22 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍


പെരിന്തല്‍മണ്ണ: മിനിലോറിയില്‍ പച്ചക്കറികള്‍ക്കിടെ ഒളിപ്പിച്ച് കടത്തുകയായിരുന്ന 22 കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശികളായ പൂളോണ മുഹമ്മദ് സാദിഖ്(41), വെള്ളേപ്പറമ്പില്‍ സിറിള്‍ ബാബു(43) എന്നിവരെയാണ് മിനിലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി എസ്‌ഐ സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 4 കിലോഗ്രാം കഞ്ചാവുമായി 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, സിഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുള്ള രഹസ്യകേന്ദ്രങ്ങളില്‍ സംഭരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നവരാണ് പ്രതികള്‍. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും കിലോഗ്രാമിന് 1500 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഏജന്റുമാര്‍ മുഖേന ചരക്ക് ലോറികളിലും മിനി ലോറികളിലും ഒളിപ്പിച്ച് കേരളത്തിലെത്തിക്കാറാണ് പതിവ്. കിലോഗ്രാമിന് 20000 മുതല്‍ 30000 രൂപ വരെ ആവശ്യക്കാരില്‍ നിന്നും ഈടാക്കും.മുഹമ്മദ് സാദിഖ് മണ്ണാര്‍ക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കൊലപാതക കേസിലും പെരിന്തല്‍മണ്ണ ,മുക്കം സ്‌റ്റേഷനുകളില്‍ കഞ്ചാവ് കേസുകളിലും പ്രതിയാണ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി .പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍ വച്ച് എസ്.ഐ. സി.കെ.നൗഷാദും സംഘവുമാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്. ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി. മുരളീധരന്‍ , എന്‍.ടി.കൃഷ്ണകുമാര്‍ , എം.മനോജ് കുമാര്‍ ,പ്രശാന്ത് പയ്യനാട് ,മിഥുന്‍ , സജീര്‍ , എഎസ്‌ഐമാരായ സുകുമാരന്‍, ബൈജു, മുഹമ്മദ് ഫൈസല്‍, നിഖില്‍ , പ്രബുല്‍, ഷാലു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment