‘ആൾക്കൂട്ടവും അതിന്റെ നിലയ്ക്കാത്ത ആരവവുമാണ് ഉമ്മൻ‌ചാണ്ടി’ ; കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ലേഖനം വായിക്കാം

ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ വിപുലമായ ആഘോഷം കേരളം കണ്ടു. കോണ്‍ഗ്രസിനും കേരളത്തിനും ഇത് അഭിമാനനിമിഷം. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ പോലും ഇത്തരമൊരു നേട്ടം കൈവരിച്ച മറ്റൊരാളില്ല.

പാലായില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയാണ് 50 വര്‍ഷം പൂര്‍ത്തിയാക്കിയ കേരളത്തില്‍ നിന്നുള്ള മറ്റൊരു നേതാവ്. ഡിഎംകെ നേതാവ് എം കരുണാനിധി, മഹാരാഷ്ട്രയില്‍ നിന്ന് പെസന്റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് ഗണപതറാവു ദേശ്മുഖ് തുടങ്ങിയ ഏതാനും പേര്‍ മാത്രമാണ് നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിവര്‍.

11 തവണ തുടര്‍ച്ചയായ ജയം നല്കിയ മണ്ഡലത്തോടുള്ള ഹൃദയബന്ധത്തിന്റെ പ്രതിഫലനമാണ് തിരുവനന്തപുരത്ത് ജഗതിയിലെ സ്വന്തം വീടിന് ഇട്ടിരിക്കുന്ന ‘പുതുപ്പള്ളി ഹൗസ്’ എന്ന പേര്. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ! പൊതുജനസേവനത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അവാര്‍ഡ് നേടിയ രാജ്യത്തെ ഏക മുഖ്യമന്ത്രി!!
ആള്‍ക്കൂട്ടം
ഉമ്മന്‍ ചാണ്ടി എവിടെങ്കിലും വരുന്നു എന്നു പറഞ്ഞാല്‍ അതു വെറുമൊരു വരവല്ല. ഒരാള്‍ക്കൂട്ടവുമായാണ് ആ വരവ്. അതിന്റെ നടുക്ക് അലക്ഷ്യമായി കോന്തിയിട്ട സമൃദ്ധമായ മുടിയും ചിലപ്പോള്‍ കീറലുള്ള ഷര്‍ട്ടും ധരിച്ച് പലപ്പോഴും കാളുന്ന വയറോടെ അതിവേഗതയില്‍ വരുന്ന ഉന്നതശീര്‍ഷനായ ഉമ്മന്‍ ചാണ്ടിയെ ആണ് ആളുകള്‍ക്ക് സുപരിചിതം. ശരീരഭാഷയില്‍ തന്നെ ഒരു നേതാവിന്റെ എല്ലാ ലക്ഷണങ്ങളും ഉമ്മന്‍ ചാണ്ടിയിലുണ്ട്. ആളുകളെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ കഴിയുന്ന കാന്തശക്തി, എല്ലാവരോടും സമഭാവനയോടെ പെരുമാറാനുള്ള ആര്‍ജവം, ആളുകളെ ഓര്‍ത്തിരിക്കാനുള്ള അപാരമായ കഴിവ്, ഒരു പൂവു ചോദിച്ചാല്‍ പൂന്തോട്ടം കൊടുക്കാനുള്ള സന്നദ്ധത, മറ്റുള്ളവരുടെ സുഖദുഃഖങ്ങളില്‍ അലിഞ്ഞു ചേരാനുള്ള മനഃസ്ഥിതി തുടങ്ങി ഏത് അളവുകോലെടുത്താലും പത്തില്‍ പത്താണ് ഉമ്മന്‍ ചാണ്ടി എന്ന നേതാവിന് ഞാന്‍ നല്കുന്ന മാര്‍ക്ക്.

ഇത്രയും കഠിനാധ്വാനിയായ ഒരു പൊതുപ്രവര്‍ത്തകനെ ഞാന്‍ കണ്ടിട്ടില്ല എന്നു തന്നെ പറയും. ആളുകള്‍ തിരമാല പോലെ ഉമ്മന്‍ ചാണ്ടിയുടെ അടുത്തുവരുകയും അവരെ അദ്ദേഹം ചേര്‍ത്തുപിടിക്കുകയും സാധ്യമായവ അതിവേഗം ചെയ്തു കൊടുക്കുകയും ചെയ്യുന്ന കാഴ്ച കേരളത്തിനു സുപരിചിതമാണ്. ആള്‍ക്കൂട്ടമില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയില്ല. വെള്ളത്തില്‍ കിടക്കുന്ന മത്സ്യത്തെ കരയിലിട്ടാല്‍ അതു കിടന്നുപിടക്കുന്നതുപോലെ ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തില്‍ നിന്നു മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ ശ്വാസം നിലയ്ക്കും. ആളുകളെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ അത്ഭുത സിദ്ധി പൊതുപ്രവര്‍ത്തകരെല്ലാം കണ്ടുപഠിക്കേണ്ടതാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും ഉമ്മന്‍ ചാണ്ടി ആയിരംവട്ടമെങ്കിലും എത്തിയിട്ടുണ്ട്. ഇതുപോലെ യാത്ര ചെയ്യുന്ന മറ്റൊരു പൊതുപ്രവര്‍ത്തകന്‍ ഇല്ലെന്നു തന്നെ പറയാം.
ഇടിമുഴക്കം
‘വര്‍ഷം പത്തുകഴിഞ്ഞോട്ടെ, പിള്ളേരൊന്നു വളര്‍ന്നോട്ടെ, ഇഎംഎസിനെ ഈയംപോലെ ഇല്ലത്തേക്കു പറപ്പിക്കും…” 1967ല്‍ കെഎസ് യുക്കാര്‍ മുഴക്കിയ ഈ മുദ്രാവാക്യം ഇപ്പോള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. അന്ന് കെഎസ്‌യു പ്രസിഡന്റായിരുന്ന ഉമ്മന്‍ ചാണ്ടിയും പിള്ളേരും വിളിച്ച മുദ്രാവാക്യമാണിത്. എകെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി എന്നീവർ അന്ന് ഇടിമുഴക്കം പോലെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഒരണ സമരം, മുരളി സമരം തുടങ്ങിയ സമരമുഖങ്ങള്‍ തുറന്നും ഓണത്തിനൊരു പറ നെല്ല് പോലുള്ള ക്രിയാത്മക പരിപാടികളില്‍ ഏര്‍പ്പെട്ടും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനം ജനമനസുകളിലേക്ക് ഇരമ്പിക്കയറി.

മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, എസി ഷണ്മുഖദാസ്, കൊട്ടറ ഗോപാലകൃഷ്ണന്‍, എന്‍ രാമകൃഷ്ണന്‍, കെ. രാഘവന്‍ മാസ്റ്റര്‍, എംവി രാജന്‍ മാസ്റ്റര്‍ എന്നീ യുവനിര 1970ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേരള നിയമസഭയിലെത്തി. കോണ്‍ഗ്രസിന് വിജയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളിലാണ് ഈ യുവനിര തേരോട്ടം നടത്തിയത്. വയലാര്‍ രവി പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു വര്‍ഷംകൊണ്ട് ഇഎംഎസിനെ ഇല്ലത്തേക്കു പറപ്പിച്ച് തങ്ങള്‍ വിളിച്ച മുദ്രാവാക്യം കെഎസ്‌യുക്കാര്‍ അന്വര്‍ത്ഥമാക്കി പത്താംവര്‍ഷം കെ കരുണാകരന്റെ നേതൃത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി. ഉമ്മന്‍ ചാണ്ടി തൊഴില്‍ -ഭവനനിര്‍മാണ വകുപ്പ് മന്ത്രിയായി.

നിര്‍ഭാഗ്യവശാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ കരുണാകരന്‍ രാജിവയ്ക്കുകയും തുടര്‍ന്ന് എകെ ആന്റണി മുഖ്യമന്ത്രിയാകുകയും ചെയ്തു. മന്ത്രിമാര്‍ക്ക് മാറ്റം ഉണ്ടായില്ല. ആന്റണി മന്ത്രിസഭ നടപ്പാക്കിയ തൊഴിലില്ലായ്മ വേതനം ഉമ്മന്‍ ചാണ്ടിയെന്ന തൊഴില്‍ മന്ത്രിയിലൂടെ യാഥാര്‍ത്ഥ്യമായപ്പോള്‍ അതു രാജ്യത്തിനു പുതിയ മാതൃക സൃഷ്ടിച്ചു. തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ കോളനി നിവാസികള്‍ക്കായി നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയം ശ്രദ്ധേയമായ പദ്ധതിയായിരുന്നു.

1980ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടി ആഭ്യന്തരം മന്ത്രിയായിരുന്നപ്പോഴാണ് പോലീസിന്റെ യൂണിഫോമില്‍ സമൂല മാറ്റം കൊണ്ടുവന്നത്. 1991ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. ഇതിനു മുമ്പ് രണ്ടു തവണയെങ്കിലും അദ്ദേഹം മന്ത്രിസഭയില്‍ ചേരാതെ മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞു നിന്നു. രണ്ടു തവണ യുഡിഎഫ് കണ്‍വീനറായി മുന്നണി ബന്ധം സുദൃഢമാക്കി. കോണ്‍ഗ്രസിന്റെയും കേരള രാഷ്ട്രീയത്തിന്റെയും കഴിഞ്ഞ അരനൂറ്റാണ്ടിലെ ഗതിവിഗതികള്‍ നിയന്ത്രിച്ചതില്‍ ഉമ്മന്‍ ചാണ്ടിക്ക് സുപ്രധാന പങ്കുണ്ട്. അദ്ദേഹത്തിന് സ്വന്തം പേരിലൊരു ഗ്രൂപ്പില്ലെങ്കിലും ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന അദ്ദേഹം കോണ്‍ഗ്രസിന്റെ വിശാല താത്പര്യങ്ങള്‍ക്കാണ് പ്രഥമസ്ഥാനം നല്കുന്നത്. കെ കരുണാകരനും എകെ ആന്റണിയും തങ്ങളുടെ പ്രവര്‍ത്തന മേഖല ഇടയ്ക്ക് ഡല്‍ഹിയിലേക്കു പറിച്ചുനട്ടെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് കേരളം വിട്ടൊരു കളിയില്ല. പുതപ്പള്ളി വിട്ട് മറ്റൊരു ഇടവുമില്ല.

പുതുപ്പള്ളി
ഒരു മണ്ഡലവുമായും അവിടത്തെ ജനങ്ങളുമായും ഇത്രയധികം വൈകാരിക ബന്ധം സൃഷ്ടിച്ചെടുക്കാന്‍ മറ്റൊരു ജനപ്രതിനിധിക്കും സാധിച്ചിട്ടില്ല. പുതുപ്പള്ളിയിലെ കരോട്ടു വള്ളക്കാലില്‍ കുടുംബവീട്ടില്‍ അര നൂറ്റാണ്ടായി നടക്കുന്ന ഞായറാഴ്ച ദര്‍ബാറിന് ആളുകള്‍ ചെറുപൂരംപോലെ എത്തുന്നതു കാണേണ്ട കാഴ്ച തന്നെ. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ആള്‍ക്കൂട്ടത്തിനു മാത്രം കുറവില്ല.

1970ല്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കുമ്പോള്‍ അത് ഒട്ടും കോണ്‍ഗ്രസ് അനുകൂല മണ്ഡലം ആയിരുന്നില്ല. ഇടതുപക്ഷ സിറ്റിംഗ് എംഎല്‍എ ഇഎം ജോര്‍ജായിരുന്നു പ്രധാന എതിരാളി. രണ്ടാം സ്ഥാനത്തു വന്നാല്‍ അതു ജയമായി കരുതും എന്നു പറഞ്ഞാണ് സമുന്നതനായ കോണ്‍ഗ്രസ് നേതാവ് കെഎം ചാണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമ്മന്‍ ചാണ്ടിക്ക് ടിക്കറ്റ് നല്കിയത്. കന്നി മത്സരത്തില്‍ 7288 വോട്ടിനു ജയിച്ച ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിക്കുകയും പിന്നീടുള്ള ഓരോ മത്സരത്തിലും ലീഡ് വര്‍ധിപ്പിക്കുകയും ചെയ്തു.

മണ്ഡലത്തിലെ കല്യാണം, മാമ്മോദീസ, മരിച്ചടക്ക്, പാലുകാച്ച് തുടങ്ങി എല്ലാ പരിപാടികളിലും എംഎല്‍എ പങ്കെടുക്കുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് ഉമ്മന്‍ ചാണ്ടി തുടക്കമിട്ടു. പാര്‍ട്ടി പരിഗണനയ്ക്ക് ഉപരി വ്യക്തിബന്ധത്തിന് പ്രാധാന്യം നല്കി. മണ്ഡലത്തിലെ ഓരോ വ്യക്തിയേയും പേരെടുത്തു വിളിക്കാവുന്ന രീതിയിലേക്ക് ബന്ധങ്ങള്‍ വളര്‍ന്നു. ഇടതുപക്ഷം ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടിക്കാരും ഈ രാഷ്ട്രീയ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതരായി. മണ്ഡലത്തില്‍ നിറഞ്ഞു നില്ക്കുന്ന ജനപ്രതിനിധികളെയാണ് ഇന്നു നാം കാണുന്നത്.
ഭരണനൈപുണ്യം
അഞ്ചു വര്‍ഷം പിന്നിലുള്ള സെക്രട്ടേറിയറ്റ് ദൃശ്യങ്ങള്‍ ഗൃഹാതുരത്വത്തോടെ ഓര്‍മിയില്‍ കാത്തു സൂക്ഷിക്കുന്നവര്‍ ഉണ്ടാകും. തുറന്നു കിടന്ന സെക്രട്ടേറിയറ്റ് കവാടത്തിലൂടെ രാപകലില്ലാതെ ജനങ്ങള്‍ ഒരു മുഖ്യമന്ത്രിയെ കാണാന്‍ വന്ന നാളുകള്‍. ആരും അവരെ തടയുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരിസരവും തേനിച്ചക്കൂടുപോലെ ജനനിബിഡമായിരുന്നു. എന്നാല്‍ ഇന്നോ, സെക്രട്ടേറിയറ്റിന്റെ കവാടങ്ങള്‍ പൂട്ടി തോക്കേന്തിയ പട്ടാളക്കാര്‍ കാവല്‍ നിലക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഈച്ചപോലും കടക്കാതെ പഴുതടച്ച സുരക്ഷയ്ക്കിടയില്‍ കോട്ടും സ്യൂട്ടുമിട്ട ചിലര്‍ക്കു മാത്രമാണ് അവിടേക്കു പ്രവേശനം. ജനങ്ങളുടെ ഇടയില്‍ ജീവിച്ച ഒരു മുഖ്യമന്ത്രിയും ജനങ്ങളെ അകറ്റി നിര്‍ത്തുന്ന മുഖ്യമന്ത്രിയും തമ്മിലുള്ള അന്തരം ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഭരണനൈപുണ്യത്തിന്റ കാര്യത്തില്‍ അഗ്രഗണ്യരാണ്. അതിവേഗം തീരുമാനം എടുക്കുവാനും അതില്‍ ഉറച്ചു നില്ക്കാനും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അവയെ ഭ്രമണപഥത്തില്‍ എത്തിക്കാനും അവര്‍ക്കേ സാധിച്ചിട്ടുള്ളു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോ കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച മുഖ്യമന്ത്രിമാര്‍ക്കോ മാത്രമേ എടുത്തുപറയാവുന്ന ഭരണനേട്ടങ്ങളുള്ളു. 2004ല്‍ രണ്ടു വര്‍ഷത്തില്‍ താഴെയും 2011ല്‍ 5 വര്‍ഷവും മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി കേരള ചരിത്രത്തില്‍ മായാതെ നില്ക്കാന്‍ പോകുന്നത് അദ്ദേഹം കൈവരിച്ച ഭരണനേട്ടങ്ങളുടെ പേരിലായിരിക്കും. കേരളത്തിന് വന്‍കിട പദ്ധതികളെന്നു പറയാന്‍ ഉണ്ടായിരുന്നത് ഇടുക്കി ഡാമും നെടുമ്പാശേരി വിമാനത്താവളവും മാത്രമായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്കിയത് കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ വികസനസ്തംഭങ്ങളാണ്. അദ്ദേഹം തുടക്കമിട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യുഡിഎഫ് സര്‍ക്കാരിയിരുന്നെങ്കില്‍ ഇപ്പോള്‍ പണ്ടേക്കു പണ്ടേ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമായിരുന്നു. ഇടതു സര്‍ക്കാരിന് ഇതുപോലെ ഏന്തെങ്കിലും ഒരു ഭരണ നേട്ടമെങ്കിലും ഉണ്ടോയെന്ന് ജനങ്ങള്‍ ചോദിക്കുകയാണിപ്പോള്‍.

കരുതല്‍ മാഹാത്മ്യം
വികസനവും കരുതലും കൈകോര്‍ത്ത ഭരണമാണ് ഉമ്മന്‍ ചാണ്ടി കാഴ്ചവച്ചത്. ഉമ്മന്‍ ചാണ്ടി രണ്ടു തവണ മുഖ്യമന്ത്രിയായപ്പോള്‍ 4 തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടി ആഗോളതലത്തില്‍ ശ്രദ്ധപിടിച്ചു പറ്റിയതാണ്. അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ 11.45 ലക്ഷം പേരെയാണ് മുഖാമുഖം കണ്ടത്. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജില്ലാ ആസ്ഥാനങ്ങളില്‍ പതിനായിരക്കണക്കിന് പാവപ്പെട്ടവരെയും നിസഹായരേയും സഹായിക്കാന്‍ പതിനെട്ടു മണിക്കൂറൊക്കെയാണ് നിന്ന നില്പില്‍ ജലപാനം പോലും മാറ്റിവച്ച് അദ്ദേഹം ചെലവഴിച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ ആവലാതികളും പ്രശ്‌നങ്ങളുമാണ് ഉമ്മന്‍ ചാണ്ടിയുടെ കയ്യൊപ്പിലൂടെ പരിഹരിക്കപ്പെട്ടത്. അദ്ദേഹം മാത്രമല്ല കോണ്‍ഗ്രസും അവരുടെയെല്ലാം ഹൃദയത്തിലേക്കാണ് ഓടിക്കയറിയത്.

മറ്റു സംസ്ഥാനങ്ങളിലെ ചില മുഖ്യമന്ത്രിമാര്‍ ഇങ്ങനെയൊരു പരിപാടി നടത്താന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടു. ലോകമെമ്പാടുമുള്ള ഭരണകര്‍ത്താക്കള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണിത് എന്നു പറഞ്ഞാണ് ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സംഘടന അവാര്‍ഡ് നല്കിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് നേടിയ ഏക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് എന്നതില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാം. ഐക്യരാഷ്ട്രസംഘനടയുടെ പുരസ്‌കാരവും നേടി തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ കേരളം ഒന്നടങ്കം സ്വീകരിക്കാന്‍ കാത്തിരുന്നപ്പോള്‍ ഇടതുപക്ഷം കറുത്ത കൊടിയും കല്ലും വടിയുമായിട്ടാണ് എത്തിയത്. ഇത്രയും നെറികെട്ട രാഷ്ട്രീയം കളിക്കാന്‍ കേരളത്തിലെ സിപിഎമ്മിനു മാത്രമേ കഴിയൂ.

ഗുരുതര രോഗം ബാധിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന കാരുണ്യ പദ്ധതിയില്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടിയുടെ ചികിത്സാസഹായമാണ് നല്കിയത്. 650 കുട്ടികളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തി അവരെ കേഴ്‌വിയുടെയും ആശയവിനിമയത്തിന്റെയും ലോകത്തിലേക്കു കൊണ്ടുവന്നത് രാജ്യത്തെ ആദ്യത്തെ ഭരണനടപടിയായി ചരിത്രത്തില്‍ ഇടംപിടിച്ചു. മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം 3 പുതിയ മെഡിക്കല്‍ കോളജുകള്‍, 19 സ്വയംഭരണ കോളജുകള്‍ എന്നിങ്ങനെ നീണ്ടുപോകുന്നു നേട്ടങ്ങളുടെ പട്ടിക. ഇതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ട് 730 ബാറുകള്‍ അടിച്ചു പൂട്ടിയപ്പോള്‍ കേരളത്തിലെ അമ്മമാര്‍ ആഹ്ലാദനൃത്തം ചവിട്ടി. ബാറുകള്‍ പൂട്ടിയതിനെ സ്വാഗതം ചെയ്ത സിപിഎം പിന്നീട് ഭരണത്തിലേറിയപ്പോള്‍ പൂട്ടിയ ബാറുകള്‍ തുറക്കുകയും കൂടുതല്‍ ബാറുകള്‍ തുറന്ന് കേരളത്തെ മദ്യത്തില്‍ മുക്കുകയും ചെയ്തു.

വേട്ടയാടല്‍
കേരളത്തിന്റെ ചരിത്രത്തില്‍ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും സിപിഎം വേട്ടയാടിയിട്ടുണ്ട്. ഇല്ലാത്ത കഥകള്‍ മെനഞ്ഞെടുത്ത് പാര്‍ട്ടിക്കാരെ തെരുവിലറിക്കി, പോലീസുമായി ഏറ്റുമുട്ടി ജനജീവിതം സ്തംഭിപ്പിച്ച് അവര്‍ നടത്തിയ പേക്കൂത്തകള്‍ക്ക് എത്രയോ തവണ കേരളം സാക്ഷ്യംവഹിച്ചു. ഭരണരംഗത്ത് വലിയ നേട്ടം കൈവരിക്കുകയും യുഎന്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തതോടെ തുടര്‍ഭരണം ഉണ്ടാകുമെന്ന ഭീതിയില്‍ ഉമ്മന്‍ ചാണ്ടിയെ സിപിഎം കിരാതമായ രീതിയില്‍ വേട്ടയാടി. പതിനായിരങ്ങളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് മാത്രമല്ല അദ്ദേഹത്തന്റെ വീടുപോലും അവര്‍ വളഞ്ഞു.

കണ്ണൂരില്‍ വച്ച് അദ്ദേഹത്തിന്റെ നേരേ കല്ലുകള്‍ വലിച്ചെറിഞ്ഞ് നെഞ്ചിലും നെറ്റിയിലും പരിക്കേല്പിച്ചു. ഒരു മുഖ്യമന്ത്രി നടാടെയാണ് കേരളത്തില്‍ പട്ടാപ്പകല്‍ ആക്രമിക്കപ്പെടുന്നത്. കണ്ണൂരില്‍ കായികമായി പോലും എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെ നെറികേടുകള്‍ എനിക്ക് അടുത്തറിയാവുന്നതുപോലെ മറ്റാര്‍ക്കും അറിയാനിടയില്ല. സിപിഎമ്മിന്റെ കൊലക്കത്തിയില്‍ നിന്ന് പലവട്ടം തലനാരിഴ്ക്ക് ഞാന്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്കു നേരേ കണ്ണൂരില്‍ നടന്നതും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ മറ്റൊരു പരിച്ഛേദം തന്നെയാണ്.

നിയമസഭ സ്തംഭിപ്പിക്കുക മാത്രമല്ല സഭ അടിച്ചു തകര്‍ക്കുകയും ചെയ്തു. ആ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഎം ഇപ്പോള്‍ പാടുപെടുകയാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ കള്ളക്കേസുകളുമായി കോടതികള്‍ കയറിയിറങ്ങി. 2016ലെ തെരഞ്ഞെടുപ്പിനു ശേഷം എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും മാറിനില്ക്കുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ സിബിഐ അന്വേഷണത്തിനുവരെ ഉത്തരവിട്ട് പിണറായി സര്‍ക്കാര്‍ വേട്ടയാടല്‍ തുടരുന്നു.

വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ സാര്‍ത്ഥവാഹക സംഘം മുന്നോട്ട്. ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗവുമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ ആദരിച്ചു.

ജനകീയതയുടെ പര്യായം

ജേഷ്ഠസഹോദര സ്ഥാനത്ത് ഞാന്‍ പ്രതിഷ്ഠിച്ചിരിക്കുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. ഏതാണ്ട് ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങള്‍ കടന്നുവന്നത്. സിപിഎമ്മിന്റെ അക്രമങ്ങള്‍ക്കെതിരേ ഞങ്ങള്‍ കൈകോര്‍ത്തുനിന്ന് പോരാടി. അദ്ദേഹത്തെ വളരെ അടുത്തുനിന്ന് നോക്കിക്കാണാനും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ അഭിമാനിക്കുന്നു. കോണ്‍ഗ്രസിനെപ്പോലൊരു ജനകീയ പാര്‍ട്ടിയുടെ അസ്തിവാരം ജനകീയ നേതാക്കളിലാണ് എന്നതുമൊരു വസ്തുത. അതുകൊണ്ടു തന്നെ ഉമ്മന്‍ ചാണ്ടി പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രവും ജനകീയതയുടെ പര്യായവുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവുമായി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം ഇനിയും ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്- ആര്‍ക്കും എത്തിപ്പിടിക്കാവുന്ന ദൂരത്തില്‍!

ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 11 വിജയം കൈവരിച്ച് 50 വര്‍ഷം പിന്നിട്ട് ജൈത്രയാത്ര നടത്തുക എന്ന അസുലഭ ഭാഗ്യവും അസാധാരണ നേട്ടവും കൈവരിച്ച ഉമ്മന്‍ ചാണ്ടിയെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു. കേരളത്തിന് സുപരിചതമായ ആള്‍ക്കൂട്ടവും അതിന്റെ നിലയ്ക്കാത്ത ആരവും തുടരട്ടെ. ഇനിയുമൊരു ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകുമോ എന്നറിയില്ല. ഇല്ല എന്നു പറയാനാണ് എനിക്കിഷ്ടം!

Related posts

Leave a Comment