വീണ്ടും അധികാരത്തിലെത്തിയാൽ കാലാപ്പാനിയും ലിപുലേഖും ഇന്ത്യയിൽ നിന്ന് വീണ്ടെടുക്കും ; ശർമ്മ ഒലി

കാഠ്മണ്ഡു: രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയിൽ നിന്ന് തിരികെ പിടിക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി ശർമ്മ ഒലി.

തങ്ങൾ അധികാരത്തിൽ തിരികെ എത്തിയാൽ ഈ സ്ഥലങ്ങൾ ഇന്ത്യയിൽ നിന്ന് സ്ഥലങ്ങൾ തിരിച്ചു പിടിക്കുമെന്നാണ് ശർമ്മ ഒലി പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിന്റെ (സിപിഎൻ-യുഎംഎൽ) സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ തങ്ങളിലൂടെ നേപ്പാളിന്റെ ആഗ്രഹം സഫലമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ നേപ്പാളിന്റെ കയ്യിൽ നിന്ന് പോയ അതിർത്തി പ്രദേശങ്ങളായ ലിംപിയാധുര, കാലാപാനി, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയുമായി നിരന്തര ചർച്ച നടത്തി തിരിച്ചു പിടിക്കും. ചർച്ചകളിലൂടെയായിരിക്കും ഞങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്. അയൽരാജ്യങ്ങളുമായി ശത്രുതയ്‌ക്ക് താത്പര്യമില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി.

കാലാപ്പാനി തങ്ങളുടെ അധീനതിയലുള്ള പ്രദേശമാണെന്ന് നേപ്പാൾ പലതവണ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പിത്തോരാഖർ ജില്ലയുടെ ഭാഗമാണ് കാലാപാനി. എന്നാൽ നേപ്പാളിലെ ധർചുല ജില്ലയുടെ ഭാഗമാണ് കാലാപാനി എന്നാണ് നേപ്പാളിന്റെ വാദം. നേരത്തെ അതിർത്തി പ്രദേശങ്ങളിലൂടെ ഇന്ത്യ നിർമ്മിച്ച റോഡിനെതിരേയും നേപ്പാൾ രംഗത്ത് വന്നിരുന്നു.

ലിപുലേഖ് പാസിനെ ധർചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള റോഡിനെതിരെയാണ് നേപ്പാൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പാത തങ്ങളുടെ അതിർത്തിക്കുള്ളിലൂടെ കടന്നു പോകുന്നുവെന്നായിരുന്നു നേപ്പാളിന്റെ വാദം. ഇതിന് പിന്നാലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പുറത്തിറക്കി. നീക്കത്തിനെതിരെ രൂക്ഷവിമർസനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രദേശങ്ങൾ കൈവശപ്പെടുത്താനുള്ള നേപ്പാളിന്റെ നീക്കത്തെ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment