പ്രധാനമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ: കെ. സുധാകരന്‍

തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണം നേരിടുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന നാണംകെട്ട അവസ്ഥയിലാണ് നരേന്ദ്രമോദിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തലയില്‍ തുണിയിട്ടുകൊണ്ട് മാത്രമേ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇനി ജനങ്ങളെ അഭിമുഖീകരിക്കാനാവൂ.

രാജ്യസുരക്ഷ അടിയറവ് വയ്ക്കുന്നതും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്കുന്ന സ്വകാര്യതയെ പിച്ചിച്ചീന്തുന്നതുമായ ഫോണ്‍ ചോര്‍ത്തലിന് നേതൃത്വം കൊടുത്ത ആഭ്യന്തര മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജവമെങ്കിലും പ്രധാനമന്ത്രി കാണിക്കണം. ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേഴ്വിപോലുമില്ലാത്ത അതീവ ഗുരുതരമായ വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ധസമിതിയുടെ അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ഒരു വിശദീകരണം പോലും നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. പാര്‍ലമെന്റ് ആഴ്ചകളോളം സ്തംഭിച്ചിട്ടും സര്‍ക്കാരിന് ഒന്നും പറയാനുണ്ടായിരുന്നില്ല. പാര്‍ലമെന്റിലോ പുറത്തോ പെഗാസസ് ഇടപാടിനെക്കുറിച്ച് ഒരക്ഷരം പറയാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയാതെ വന്നപ്പോള്‍ തന്നെ അവര്‍ തികഞ്ഞ പ്രതിരോധത്തിലാണെന്നു വ്യക്തമായിരുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മറ്റുപത്രിപക്ഷ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും സുരക്ഷാ സേനകളുടെ മുന്‍തലവന്‍മാരുടെയും ഉള്‍പ്പെടെ ഫോണ്‍ വിവരങ്ങള്‍ ഇസ്രയേലി സോഫ്റ്റവെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ടാണ് എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തിലേറിയത്. യഥാര്‍ത്ഥ ജനവിധിക്കു പകരം ഫോണ്‍ ചോര്‍ത്തി കൃത്രിമമായി ഉണ്ടാക്കിയ ജനവിധിയാണ് മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.

ഇന്ത്യ ഏറെ നാള്‍ അകറ്റി നിര്‍ത്തിയിയിരുന്ന ഇസ്രയേലിന് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ് ചുവന്ന പരവതാനി വിരിച്ചു കൊടുത്തത്. ഇസ്രയേലിന്റെ സയണിസവും നരേന്ദ്ര മോദിയുടെ ഹിന്ദുവതയും കൈകോര്‍ക്കുകയാണു ചെയ്തത്. 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. തുടര്‍ന്ന് 2018ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. തുടര്‍ന്ന് നികുതിദായകന്റെ ആയിരം കോടി ചെലവിട്ടാണ് പൗരന്‍മാരുടെ രഹസ്യം ചോര്‍ത്താന്‍ പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയത്. സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിലൂടെ ഇതിന് പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും വിദഗ്ധ സമിതിയുടെ അന്വേഷണം അതിനു സഹായകരമാകുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment