വിമാനം പോയില്ല, ഇന്ത്യക്കാര്‍ ആശങ്കയില്‍, കാബൂള്‍ വിമാനത്താവളം അടച്ചു

ന്യൂഡല്‍ഹി/ കാബൂള്‍ഃ ആഭ്യന്തര കലാപം രൂക്ഷമായ അഫ്‌ഗാനിസ്ഥാനില്‍ സ്ഥിതി ഭയാനകം. ഭയചകിതരായ ജനങ്ങള്‍ പലായനത്തിന്‍റെ ബഹളത്തില്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ വരെ കൈയടക്കി. ബേയില്‍ കിടന്ന വിമാനങ്ങളിലേക്കു ഇരച്ചുകയറുന്ന ജനക്കൂട്ടത്തെയും കാണാം. പലര്‍ക്കും വെള്ളവും ഭക്ഷണവും കിട്ടുന്നില്ല. വിദേശികളെ ആക്രമിക്കുകയില്ലെന്നു താലിബാന്‍ പ്രഖ്യാപിച്ചെങ്കിലും വിമാനത്താവളത്തിലെ വെടിയവയ്പില്‍ ഏതാനും ചിലര്‍ മരിച്ചെന്നു റിപ്പോര്‍ട്ടുണ്ട്. അതിനിടെ, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്നുച്ചയ്ക്കു പുറപ്പെടാനിരുന്ന വിമാനത്തിന് പുറപ്പെടാനായില്ല. കാബൂള്‍ അന്താരാഷ്‌ട്ര വിമാനത്താവളം അനിശ്ചിതമായി അടച്ചു. ലോകത്തെ എല്ലാ വിമാനക്കമ്പനികളും അഫ്ഗാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കിയതോടെ ഒരു വിമാനവും കാബൂളിലേക്കു വരുന്നില്ല. ഒരു വിമാനവും ഇവിടെ നിന്നു പുറപ്പെടുന്നുമില്ല.

ഇന്നു രാത്രി രണ്ടു വിമാനങ്ങല്‍ കൂടി ന്യൂഡല്‍ഹിയില്‍ നിന്ന് കാബൂളിലേക്ക് അയയ്ക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചരുന്നു. അതിലൊന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അയയ്ക്കാനായിരുന്നു തീരുമാനം. വിമാനജോലിക്കാര്‍ കൃത്യസമയത്ത് ഹാജരാകുകയും വിമാനം സജ്ജമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാബൂളില്‍ വിമാനത്താവളം അടച്ചതോടെ ഈ നീക്കം പൊളിഞ്ഞു. അതോടെ, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യം ആശങ്കയിലായി. രാജ്യത്തെ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റുകളും നേരത്തേ അടച്ചിരുന്നു. എന്നാല്‍,‌ എംബസിയുടെ പ്രവര്‍ത്തനം തുടരുകയാണ്. നിരവധി ഇന്ത്യക്കാര്‍ എംബസിയിലുണ്ട്.

അതിനിടെ, അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികരെയും ഉദ്യോഗസ്ഥരെയും സഹായിക്കാന്‍ ആയിരക്കണക്കിനു പ്രാദേശിക പൗരന്മാരെ യുഎസ് നിയമിച്ചിരുന്നു. യുഎസ് സേന പിന്മാറിയാലും ഇവര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ താലിബാന്‍ നീക്കങ്ങള്‍ വളരെ വേഗത്തിലായതിനാല്‍ യുഎസിന് പറഞ്ഞതുപോലെ പ്രവര്‍ത്തിക്കാനായില്ല. ഇങ്ങനെ അനാഥമാക്കപ്പെട്ട അഫ്ഗാന്‍ പൗരന്മാരാണ് ജീവഹാനി ഭയന്ന് പലായനം നടത്തുന്നത്. താലിബാനെതിരായ നീക്കങ്ങളാണ് ഇവര്‍ നടത്തിയതെന്നിരിക്കെ, പിടിക്കപ്പെട്ടാല്‍ കൊലപ്പെടുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതാണ് വിമാനത്താവളത്തിലടക്കം വന്‍ ജനക്കൂട്ടം രൂപപ്പെടാന്‍ കാരണം. യുഎസിനും പ്രസിഡന്‍റ് ബൈഡനുമെതിരേ ജനക്കൂട്ടം മുദ്രാവാക്യം ഉയര്‍ത്തുകയാണ്.

അതിനിടെ, അഫ്‌ഗാനിസ്ഥാന്‍ ഇസ്ലാമിക രാഷ്‌ട്രമായി താലിബാന്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ പേര് ഇസ്ലാമിക് ​​എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. പ്രസിഡന്‍റിന്‍റെ കൊട്ടാരവും പാര്‍ലമെന്‍റും താലിബാന്‍ കൈവശപ്പെടുത്തി. ഇസ്ലാ മിക ഭരണ നടപടികള്‍ തുടങ്ങിയതായി താലിബാന്‍ സേന അറിയിച്ചു.

Related posts

Leave a Comment