ആറ് മാസത്തിനുളളിൽ കോൺഗ്രസ് അടിമുടി മാറും ; ഓരോ ജില്ലയിലും 2500 കേഡർമാരെ തെരഞ്ഞെടുക്കും

കണ്ണൂർ : ആറ് മാസത്തിനുളളിൽ കോൺഗ്രസ് അടിമുടി മാറുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഓരോ ജില്ലയിലും 2500 കേഡർമാരെ തെരഞ്ഞെടുക്കും. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യമെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂർ ഡിസിസി അധ്യക്ഷനായി അഡ്വ. മാർട്ടിൻ ജോർജ്ജ് ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽ അടിമുടി മാറ്റമാണ് ഉദ്ദേശിക്കുന്നത്. അത് ആറ് മാസത്തിനുള്ളിൽ പ്രകടമാകുമെന്ന് കെ സുധാകരൻ എംപി പറഞ്ഞു.ഓരോ ജില്ലയിലും കേഡർമാരെ തെരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്യും. കേഡർമാർക്ക് ബൂത്തുകളുടെ ചുമതല നൽകുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

പാർട്ടിക്ക് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളെ പൂർണമായും പാർട്ടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടു വരും. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യമാണെന്നും അതിലൂടെ പുതിയ മുഖങ്ങൾ കടന്നുവരുമെന്നും കെ സുധാകരൻ എംപി അഭിപ്രായപ്പെട്ടു.

സ്ഥാനമൊഴിഞ്ഞ സതീശൻ പാച്ചേനി അഡ്വ. മാർട്ടിൻ ജോർജിന് ഡിസിസി അധ്യക്ഷന്‍റെ ചുമതല കൈമാറി. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Comment