ആർഎസ്എസ് പിന്തുണയോടെ അധികാരത്തിൽ വന്ന പിണറായി വിജയന്റെ ഭരണം ജനജീവിതം താറുമാറാക്കിയിരിക്കുന്നു : കെ സുധാകരൻ

RSS പിന്തുണയുടെ ബലത്തിൽ സംസ്ഥാനത്ത് രണ്ടാമതും അധികാരത്തിൽ വന്ന പിണറായി വിജയൻ സമസ്ത വിഭാഗം ജനങ്ങളെയും ദുരിതത്തിലാഴ്ത്തി മുന്നോട്ടു പോകുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിൻ്റെയും സമാനതകളില്ലാത്ത കെടുകാര്യസ്ഥത ജനജീവിതം താറുമാറാക്കിയിരിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രണ്ടാം ലോക് ഡൗണിൽ മാത്രം 18 ലക്ഷം സാധുക്കളിൽ നിന്നും 125 കോടി രൂപ പിഴയായി പിഴിഞ്ഞെടുത്ത “പെറ്റി സർക്കാർ ” ആണിതെന്ന് വാർത്തകൾ വരുന്നു. വാക്സിൻ കിട്ടാതെ പാവപ്പെട്ട ജനം നെട്ടോട്ടമോടുമ്പോൾ 126 കോടി രൂപ മുടക്കി സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വാങ്ങി മറിച്ചുവിൽക്കാൻ പോകുന്നതും കേരളം ഞെട്ടലോടെയാണ് കണ്ടത്.

ഒടുവിലിതാ പിണറായി വിജയൻ്റെ മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് അഗതികൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷനും നിർത്തലാക്കിയിരിക്കുന്നു. എത്ര കൊടിയ അനീതിയാണിതെന്ന് ഓരോ മനുഷ്യസ്നേഹിയും ചിന്തിക്കണം. ചിലവ് കുറയ്ക്കാനാണെങ്കിൽ സർക്കാർ ധൂർത്ത് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.അല്ലാതെ ഏകദേശം 30000 ഉപഭോക്താക്കൾ ഉള്ള അഗതികളുടെ പെൻഷൻ കൊള്ളയടിക്കുകയല്ല വേണ്ടത്. 2016-ൽ ഉമ്മൻ ചാണ്ടി സർക്കാർ ആരോരുമില്ലാത്തവർക്ക് ഉറപ്പു വരുത്തിയ സാമൂഹിക സുരക്ഷാ പെൻഷനാണ് ഈ ജന വിരുദ്ധ സർക്കാർ നിർത്തലാക്കുന്നത്. UDF സർക്കാർ പെൻഷൻകുടിശ്ശിക വരുത്തിയിരുന്നുവെന്ന് കള്ളക്കഥയുണ്ടാക്കി നാടുനീളെ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച CPM ൻ്റെ ഇരട്ടത്താപ്പ് തിരിച്ചറിയാനുള്ള വിവേകം മലയാളികൾക്കുണ്ടാകണം.

മനുഷ്യരുടെ പ്രശ്നങ്ങൾ പിണറായി വിജയനെപ്പോലെ ക്രൂര മനസ്സുള്ള ഭരണാധികാരിയ്ക്ക് വിഷയമല്ലെന്ന് പല തവണ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഈ പാവങ്ങളുടെ ആകെയുള്ള വരുമാനത്തിൽ കൈയ്യിട്ട് വാരരുത് എന്ന് പറയാനുള്ള ബാധ്യത പൊതു സമൂഹത്തിനുണ്ട്. CPM ൽ മനുഷ്യരോട് ദയയും സഹാനുഭൂതിയും ഉള്ളവർ അവശേഷിക്കുന്നുണ്ടെങ്കിൽ കണ്ണടച്ചിട്ടാണെങ്കിലും പിണറായി വിജയൻ്റെ മുമ്പിൽ എണീറ്റ് നിന്ന് അദ്ദേഹത്തെ തിരുത്താനുള്ള ധൈര്യം കാണിക്കേണ്ടതുണ്ട്. പിണറായി വിജയൻ്റെ അടിമക്കൂട്ടം ആയി CPM അധ:പതിച്ചിട്ടില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനെങ്കിലും പെൻഷൻ റദ്ദാക്കരുതെന്ന് പിണറായി വിജയനോട് ആവശ്യപ്പെടാൻ അദ്ദേഹത്തിൻ്റെ പാർട്ടി തയ്യാറാകണം.

കൊറോണക്കാലത്ത് എന്ത് വൃത്തികേട് കാണിച്ചാലും ജനം തെരുവിലിറങ്ങില്ലെന്ന ധാരണയിൽ പാവങ്ങളെ ദ്രോഹിക്കാൻ ഇനിയും നിങ്ങൾ മുതിരരുത്. അങ്ങനൊരു ചിന്തയിൽ മനുഷ്യ വിരുദ്ധ സമീപനം തുടർന്നാൽ ഓർത്തോളൂ,
ജനപക്ഷത്ത് പ്രതിപക്ഷമുണ്ട്.വിലക്കുകളും വിലങ്ങുതടികളും മറികടന്ന് നിങ്ങളെ കൊണ്ട് നിങ്ങളുടെ ജന വിരുദ്ധ നയങ്ങൾ ഞങ്ങൾ തിരുത്തിച്ചിരിക്കും! ആരോരുമില്ലാത്ത പാവങ്ങളുടെ പെൻഷൻ പുന:സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തയ്യാറാകണമെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment