പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ രംഗത്ത് ; പോലീസ് മാറ്റങ്ങൾക്ക് വിധേയമാകണമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഭരണകക്ഷിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ രംഗത്ത്. പോലീസ് മാറ്റങ്ങൾക്ക് വിധേയമാകണമെന്നാണ് കർഷകസമരത്തിന്റെ ഒന്നാം വാർഷിത്തോടനുബന്ധിച്ച് ഇടതുമുന്നണി തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച ധർണയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചത്. ആലുവ സംഭവത്തിൽ നടപടി വൈകി എന്ന അഭിപ്രായമില്ലെന്ന് പറയുമ്പോഴും പോലീസ് മാറണമെന്നാണ് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്. സർക്കാരിന് നടപടി എടുക്കേണ്ടതായ രീതിയുണ്ട്. ആ രീതിക്കനുസരിച്ച് മാത്രമേ സർക്കാർ നടപടി എടുക്കാൻ സാധിക്കൂ. അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ട കാലതാമസമുണ്ടായെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ പോലീസിനെക്കാളും വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ പൊലീസായിരുന്നു നല്ലതെന്ന് മുൻ മന്ത്രി സി ദിവാകരനും വിമർശിച്ചു. പണ്ട് ഇടതുമുന്നണി സർക്കാരാണ് ജനമൈത്രിപൊലീസ് ഉണ്ടാക്കി ജനകീയമാക്കിയത്. ഇന്ന് കാണിക്കുന്ന ആക്രമങ്ങൾ പാടില്ലെന്ന് അന്നേ പഠിപ്പിച്ചതാണ്. പക്ഷെ പഠിക്കുന്നില്ലെന്നും ദിവാകരൻ വിമർശിച്ചു. കോടിയേരിയുടെ സാന്നിധ്യത്തിലായിരുന്നു കാനത്തിന്റേയും സി ദിവാകരന്റെയും വിമർശനം. പോലീസിനെതിരെയുള്ള ആക്ഷേപങ്ങൾ പരിശോധിക്കുമെന്നായിരുന്നു സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടർന്ന് ധർണയിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടിയത്. മോൻസൻ മാവുങ്കൽ കേസ് മുതൽ കൊച്ചിയിലെ നിയമവിദ്യാർത്ഥിയുടെ മരണം വരെയുള്ള വിഷയങ്ങളിൽ പൊലീസിനെതിരെ ശക്തമായ സമരവുമായി കോൺഗ്രസും യു.ഡി.എഫും രംഗത്തുണ്ട്. പോലീസ് കനത്ത പ്രതിരോധത്തിലുള്ള ഇപ്പോൾ തന്നെയാണ് മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ ഭരണ മുന്നണിയിൽ നിന്ന് തന്നെ വിമർശനമുയരുന്നത്.

Related posts

Leave a Comment