ടീഷുകാരുടെ തുടര്‍ച്ചയായിരുന്നു കോണ്‍ഗ്രസ്​ ഭരണമെന്നും കങ്കണ ആരോപിച്ചു.

അതേസമയം, കങ്കണയുടെ പ്രസ്​താവനക്കെതിരെ ബി.ജെ.പി നേതാവ്​ വരുണ്‍ ​ഗാന്ധി രംഗത്തെത്തി. ചില സമയത്ത്​ മഹാത്​മഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ കൊലയാളിക്ക്​ ആദരം നല്‍കുന്നു. ഇപ്പോള്‍ മംഗല്‍ പാണ്ഡേ മുതല്‍ റാണി ലക്ഷ്​മിഭായി, ഭഗത്​ സിങ്​, ചന്ദ്രശേഖര്‍ ആസാദ്​, നേതാജി തുടങ്ങിയവരെ അപമാനിച്ചിരിക്കുന്നു. ഇതിന്​ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ ചോദ്യം.

അതേസമയം, കങ്കണയുടെ പ്രസ്​താവനക്കെതിരെ ട്വിറ്ററിലും പ്രതിഷേധമുയര്‍ന്നു. കങ്കണയുടെ വിഡ്​ഢിത്തരത്തിന്​ കൈയടിക്കുന്നത്​ ആരാണെന്ന്​ അറിയാന്‍ തനിക്ക്​ താല്‍പര്യമുണ്ടെന്നായിരുന്നു ബോളിവുഡ്​ നടി സ്വര ഭാസ്​കറിന്‍റെ പ്രസ്​താവന. കങ്കണയുടെ പത്​മശ്രീ രാഷ്​ട്രപതി തിരിച്ചെടുക്കണമെന്ന ആവശ്യവും സമൂഹമാധ്യമ​ങ്ങളില്‍ ഉയരുന്നുണ്ട്​.

Related posts

Leave a Comment