പെരിയയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വധിച്ച കേസിൽ സിപിഎം നേതാക്കൾ ഇന്ന് ഹാജരകും

കൊച്ചി: പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ പ്രതിചേർത്ത ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനടക്കം നാലുപേർ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാകും. കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.വി.കുഞ്ഞിരാമനെ കൂടാതെ സിപിഎം നേതാവ് കെ.വി.ഭാസ്കരൻ, ഇരുപത്തി മൂന്നാം പ്രതി ഗോപൻ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവരാണ് ഇന്ന് കോടതിയിൽ ഹാജരാവുക. നേരത്തെ ഇവരെ പ്രതി ചേ‍ർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസിൻറെ വിചാരണാ നടപടികളിലേക്ക് ഇവരെക്കൂടി ഉൾപ്പെടുത്തുന്നതിൻറെ ഭാഗമായിട്ടാണ് വിളിച്ചുവരുത്തുന്നത്.
പെരിയ ഇരട്ടകൊലകേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികളിലേക്ക് കടക്കും മുൻപ് ഡിസംബർ 15ന് എല്ലാ പ്രതികളോടും ഹാജരാവാൻ കൊച്ചി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 24 പ്രതികളുള്ള കേസിൽ 16 പേർ ജയിലിലാണ്. ജാമ്യം നേടിയ മുന്നുപേരും പ്രതിചേർക്കപ്പെട്ട അഞ്ചുപേരുമടക്കം എല്ലാവരോടും കോടതിയിൽ ഹാജരാകാൻ ആവശ്യപെട്ടിരുന്നു. ഇതിൽ മുൻ എം.എൽ.എയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, സിപിഎം നേതാവ് കെ.വി.ഭാസകരൻ, ഇരുപത്തി മൂന്നാം പ്രതി ഗോപൻ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവർ ഹാജരായില്ല. നോട്ടീസ് ലഭിക്കാൻ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ഇവരോട് 22 ന് ഹാജരാവൻ കോടതി നിർദേശം നൽകുകയായിരുന്നു.
ബാക്കിയുള്ളവരിൽ ജയിലിലുള്ളവർ വീഡിയോ കോൺഫറൻസ് വഴിയും മറ്റുള്ളവർ നേരിട്ടും ഹാജരായി. നേരിട്ടെത്തിയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എൻ.ബാലകൃഷ്ണൻ, പതിനൊന്നാം പ്രതി മണി എന്നിവർക്ക് ജാമ്യം നീട്ടി നൽകി. രാഘവൻ വെളുത്തോളിക്ക് കോടതി ജാമ്യം നൽകി. കേസിൽ ജു‍ഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 29 വരെ നീട്ടി. കേസിൽ സിബിഐ ഒടുവിൽ അറസ്റ്റ് ചെയ്ത് കാക്കനാട് സബ് ജയിലിൽ കഴിയുന്ന അഞ്ചുപേർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണണെന്നാവശ്യപ്പെട്ടെങ്കിലും സിബിഐ എതിർത്തു.
കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.

Related posts

Leave a Comment