മന്ത്രിയെ സംരക്ഷിക്കാനുള്ള ശ്രമം വിലപ്പോകില്ല : കെ.സുധാകരൻ

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട കോടതിവിധി ചൂണ്ടിക്കാട്ടി അധികാരദുർവിനിയോഗം നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ അത് വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
വിസി നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടാം തിയതി നടന്ന വാദത്തിന് ശേഷമാണ് കേസ് വിധിപറയാൻ മാറ്റിയത്. അതിന് ശേഷമാണ് വിസി നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവർണ്ണർ തുറന്ന് സമ്മതിക്കുകയും പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണ്ണർക്കെഴുതിയ രണ്ടു കത്തുകൾ പുറത്തുവരുകയും ചെയ്തത്.ഗവർണ്ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം നിർഭാഗ്യവശാൽ കോടതി പരിഗണിച്ചതുമില്ല. കൂടാതെ കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുകയാണ്.ഇത്തരം ഒരു സാഹചര്യത്തിലുണ്ടായ വിധിയുടെ പശ്ചാത്തലത്തിൽ ചട്ടവിരുദ്ധമായി നടത്തിയ നിയമനത്തെ വെള്ളപൂശാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂർ വിസിയുടെ അടക്കം നിയമനങ്ങളിൽ സർക്കാർ ഇടപെട്ടില്ലെന്നാണ് മുഖ്യമന്ത്രി വാദിച്ചത്. എന്നാൽ ഈ അവകാശവാദം പൊളിക്കുന്നതാണ് മന്ത്രിയുടെ കത്തുകൾ. സർവകലാശാലയുടെ നിയമനങ്ങളിൽ സർക്കാരിനോ പ്രോ ചാൻസലർ കൂടിയായ വിദ്യാഭ്യാസ മന്ത്രിക്കും ഇടപെടാൻ അധികാരമില്ല. ഇതുമറികടന്ന് എന്തിനാണ് മന്ത്രി ഇടപെട്ടത്. ഇല്ലാത്ത അധികാരമാണ് മന്ത്രി പ്രയോഗിച്ചതെന്ന് അക്കാദമിക് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതവും ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവുമാണ്.
പുറത്തുവന്ന രേഖകകളുടെ വെളിച്ചത്തിൽ വിശദീകരണം നൽകാൻ മുഖ്യമന്ത്രിയോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ ഇതുവരെ തയ്യാറായിട്ടില്ല. ക്രമവിരുദ്ധമായി ഇടപെട്ടില്ലെങ്കിൽ ഇരുവരും എന്തിനെയാണ് ഭയക്കുന്നത്. സർവകലാശാലകളിലെ അധ്യാപക നിയമനം മുഴുവൻ പാർട്ടിക്ക് പിടിച്ചെടുക്കാനാണ് നാലാംകിട ആളുകളെ ഇടതുപക്ഷം വിസിയാക്കുന്നത്. പാർട്ടി നേതാക്കളുടെ ബന്ധുമിത്രാദികളാണ് ഇതിന്റെ ഗുണഭോക്താക്കാൾ. സർവകലാശാലകളിലെ അധ്യാപക നിയമനം അടിയന്തരമായി പിഎസ്സിക്കു വിടുക എന്നതാണ് ഇതിനുള്ള പ്രതിവിധിയെന്നും സുധാകരൻ പറഞ്ഞു.

Related posts

Leave a Comment