സുരേന്ദ്രനെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു

തൃശൂര്‍ഃ കൊടകര കള്ളപ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു. പോലീസ് ക്ലബിലാണു ചോദ്യം ചെയ്യല്‍. രാവിലെ പതിനൊന്നിന് പോലീസ് ക്ലബിലെത്തിയ സുരേന്ദ്രനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണു ചോദ്യം ചെയ്തത്. കൊടകരയില്‍ ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ പിടികൂടിയ മൂന്നര കോടി രൂപ, ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കൊണ്ടുവന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഈ പണത്തെക്കുറിച്ച് സുരേന്ദ്രനു വ്യക്തമായ വിവരമുണ്ടെന്നും പോലീസ് വിശ്വസിക്കുന്നു.

കള്ളപ്പണം പിടികൂടിയ ദിവസം തന്നെ, പണം കൊണ്ടുവന്ന ധര്‍മരാജന്‍ സുരേന്ദ്രന്‍റെ മകന്‍ ഹരികൃഷ്ണനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇയാള്‍ സുരേന്ദ്രനുമായും പാര്‍ട്ടി സംസ്ഥാന ഓഫീസ് സെക്രട്ടറിയുമായും ബന്ധപ്പെട്ടതിനും പോലീസിനു തെളിവു ലഭിച്ചു. ഇതിനകം പതിനഞ്ച് ബിജെപി നേതാക്കളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്.

എന്നാല്‍ കൊടകരയിലെ പണവുമായി തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ലെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. തനിക്കെതിരേ പോലീസിന് ഒരു തെളിവും നിരത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ചേദ്യം ചെയ്യലിനു ശേഷം വിശദീകരിച്ചു.

Related posts

Leave a Comment