കോണ്‍ഗ്രസിലേക്കു യുവരക്തപ്രവാഹം, കനയ്യ കുമാര്‍ ഇന്നു കോണ്‍ഗ്രസില്‍ ചേരും

ന്യൂഡല്‍ഹിഃ ദേശീയ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ യുവപ്രഭാവവും യുവജനങ്ങളുടെ ധീരനായ പോരാളിയുമായ ജെഎന്‍യു സമര നായകന്‍ കനയ്യകുമാര്‍ ഇന്നു കോണ്‍ഗ്രസില്‍ ചേരും. ഇന്നുച്ച കഴിഞ്ഞു എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നു പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്ന കനയ്യകുമാര്‍ തുടര്‍ന്നു മാധ്യങ്ങളെയും കാണും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍റെ രാഷ്‌ട്രീയ പ്രസക്തിയും പ്രാധാന്യവും അദ്ദേഹം വിശദമാക്കും. ഇടതുപക്ഷത്തു നിന്ന് അദ്ദേഹം മടങ്ങുന്നതിന്‍റെ കാരണങ്ങളും വിശദമാക്കും. രാഹുല്‍ ഗാന്ധിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കനയ്യ കുമാറിനു പിന്നാലെ ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരും. ഈ രണ്ടു നേതാക്കള്‍ക്കുമൊപ്പം ആ‌യിരക്കണക്കിനു യുവാക്കളാണു കോണ്‍ഗ്രസിലേക്ക് വരാന്‍ തയാറെടുത്തു നില്‍ക്കുന്നത്.

ഡല്‍ഹി, ബിഹാര്‍, ഗുജറാത്ത്, ഒഡിശ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കോണ്‍ഗ്രസിലേക്ക് യുവാക്കളുടെ ഒഴുക്ക്.

സിപിഐ ദേശീയ സമിതി അംഗമാണ് കനയ്യ കുമാര്‍. ജവഹര്‍ലാല്‍ നെഹറു യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ പദവിയിലിരുന്ന് കനയ്യ കുമാര്‍ നയിച്ച പ്രക്ഷോഭങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ അദ്ദേഹം നയിച്ച ആസാദി പ്രക്ഷോഭം സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ശക്തമായ യുവജന സംരങ്ങളിലൊന്നാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നയിച്ച സമരങ്ങളും ജനപ്രീതി നേടി. ഷഹീന്‍ബാഗ് പ്രക്ഷോഭത്തിലും കനയ്യ കുമാറിന്‍റെ പോരാട്ട വീര്യം രാജ്യം കണ്ടു.

ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ മുന്‍നിരയിലെത്തിയ കനയ്യ കുമാറിന് സിപിഐയുടെ പല നിലപാടുകളോടും വിയോജിപ്പുണ്ട്. അപക്വമായ തീരുമാനങ്ങളാണ് പാര്‍ട്ടി കൈക്കൊള്ളുന്നതെന്നും യുവാക്കള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ രാജ്യത്തിന്‍റെ വര്‍ത്തമാനകാല പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും ദേശീയ മതേതരത്വ നിലപാടുകള്‍ സംരക്ഷിക്കുന്നതിനും കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നും കനയ്യ കുമാര്‍ പറഞ്ഞു.

ഗജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍‌എയും കനയ്യ കുമാറിന്‍റെ ഉറ്റ സുഹൃത്തുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരും. എന്നാല്‍ ഇന്ന് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നില്ല. ഗുജറാത്തിലെ വാഡ്ഗാം നിയോജകമണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ആണ് ജിഗ്നേഷ്. ഗുജറാത്തിലെ പ്രമുഖ ദളിത് സംഘടനയായ രാഷ്‌ട്രീയ ദളിത് അധികാര്‍ മഞ്ചിന്‍റെ കണ്‌വീനറാണു ജുഗ്നേഷ്. ദേശീയ തലത്തില്‍ കനയ്യ കുമാറും ഗുജറാത്തില്‍ ജിഗ്നേഷും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകരാണ്. ഇവരുടെ വരവോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദേശീയ മുദ്രാവാക്യങ്ങള്‍ക്കു ബലമുണ്ടാകും. ഉത്തരേന്ത്യയിലെമ്പാടും കോണ്‍ഗ്രസില്‍ യുവാക്കളുടെ വന്‍ സ്വാധീനമുണ്ടാകുമെന്നാണ് ഇവരുടെ വരവോടെ പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.

Related posts

Leave a Comment