സ്ഥിതി വിലയിരുത്താൻ കമല ഹാരിസ് യൂറോപ്പിലേക്ക്, ആണവ നിലയങ്ങൾ സുരക്ഷിതം


വാഷിം​ഗ്ടൺ/കീവ്: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ സ്ഥിതി​ഗതികൾ കൂടുതൽ ആശങ്കയിലേക്ക് കട‌ക്കുന്നു. യുക്രൈൻ പ്രസിഡന്റ് ളാദ്മിർ സെലൻസ്കിയെ വധിക്കാൻ റഷ്യ രഹസ്യ ചാവേറുകളെ നിയോ​ഗിച്ചെന്ന വാർത്തകൾക്കു പിന്നാലെ, കീവിൽ പോരാട്ടം കടുപ്പിച്ച് യുക്രൈൻ സൈന്യവും ജനതയും. തങ്ങളുടെ പ്രസിഡന്റിന്റെ ജീവൻ രക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രഖ്യാപിച്ച യുക്രൈൻ പോരാളികൾ റഷ്യൻ പട്ടാളക്കാർക്കായി ശക്തമായ തെരച്ചിൽ നടത്തുകയാണ്. നിരവധി റഷ്യൻ സൈനികരെ വധിച്ചതായും വിവരമുണ്ട്. അതിനിടെ യുക്രൈൻ സ്ഥിതി​ഗതികൾ നേരിട്ടു വിലയിരുത്താൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്ത ആഴ്ച യൂറോപ്പിലെത്തും. യൂറോപ്യൻ യൂണിയൻ അം​ഗങ്ങളുമായി കമല ചർച്ചകൾ നടത്തും. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശത്തെത്തുടർന്നാണ് കമല യൂറോപ്പിലെത്തുന്നത്.

അതിനിടെ ആണവ നിലയങ്ങൾ ലക്ഷ്യമാക്കിയുള്ള റഷ്യയുടെ നീക്കങ്ങൾ ലോകത്തെ ആശങ്കയിലാക്കിയെങ്കിലും യുക്രൈനിലെ നിലയങ്ങളെല്ലാം സുരക്ഷിതമാണ്. നിലയങ്ങളുടെ പരിസരത്ത് സ്ഫോടനങ്ങളും തുടർന്നുള്ള തീപ്പിടുത്തങ്ങളും വാർ്തതാ ഏജൻസികൾ പുറത്തുവിടുന്നുണ്ടെങ്കിലും നിലയങ്ങൾക്ക് കാര്യമായ ക്ഷതമേറ്റതായി വിവരമില്ല.
ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദിയാക്കുന്നു എന്ന ആരോപണം യുഎൻ രക്ഷാസമിതിയിൽ ആവർത്തിച്ച് റഷ്യ. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ആരോപിച്ചു. വിദേശ വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാത ഒരുക്കണമെന്ന് റഷ്യ യുക്രൈനോട് ആവശ്യപ്പെട്ടു. 1300 ബസുകളാണ് ഒഴിപ്പിക്കലിനായി റഷ്യ സജ്ജമാക്കിയിരിക്കുന്നത്. അതേസമയം, വെടിനിർത്തണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടരാനാകുന്നില്ല. താൽക്കാലികമായെങ്കിലും വെടിനിർത്തൽ ആവശ്യം പരിഗണിക്കണമെന്ന് ഇന്ത്യ റഷ്യയോടും യുക്രെയ്നോടും ആവശ്യപ്പെട്ടു. റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുന്നില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക് വിദ്യാർത്ഥികളുടെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.
ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ, റഷ്യയിൽ വാർത്താചാനലുകൾ സംപ്രേഷണം നിർത്തി. ബിബിസിയും സിഎൻഎന്നുമാണ് റഷ്യയിൽ പ്രവർത്തനം നിർത്തിയത്. യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെർ​ഗ് ന്യൂസും റഷ്യയിൽ പ്രവർത്തനം നിർത്തി.

Related posts

Leave a Comment