പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തനം കെ സുരേന്ദ്രനിൽ നിന്നും പഠിക്കാൻ ആഗ്രഹിക്കുന്നില്ല : വി ഡി സതീശൻ

കൊച്ചി : ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നു. കേരളത്തിൽ ഒട്ടും വിശ്വാസ്യത ഇല്ലാത്ത നേതാവാണ് കെ സുരേന്ദ്രൻ. അദ്ദേഹത്തിൽ നിന്നും പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം പഠിക്കുവാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് വിജയിക്കുന്നതിന് വേണ്ടി സിപിഎമ്മുമായി സുരേന്ദ്രൻ ധാരണ ഉണ്ടാക്കിയിരുന്നു. മാസങ്ങൾക്കുമുമ്പ് ദിവസവും സ്വർണകടത്ത് വിഷയത്തിൽ പത്രസമ്മേളനങ്ങൾ നടത്തിയിരുന്ന സുരേന്ദ്രനെ ഇന്ന് കാണുവാൻ പോലുമില്ല. പിണറായി വിജയന്റെ കനിവു കാത്ത് കഴിയുന്ന ആളാണ് അദ്ദേഹം. കുഴൽപ്പണ കേസ് ഭയന്നാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പ്രതിപക്ഷത്തിന്റെ തലയിൽ വച്ചു കെട്ടാൻ നോക്കുകയാണ്. സർഗാത്മക പ്രതിപക്ഷമാണ് ഇപ്പോൾ ഉള്ളത്. ജനോപകാരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് പ്രതിപക്ഷം നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളെ വഴിതെറ്റിക്കാൻ ബിജെപി നേതൃത്വം ശ്രമിക്കേണ്ട ആവശ്യമില്ല. സുരേന്ദ്രൻ പോലുള്ള ഒരാളുടെ കയ്യിൽ നിന്നും അതിനാവശ്യമായ മാർഗ്ഗനിർദ്ദേശം സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആവശ്യങ്ങൾക്ക് മാത്രം ആണ് ഞങ്ങൾ എതിർക്കുന്നത്. കോവിഡ് കണക്കിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്നതിന് വേണ്ടി ഞങ്ങൾ ശക്തമായി അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിലെ പാളിച്ചകൾ ഞങ്ങൾ പുറത്തു കൊണ്ടുവന്നു. തീര പ്രദേശത്തെ ജനങ്ങളുടെ സങ്കടങ്ങൾ ഞങ്ങൾ പുറത്തു കൊണ്ടുവന്നു.കുട്ടനാട് ജനതയുടെ പ്രയാസങ്ങൾ ഞങ്ങൾ പുറത്ത് കൊണ്ടുവന്നു.ജനങ്ങളോടൊപ്പം നിന്ന് പാർശ്വവൽക്കരിക്കപ്പെട്ട അരിക് ജീവിതം നയിക്കുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഉയർത്തി അവയ്ക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നു. സർക്കാർ തെറ്റ് ചെയ്താൽ ഇനിയും സർക്കാരിനെ ഞങ്ങൾ കൃത്യമായി ചോദ്യം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Related posts

Leave a Comment