സുപ്രീംകോടതി വിധി സിപിഎം അക്രമരാഷ്ട്രീയത്തിനുള്ള താക്കീത്: കെ സുധാകരൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ  മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ പ്രതികളായ ആറുപേർ വിചാരണ നേരിടണം എന്നുള്ള സുപ്രീംകോടതിവിധി ജനാധിപത്യത്തിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്നതും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള താക്കീതുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. നിയമസഭയ്ക്ക് പുറത്ത് അക്രമം  നടന്നാൽ ക്രിമിനൽ കുറ്റവും നിയമസഭയ്ക്കകത്ത് നടന്നാൽ  നിയമസഭാ സാമാജികരുടെ പ്രിവിലേജും എന്ന എൽഡിഎഫിൻ്റെ  ന്യായമാണ് കോടതി ചവറ്റുകൊട്ടയിൽ തള്ളിയത്. സഭയിലെ അക്രമം സഭാ നടപടിയുടെ ഭാഗമായി കാണാനാവാത്തതിനാൽ കേസ് നിലനിൽക്കും എന്ന് അസന്ദിഗ്ധമായി കോടതി പ്രഖ്യാപിക്കുമ്പോൾ തോറ്റുപോകുന്നത് സർക്കാർ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തിനാണ് നിയമസഭ തല്ലിത്തകർത്തത് എന്ന് ചോദിച്ചാൽ കെ എം മാണിയെ പുറത്താക്കാനാണ് എന്നതാണ് ഒരു ശരാശരി സിപിഎമ്മുകാരന്റെ മറുപടി. പക്ഷേ ഇന്ന് കെ എം മാണിയുടെ പാർട്ടി എവിടെയാണ്? അപ്പോൾ എന്ത് പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെ പേരിലാണ് നിയമസഭ തകർത്തത്? ഒരു രാഷ്ട്രീയ പരിപാടിയും, പ്രത്യയശാസ്ത്രവും ഇല്ലാത്ത ജീർണിച്ച മുന്നണിയായി എൽഡിഎഫ് മാറി.  
നിലവിൽ മന്ത്രിസഭയിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിചാരണ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ  മന്ത്രിസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് യാതൊരു അർഹതയുമില്ല. ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കുന്ന മന്ത്രിയെ നോക്കി കേരളത്തിലെ മുഴുവൻ വിദ്യാർഥികളും ലജ്ജിച്ച് തലതാഴ്ത്തുമെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
 നിയമസഭാ കയ്യാങ്കളി കേസിൽ കോടതിയുടെ ഇടപെടൽ നീതിപൂർവമായിരുന്നില്ലെങ്കിൽ ജനപ്രതിനിധികൾ എന്ന നിലയിൽ തലയുയർത്തിപിടിച്ച് വരുംതലമുറയോട് നമുക്ക് സംവദിക്കാൻ കഴിയാതെ പോയേനേ. നീതിന്യായ വ്യവസ്ഥിതി ജനാധിപത്യത്തിൻ്റെ മൂല്യശോഷണം തടയാൻ മുന്നിൽ നിൽക്കുമ്പോൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംശയലേശമന്യേ കുറ്റാരോപിതൻ ആയി നിൽക്കുന്ന മന്ത്രി ശിവൻകുട്ടിയെ പുറത്താക്കാനുള്ള ആർജ്ജവം പിണറായി വിജയൻ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment