ലീ​ഗിനു പിന്നാലെ നടന്ന സിപിഎമ്മിനിപ്പോൾ പുളിക്കുന്നു: കെ. സുധാകരൻ


തിരുവനന്തപുരം: ശക്തമായ അഭിപ്രായ സ്വാതന്ത്ര്യവും നിലപാടുകളുമുള്ള രാഷ്‌ട്രീയ പാർട്ടിയാണു ഇന്ത്യൻ യൂണിയൻ മുസ്ലീം ലീ​ഗെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ലീ​ഗിനെ കൂടെക്കൂട്ടാൻ വെള്ളം വിഴുങ്ങി ന‍ടക്കുന്ന സിപിഎമ്മിന്റെ നാണംകെട്ട രാഷ്‌ട്രീയ നെറികേടാണ് ലീ​ഗിനെതിരായ വർ​ഗീയ ആരോപണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലീ​ഗ് വിരുദ്ധ പ്രസ്താവനകളോടു പ്രതികരിക്കുകയായിരുന്നു സുധാകരൻ.
സിപിഎമ്മിനെപ്പോലെ നാണവും മാനവും അന്തസുമില്ലാത്ത വേറൊരു പാർട്ടിയില്ല. യുഡിഎഫിലായിരുന്നപ്പോൾ കെ.എം. മാണിയെക്കുറച്ച് എന്തൊക്കെ ആക്ഷേപങ്ങളാണ് സിപിഎം ഉന്നയിച്ചത്. നിയമസഭയിൽ സ്പീക്കറുടെ മേശപ്പുറത്തു കയറിനിന്നാണ് ഇപ്പോഴത്തെ മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ളവർ മാണിയെ തെറി വിളിച്ചത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്നു വരെ ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷം മകനെ കൂട്ടുപിടിച്ച് മാണിയെ വെള്ളപൂശി, അധികാരത്തിലെത്താൻ കൂട്ടുപിടിച്ച പാർട്ടിയാണ് സിപിഎം. ഈ പൂതിയുമായി ഇപ്പോൾ ലീ​ഗിന്റെ പിന്നാലെ നടക്കുകയാണ് അവർ. എന്നാൽ, കേരള‌ രാഷ്‌ട്രീയത്തിലും പൊതു സമൂഹത്തിലും വ്യക്തമായ നിലപാടും അഭിപ്രായങ്ങളുമുള്ള ലീ​ഗ് അതിനു തയാറാതെ വന്നപ്പോളാണ് ലീ​ഗിനെ വർ​ഗീയ കക്ഷിയാക്കാനുള്ള ശ്രമം നടക്കുന്നത്. അതങ്ങ് എകെജി സെന്ററിൽ വച്ചാൽ മതി. ലീ​ഗ് കേരളത്തിലെ നിരപേക്ഷ നിലപാടുകളുള്ള രാഷ്‌ട്രീയ സംഘടനയാണെന്നും സുധാകരൻ വിശദീകരിച്ചു.
അവസരവാദ നിലപാടുകളാണ് എക്കാലത്തും സിപിഎം സ്വീകരിച്ചുപോന്നിട്ടുള്ളത്. അവസരത്തിനൊത്ത് ആരെയും കൂട്ടുപിടിക്കും. ലീ​ഗിന്റെ കാര്യത്തിൽ കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് സിപിഎം പറയുന്നത്. മുസ്ലിം ലീ​ഗിന്റെ മതനിരപേക്ഷ നിലപാടുകൾക്ക് സിപിഎമ്മിന്റെ സർ
ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സുധാകരൻ.
പാർട്ടിക്ക് അകത്തുള്ളവരാണെങ്കിൽ ആത്യന്തികമായി പാർട്ടിക്ക് വിധേയരാകേണ്ടി വരുമെന്നു കെ റെയിൽ പ്രക്ഷോഭത്തിൽ ശശി തരൂരിനു
സുധാകരൻ മുന്നറിയിപ്പ് നൽകി. കോൺഗ്രസിന്റെ വൃത്തത്തിൽ ഒതുങ്ങാത്ത ലോകം കണ്ട മനുഷ്യനാണ് ശശി തരൂർ. അപ്പോൾ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപാടുകൾ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല. പക്ഷേ, ആത്യന്തികമായി പാർട്ടി നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനും സാധിക്കണമെന്നാണ് അദ്ദേഹത്തിനോടു കോൺഗ്രസിന്റെ അഭ്യർത്ഥനയെന്നും സുധാകരൻ വ്യക്തമാക്കി. അതദ്ദേഹത്തെ നേരിട്ടു ബോധ്യപ്പെടുത്തുമെന്നും സുധാകരൻപറഞ്ഞു.

Related posts

Leave a Comment