ആറ് വയസ്സുകാരി പെൺകുരുന്നിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ഡിവൈ എഫ് ഐ നേതാവ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നുവെന്ന് കെ സുധാകരൻ

തിരുവനന്തപുരം : ആറ് വയസ്സുകാരി പെൺകുരുന്നിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ഡിവൈ എഫ് ഐ നേതാവ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നുവെന്ന് കെ സുധാകരൻ.എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ഹിതകരമല്ലാത്ത പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ സമാനതകളില്ലാത്ത ഇത്തരം ക്രൂരതകൾ ചെയ്യാനും അതിനെയൊക്കെ പ്രോത്സാഹിപ്പിക്കാനും ഒക്കെയുള്ള മാനസികാവസ്ഥയിൽ സ്വന്തം അണികളെ രൂപപ്പെടുത്തിയെടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം സിപിഎം ആണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി പെൺ കുരുന്നിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ഡിവൈ എഫ് ഐ നേതാവ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നുണ്ട്. ഏത് രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും പൊതു പ്രവർത്തകർ ജനങ്ങളുടെ സംരക്ഷകർ ആയിരിക്കണം. അന്തകർ ആകരുത്. നേരിട്ടായാലും ഫോണിലൂടെയായാലും തങ്ങളെ തേടിയെത്തുന്നവരോട് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറി, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടവരാണ് പൊതുപ്രവർത്തകർ. വണ്ടിപ്പെരിയാറിലെ ഈ ദുരന്തം എൻ്റെ മണ്ഡലത്തിലോ കുടുംബത്തിലോ അല്ല സംഭവിച്ചത് എന്ന് കരുതി നിസ്സാരവത്ക്കരിച്ച് മുന്നോട്ട് പോകരുത്.

കെട്ടിത്തൂക്കുമ്പോൾ ആ പിഞ്ചുകുഞ്ഞ് കണ്ണുകൾ തുറന്ന് സഖാവിനെ നോക്കിയത്രേ. മനസ്സ് മരവിച്ച് നിൽക്കുമ്പോഴും അത്ഭുതമൊന്നും തോന്നുന്നില്ല. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ഹിതകരമല്ലാത്ത പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ സമാനതകളില്ലാത്ത ഇത്തരം ക്രൂരതകൾ ചെയ്യാനും അതിനെയൊക്കെ പ്രോത്സാഹിപ്പിക്കാനും ഒക്കെയുള്ള മാനസികാവസ്ഥയിൽ സ്വന്തം അണികളെ രൂപപ്പെടുത്തിയെടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം CPM ആണ്.

അതു കൊണ്ടാണ് മനുഷ്യനെ കൊത്തിയരിയുന്ന കൊടും കുറ്റവാളികളെ ഈ അണികൾ വീരപുരുഷൻമാരാക്കി ആരാധിക്കുന്നത്.
അതുകൊണ്ടാണ് പാലത്തായിയിലും വാളയാറിലും ഒക്കെ പ്രതികൾക്കൊപ്പം നിന്ന സർക്കാരിന് വേണ്ടി ഈ അണികൾ കൈയ്യടിക്കുന്നത്. അതു കൊണ്ടാണ് 51 വെട്ടുകളാൽ ഒരു മനുഷ്യൻ്റെ ശരീരം കൊത്തിനുറുക്കാൻ കളമൊരുക്കിയതിൻ്റെ പേരിൽ ജയിലിൽ കിടന്ന് മരിച്ചവന് പോലും CPM സ്മാരകം പണിയുമ്പോൾ ഈ അണികൾ പുഷ്പാർച്ചന നടത്തുന്നത്.

സെൻട്രൽ ജയിലിൽ നിന്ന് കൊടും കുറ്റവാളികളെ പരോളിലിറക്കി MLA മാർ തന്നെ വിവാഹം നടത്തിക്കൊടുക്കുന്ന കേരളത്തിൽ കുറ്റവാളികൾ എങ്ങനെ നിയമത്തെ ഭയപ്പെടും?
കൊലയാളികളുടെ ഭാര്യമാർക്ക് അനധികൃത നിയമനം കൊടുക്കുന്ന കേരളത്തിൽ കൂടുതൽ കുറ്റങ്ങൾ ചെയ്യാൻ ക്രിമിനലുകളെ അറിഞ്ഞോ അറിയാതെയോ സർക്കാർ പ്രേരിപ്പിക്കുന്നില്ലേ? ഇരയ്ക്ക് പരാതിയില്ലയെന്ന് പറഞ്ഞ് CPM നേതാവിനെതിരെ വന്ന ലൈംഗികാതിക്രമ കേസ് നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരാതിരുന്ന ഭരണകൂടത്തിൽ നിന്നും സ്ത്രീകൾക്കും കുട്ടികൾക്കും നീതി ലഭിക്കുമെന്ന് കേരളം ഇനിയും കരുതുന്നുണ്ടോ?

ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയൻ എന്ന് നിസ്സംശയം പറയാവുന്ന തരത്തിലേയ്ക്ക് കുറ്റകൃത്യങ്ങൾ പെരുകിയിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി കേരളത്തെ മാറ്റിയ പിണറായി വിജയനെതിരെ ചെറു ശബ്ദം ഉയർത്താൻ പോലും ധൈര്യം ഉള്ളവർ CPM ൽ അവശേഷിക്കുന്നില്ല എന്ന യാഥാർത്ഥ്യവും കേരളം കാണാതെ പോകരുത്.

കേരളം കരുതിയിരിക്കണം. നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് ചുറ്റും കഴുകൻ കണ്ണുകളുമായി അവർ പതുങ്ങിയിരിക്കുന്നുണ്ട്.
പ്രിയപ്പെട്ട മാതാപിതാക്കളോട് ,
കൊലയാളികൾ ഉൾപ്പടെയുള്ള മനുഷ്യമൃഗങ്ങളെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പിന്തുണയ്ക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കുക. അവരെ നമ്മുടെ പെൺകുട്ടികളിൽ നിന്നും വീടുകളിൽ നിന്നും അകറ്റി നിർത്തുക. കാരണം അവരുടെയൊക്കെ ഉളളിൽ സ്ത്രീപീഡകരും കൊലയാളികളും ഉറങ്ങിക്കിടപ്പുണ്ട്. അനുകൂല സാഹചര്യങ്ങളിൽ ഏതുനിമിഷവും അത് പുറത്ത് ചാടാം. സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയ, കോവിഡ് പ്രതിരോധത്തിനൊക്കെ മുൻനിരയിൽ നടന്ന ജനകീയനായ ഒരു സഖാവ് ആണ് ആറ് വയസ്സുകാരിയെ കെട്ടിത്തൂക്കിയതെന്ന് ഓർമയിൽ സൂക്ഷിക്കുക. ഗൂഢലക്ഷ്യങ്ങളുമായാണ് വെളുത്ത ചിരിയുമായി ഇവർ സഹായഹസ്തവുമായി പടികടന്നെത്തുന്നത്. രാഷ്ട്രീയ ഭേദമന്യേ ഈ വർഗ്ഗത്തെ അകറ്റി നിർത്താൻ ഓരോ മലയാളിയും ജാഗരൂഗരായിരിക്കുക.

കുറ്റകൃത്യങ്ങൾ തടയാൻ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ സ്വയം മുൻകരുതൽ എടുക്കുന്നത് കൂടുതൽ അപകടങ്ങൾ ഒഴിവാക്കും.
വണ്ടിപ്പെരിയാറിലെ കുഞ്ഞിനെ കൊന്ന കേസിലെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കരുതെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിക്കുന്നു.

Related posts

Leave a Comment