ഇന്ത്യക്കാരെനാട്ടിലെത്തിക്കുന്നതിൽ കേന്ദ്ര സർക്കാരിന് ജാഗ്രതകുറവുണ്ടായതായി കെ.സുധാകരൻ

തിരുവനന്തപുരം: യുക്രൈയ്‌നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ ഇന്ത്യയിലെത്തിക്കാനുള്ള രക്ഷാദൗത്യം ഫലപ്രദമായി നിർവഹിക്കുന്നതിൽ കേന്ദ്രസർക്കാരിന് ജാഗ്രത കുറവുണ്ടായതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുദ്ധഭീഷണിയുണ്ടായിരുന്ന സമയത്ത് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ചവരുത്തി. ഇരുപതിനായിരത്തിൽപ്പരം ഇന്ത്യക്കാരാണ് യുക്രൈയ്‌നിലുള്ളത്. ഈ സാഹചര്യത്തിൽ യുക്രൈനിയിലെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള മലയാളികളുടെ വിവരശേഖരണത്തിന് കെപിസിസി ‘കേരളൈറ്റ്സ് ഇൻ ഉക്രൈയ്ൻ’ എന്ന ഗൂഗിൾ ഫോമിന് രൂപം നൽകിയിരുന്നു. ഇതിനകം 2400 ഓളം മലയാളി വിദ്യാർത്ഥികൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യുക്രൈയ്ൻ ഇന്ത്യൻ സ്ഥാനപതി പാർത്ഥ സത്പതിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മേഖലതിരിച്ചുള്ള സ്റ്റുഡന്റ് കോഡിനേറ്റർമാരെ തിരിച്ചറിയുകയും ഇന്ത്യൻ എംബസിവഴി നടത്തുന്ന ആശയവിനിമയം അവരെ കൃത്യമായി ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബങ്കറുകളിൽ ഉൾപ്പടെ അഭയം തേടിയ വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണം നടത്തി. കെപിസിസിയുടെ ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്ത 2400 വിദ്യാർത്ഥികളുമായി നേരിട്ട് ഇ മെയിൽ വഴി ആശയവിനിമയം നടത്തുകയും അവർ അനുഭവിക്കുന്ന ദുരിതം ചോദിച്ച് മനസിലാക്കുകയും ചെയ്തു. ഏതൊക്കെ മേഖലകളിലാണ് മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത് ഉൾപ്പടെയുള്ള സുപ്രധാന വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ പശ്ചിമമേഖലയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അതിർത്തി കടക്കുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങളും ഇന്ത്യൻ എംബസി വഴി നൽകിവരുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.

ബങ്കറുകളിൽ അഭയം തേടിയവർക്ക് കഴിക്കാൻ ഭക്ഷണമോ, കുടിക്കാൻ വെള്ളമോയില്ലാതെ പുറത്ത് ഇറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയെന്നാണ് തനിക്ക് അയച്ച സന്ദേശങ്ങളിലൂടെ മനസിലാക്കാൻ കഴിഞ്ഞതെന്ന് സുധാകരൻ പറഞ്ഞു.

Related posts

Leave a Comment