കെ റെയിലിനെക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനാണെന്ന് കെ സുധാകരന്‍

കണ്ണൂര്‍: പ്രകൃതിയേയും ജനങ്ങളെയും ഒരുപോലെ ഗുരുതരമായി ബാധിക്കുന്ന കെ റെയില്‍ പദ്ധതിക്ക് പണം കണ്ടെത്തുന്നതിനെക്കാള്‍ സര്‍കാര്‍ മുന്‍ഗണന നല്‍കേണ്ടത് മുല്ലപ്പെരിയാറില്‍ ജനസുരക്ഷ മുന്‍ നിര്‍ത്തി പുതിയ ഡാം നിര്‍മിക്കുന്നതിനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ഇതിന് തമിഴ് നാടിന്റെ സഹകരണം ഉറപ്പാക്കണം. കേരള ജനതയുടെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള സംസ്ഥാന സര്‍കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലനില്‍പ് സംബന്ധിച്ച്‌ കേരളത്തിന് ആശങ്കയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ആശങ്ക പ്രകടിപ്പിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച്‌ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതിന് പകരം അണക്കെട്ടിന് ഭീഷണിയുര്‍ന്നാല്‍ നേരിടാനുള്ള തയാറെടുപ്പുകളാണ് കേരളം നടത്തേണ്ടത്. അതോടൊപ്പം പുതിയ ഡാമിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും വേണം. കേരളത്തിനു സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന് മുന്‍ യുഡിഎഫ് സര്‍കാര്‍ സ്വീകരിച്ച നിലപാടാണ് അഭികാമ്യമെന്നും സുധാകരന്‍ പറഞ്ഞു.

കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷവും ശക്തിപ്പെടുകയാണ്. ഡാമിന്റെ കാലപ്പഴക്കം, ബലക്ഷയം, ചോര്‍ച്ച എന്നിവ ഗുരുതരമായ വിഷയമാണ്. കാലവര്‍ഷക്കെടുതി നാം കണ്ടതും അനുഭവിച്ച്‌ അറിഞ്ഞതുമാണ്. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള ഏജന്‍സി തയാറാക്കിയ റിപോര്‍ടില്‍ ലോകത്ത് അപകടാവസ്ഥയിലുള്ള ആറുഡാമുകളില്‍ ഒന്ന് മുല്ലപ്പെരിയാറാണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതില്‍ നാലെണ്ണം ഡികമിഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.

പത്തുവര്‍ഷം മുമ്ബ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യ ചങ്ങല തീര്‍ക്കുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ഡാമിനെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നത് വങ്കത്തരമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്ന് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രടെറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായിരുന്നു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ മുന്‍ വൈദ്യുതമന്ത്രി എംഎം മണിയെപ്പോലുള്ള സിപിഎം നേതാക്കളാണ് മുല്ലപ്പെരിയാര്‍ പ്രദേശത്തെ ഭൂചലനങ്ങളെ തുടര്‍ന്ന് ഡാംമിന്റെ സുരക്ഷ സംബന്ധിച്ച പരിഭ്രാന്തി പടര്‍ത്താന്‍ മുന്നില്‍ നിന്നത്.

അനാവശ്യ ആശങ്കയും ഭയവും പടര്‍ത്തുന്നതിന് പകരം കാര്യക്ഷമമായ സര്‍കാര്‍ ഇടപെടലുകളാണ് ആവശ്യം. പുതിയ ഡാം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിലെ പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ അണക്കെട്ട് സംബന്ധിച്ച കേരളത്തിന്റെ പദ്ധതി റിപോര്‍ട് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment