കൂറ്റൻ പദ്ധതികളല്ല ഇന്ധനവിലയിൽ ഇളവാണ് വേണ്ടത് ; കെ സുധാകരൻ

തിരുവനന്തപുരം: സഹ്രസകോടികൾ കടമെടുത്തുള്ള കെ റെയിൽ പദ്ധതികളല്ല മറിച്ച് അതിരൂക്ഷമായ ഇന്ധനവിലയിൽ ഇളവാണ് കേരള ജനത സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.ഇന്ധനവില വർധനവിനെതിരെയും നികുതി കുറയ്ക്കാൻ തയ്യാറാക്കാത്ത എൽഡിഎഫ് സർക്കാരിനെതിരെയും കോൺഗ്രസ് ജില്ലകളിൽ നടത്തിയ ചക്രസ്തംഭന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ നിർവഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സഖാക്കൾ ചെങ്കൊടി പിടിക്കാതെ തന്നെ ഉമ്മൻചാണ്ടി സർക്കാർ നാലുതവണ ഇന്ധനവിലയിൽ ഇളവ് നൽകിയ കാര്യം പിണറായി സർക്കാർ കണ്ണുതുറന്ന് കാണണം. അതുകൊണ്ട് ഇന്ധനവില കുറയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനുള്ള ധാർമികാവകാശം കോൺഗ്രസിനുണ്ട്.തൊഴിലാളി താൽപ്പര്യം വിൽപ്പനച്ചരക്കാക്കിയ സിപിഎം സംസ്ഥാന സർക്കാരിനോട് പറയുന്നത് ഇന്ധനവില കുറയ്ക്കണ്ടെന്നാണ്. വിവേകമുള്ള നേതാക്കൾ ഇപ്പോഴും സിപിഎമ്മിലുണ്ടെങ്കിൽ മുഖ്യമന്ത്രിയേയും സർക്കാരിനെയും സിപിഎം നേതൃത്വത്തേയും തിരുത്താൻ തയ്യാറാകണം.
അഗോളവിപണിയിൽ ഇന്ധനവില കുറയുന്നതിന് ആനുപാതികമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ല. ജനത്തിന്റെ ദുരിതവും പ്രയാസവും കഷ്ടപ്പാടും കണ്ടില്ലെന്ന് നടിക്കുകയാണ് മോദി പിണറായി സർക്കാരുകൾ. കോവിഡ് പ്രതിസന്ധി മൂലം വരുമാനം ഇല്ലാതെ ജനം പട്ടിണികിടക്കുകയാണ്. കടം വാങ്ങിയ തുക തിരികെ അടയ്ക്കാൻ കഴിയാതെയും ജീവിക്കാൻ വകയില്ലാതെയും നിരവധിപേരാണ് ആത്മഹത്യ ചെയ്തത്. ഇന്ധനവില വർധനവിനെ തുടർന്ന് ജനങ്ങൾക്ക് നിത്യനിദാന ചെലവിന് കാശില്ലാതെയായി. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങൾക്ക് വില വർധിക്കുന്നു. യാത്രക്കൂലിക്ക് പോലും കാശില്ല.ഇന്ധനം അടിക്കാൻ കാശില്ലാത്തിനാൽ ജനം വാഹനങ്ങൾ വീട്ടിൽ വെറുതെ ഇട്ടിരിക്കുകയാണ്.ഇതെല്ലാം കണ്ടിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും മനുഷ്യത്വപരമായ നടപടി ഉണ്ടാകുന്നില്ല.
ജനങ്ങളോട് പ്രതിബദ്ധതയുള്ള ഉത്തരവാദിത്തപ്പെട്ട പാർട്ടിയായ കോൺഗ്രസിന് ഇതെല്ലാം കണ്ടിട്ട് വെറുതെയിരിക്കാൻ സാധ്യമല്ല.ജനങ്ങളെ ബുദ്ധുമുട്ടിക്കാനോ പൊതുമുതൽ നശിപ്പിക്കാനോ അല്ല കോൺഗ്രസ് സമരം നടത്തുന്നത് മറിച്ച് ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടിയാണ്. സർക്കാരുകളിൽ നിന്ന് ആശ്വാസം പകരുന്ന നടപടികൾക്ക് വേണ്ടിയാണ് കോൺഗ്രസ് സമരമുഖത്ത് ഇറങ്ങിയത്. കോൺഗ്രസിന്റെ സമരത്തെ അവഗണിക്കാനാണ് ഭാവമെങ്കിൽ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ പ്രതിഷേധം വ്യാപിപ്പിക്കും. ജനത്തിന്റെ ശബ്ദം അധികാര കേന്ദ്രങ്ങളിലെത്തിക്കാനാണ് കോൺഗ്രസ് സമരം നടത്തുന്നത്. അതിന് പൊതുജനത്തിന്റെ പിന്തുണ ഉണ്ടെന്നും സുധാകാരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും അനാവശ്യ ധൂർത്താണ് ഖജനാവിന്റെ കടബാധ്യത പെരുകാനിടയായത്. സംസ്ഥാനത്തിന്റെ പൊതുകടം നാലു ലക്ഷം കോടിക്ക് മുകളിലായി. രണ്ടുലക്ഷം കോടി രൂപയാണ് ഒന്നും രണ്ടും പിണറായി സർക്കാർ ഇതുവരെ കടമെടുത്തത്. ഇന്ധന നികുതിയിനത്തിൽ 18000 കോടിയാണ് സംസ്ഥാന ഖജനാവിൽ ഒഴികിയെത്തിയത്. എന്നിട്ടും ഇന്ധന നികുതി ഇളവ് നൽകി അൽപ്പം ആശ്വാസം ജനത്തിന് നൽകാൻ മുഖ്യമന്ത്രി തയ്യാറല്ല. കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്നാണ് ഇന്ധന നികുതിയിൽ നേരിയ ആശ്വാസം നൽകാൻ മോദിസർക്കാർ നിർബന്ധിതമായത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവലി കുറയ്ക്കാൻ എഐസിസി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

Related posts

Leave a Comment