കെപിസിസി പ്രസിഡന്റിനെതിരായ നീക്കം ചെറുക്കും : പി ടി തോമസ്

കൊച്ചി :- മോൻസൺ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം നീക്കത്തെ രാഷ്ട്രീയമായി ചെറുത്തു തോൽപ്പിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു. കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഈ സംഭവത്തിൽ പൊലീസ് പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്.മോൺസൺ ഡോക്ടർ ആണെന്ന ധാരണയിൽ പ്രസ്തുത സ്ഥാപനം താൻ സന്ദർശിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ കെ പി സി സി പ്രസിഡന്റിനെതിരെ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രിയുടെ ഓഫീസ് മെനയുന്ന തിരക്കഥയുടെ ഭാഗമാണെന്ന് പിടി തോമസ് അഭിപ്രായപ്പെട്ടു.

ലോക്നാഥ് ബെഹ്‌റ ഡിജിപി ആയതു മുതലുള്ള പൊലീസിന്റെ പ്രവർത്തനം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന കുപ്രസിദ്ധമായ നിരവധി സംഭവങ്ങൾ താരതമ്യേന ജൂനിയർ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിച്ച് ക്ലീൻ ചീട്ട് വാങ്ങുന്ന നടപടികളാണ് പിണറായി സർക്കാരിൽ നടക്കുന്നത്. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തെ സംശയകരമായ എല്ലാ ഇടപാടുകളും ജുഡീഷ്യറിയുടെ മേൽനോട്ടത്തിലോ ജുഡീഷ്യൽ കമ്മീഷനോ അന്വേഷിക്കണം.ബെഹ്റയെ മെട്രോയുടെ ചുമതലകളിൽ നിന്നും മാറ്റി നിർത്തണം. ആഭ്യന്തര വകുപ്പാണ് മോൺസൺ സംഭവത്തിലെ മുഖ്യകൂട്ടാളിയെന്ന് പി ടി ചൂണ്ടിക്കാട്ടി.കുപ്രസിദ്ധങ്ങളായ തട്ടിപ്പുകേസുകളുടെ കാവലാളായി കേരളത്തിലെ ചില ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്മാർ നിരന്തരമായി കടന്നുവരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം.നൂറ്റായമ്പത്തിയൊന്നു കോടിയിലധികം വരുന്ന പോലീസ് നവീകരണ പ്രവർത്തനങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ച് സി ആന്റ് എ ജി തന്നെ ചൂണ്ടിക്കാണിച്ചിട്ടും നടപടികൾ എടുക്കാതിരുന്നത് ബെഹ്‌റ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തൻ ആയതിനാലാണ്.

ഗ്ലോബൽ സംഘടനയുടെ വനിതാ നേതാവിന്റെ വെളിപ്പെടുത്തൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ്. നിരവധി വർഷങ്ങളായി കൊച്ചിയുടെ ഹൃദയഭാഗത്ത് നടന്ന കേരളത്തെ പിടിച്ചുകുലുക്കിയ ഈ തട്ടിപ്പുകൾ പൊലീസിന്റെ മൗനാനുവാദത്തോടെ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈക്കാര്യത്തിൽ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം ഉണ്ടാകണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു.

Related posts

Leave a Comment