പിണറായി പറയുന്നതാണ് അവസാന വാക്കെന്ന് വിശ്വസിക്കാൻ സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങളല്ല കേരളത്തിലുള്ളത് ; കെ സുധാകരന്റെ ലേഖനം വായിക്കാം

ഇതു കേരളമാണ്, ഇവിടത്തെ പ്രബുദ്ധരായ ജനങ്ങളുടെ മുന്നിൽ പിണറായി വിജയന്റെ നാട്യങ്ങൾ എക്കാലവും ഫലിക്കില്ല.പിണറായി പറയുന്നതാണ് അവസാന വാക്കെന്നും അതാണ് ശരിയെന്നും പിണറായി വിജയൻ പ്രതികരിച്ചില്ലെങ്കിൽ ആ വിഷയം ചർച്ച ചെയ്യപ്പെടാനുള്ളതല്ലെന്നും വിശ്വസിക്കാൻ സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങളല്ല കേരളത്തിലുള്ളതെന്ന് പോയ ദിവസങ്ങൾ തെളിയിച്ചു. മോഫിയയെന്ന വിദ്യാസമ്പന്നയായ യുവതിയെ ആത്മഹത്യക്കു തള്ളിയിട്ട പോലീസുദ്യോഗസ്ഥനെ സംരക്ഷിച്ച പിണറായി വിജയനെന്ന കേരളത്തിന്റെ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ നിലപാട് തിരുത്തേണ്ടി വന്നു. പിണറായി വിജയനെ കൊണ്ട് കേരളത്തിലെ കോൺഗ്രസുകാർ, കേരളത്തിന്റെ പൊതുസമൂഹം അതു തിരുത്തിച്ചു. കോൺഗ്രസ് സമരം ചെയ്താൽ എന്താകുമെന്ന് ചോദിക്കുന്നവർക്ക് ഉത്തരങ്ങൾ ഇതു പോലെ ലഭിച്ചു കൊണ്ടേയിരിക്കും.
ഭർതൃഗൃഹത്തിലെ പീഡനം സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയ മോഫിയയെ അപമാനിച്ച സുധീർ എന്ന സിഐയെ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് തുടക്കം തൊട്ട് സംരക്ഷിക്കുകയാണ് ചെയ്തത്. സിഐയ്ക്ക് തണലൊരുക്കി പിണറായി വിജയൻ വിരിച്ചു പിടിച്ച ചിറകരിയാൻ ഒരു കോൺഗ്രസുകാരൻ ആലുവ പോലീസ് സ്റ്റേഷനിൽ ഒറ്റയ്ക്ക് ചെന്നു. അയാൾ തുടങ്ങി വെച്ച സമരം ഒരു തീജ്വാലയായി ആളിപ്പടർന്ന് വിജയം കൈവരിച്ചു. മോഫിയയ്ക്ക് നീതി കൊടുക്കാൻ ഒറ്റയാൾ പോരാട്ടം ആരംഭിച്ച ആലുവയുടെ സ്വന്തം അൻവർ സാദത്ത് എംഎൽഎ, ആ പോരാട്ടത്തിന് കരുത്തു പകർന്ന് ബെന്നി ബഹനാൻ എം പി, റോജി എം ജോൺ എംഎൽഎ , അബ്ദുൾ മുത്തലിബ്, എം ഒ ജോൺ ,ജെബി മേത്തർ തുടങ്ങിയ ഒട്ടനവധി നേതാക്കൾ കൂടെ ചേർന്നു. സമരഭൂമിയിൽ പ്രവർത്തകർ തീർത്ത പ്രതിഷേധ കാറ്റിനൊപ്പം ഹൈബി ഈഡൻ എം പി അടക്കമുള്ളവർ ഉണ്ടായിരുന്നു. പിസി വിഷ്ണുനാഥും വിടി ബൽറാമും ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസും കെ പി ധനപാലനും ടി ജെ വിനോദും എൽദോസ് കുന്നപ്പള്ളിയും ടി ജെ സനീഷ് കുമാറും ഒക്കെ അടങ്ങുന്ന നേതൃ നിരയാണ് നീതിക്കായുള്ള പോരാട്ടത്തിന്റെ വീര്യം കൂട്ടിയത്. പാർട്ടിയിലെ പല തലമുറ നേതാക്കൾ ഒറ്റക്കെട്ടായി മുന്നിൽ നിന്ന് നടത്തിയ സമരമാണ് ലക്ഷ്യം കണ്ടത്. ഹൃദയം കൊണ്ട് പട നയിച്ച് വാക്കുകൾ കൊണ്ട് പ്രവർത്തകരിൽ തീ പടർത്തിയ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള മുഴുവൻ സമര നായകരെയും ഞാൻ അഭിവാദ്യം ചെയ്യട്ടെ.
ഇത് ജനങ്ങളുടെ വിജയമാണ്. ഏത് അനീതി നടന്നാലും ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ ശബ്ദമാകാൻ ഒരു കോൺഗ്രസ് പ്രവർത്തകനെങ്കിലും ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ വിജയം.

മതിലു കെട്ടിയവർ മറക്കുന്ന
പ്രഖ്യാപനങ്ങൾ

നവോത്ഥാന കേരളത്തിന് വേണ്ടി മതിലു കെട്ടി സ്തരീ സുരക്ഷയെ കുറിച്ച് വാചാലമായി സംസാരിച്ച ആളുകളാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. പക്ഷേ ഇവരുടെ ചെയ്തികളെന്താണ്..? പറയുന്നതൊന്ന് , പ്രവർത്തിക്കുന്നത് മറ്റൊന്ന്. സ്ത്രീ സുരക്ഷയ്ക്കായി ഓരോരോ ഓമനപ്പേരിട്ട് പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നതല്ലാതെ എന്ത് സുരക്ഷയാണ് ഈ സർക്കാർ സ്ത്രീകൾക്കു നൽകുന്നത്..? സ്ത്രീകൾ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ പോയാൽ നീതി ലഭിക്കാത്ത സാഹചര്യം. ഈ നീതികേടിന്റെ ഏറ്റവും അവസാനത്തെ രക്തസാക്ഷിയാണ് ആലുവയിലെ മോഫിയ പർവീൺ. സ്ത്രീകൾക്ക് പരാതിയുമായി ഒരു സ്ഥലത്തും പോകാൻ സാധിക്കുന്നില്ല എന്ന അവസ്ഥ. നീതി പ്രതീക്ഷിച്ചാണ് മോഫിയ പർവീൺ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചത്. ലഭിച്ചത് കൊടിയ അനീതി മാത്രമല്ല, മോശം പെരുമാറ്റം കൂടിയാണെന്ന് ആ പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നു.
‘താനൊരു തന്തയാണോടോ? സ്ത്രീധനം എത്ര കൊടുത്തു?’ എന്നാണ് ഇൻസ്‌പെക്ടർ മരണപ്പെട്ട മോഫിയയുടെ പിതാവിനോട് ചോദിച്ചത്. പരാതിയുമായി വന്ന ഒരു യുവതിയെ ഇത്തരത്തിൽ അപമാനിച്ച പോലീസുദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുന്നതിനു പകരം കൂടെ ചേർത്തു പിടിക്കുമെന്ന ദുർവാശിയോടെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്.

മറക്കാനാകുമോ വാളയാർ

പിണറായി വിജയനെ ഉറക്കത്തിൽ പോലും വേട്ടയാടുന്നുണ്ടാകും വാളയാറിൽ തൂങ്ങിയാടിയ രണ്ടു പിഞ്ചു മക്കളുടെ ചിത്രം. പതിമൂന്നും ഒമ്പതും വയസായ വാളയാറിലെ രണ്ടു പെൺകുട്ടികൾ . വാളയാറിൽ ആ പിഞ്ചുമക്കളുടെ കൊലപാതകത്തിന് കാരണക്കാരായവരെ രക്ഷിക്കാനല്ലേ പിണറായി വിജയൻ ശ്രമിച്ചത്..? ഒമ്പത് വയസുള്ള കുട്ടി പരസ്പര സമ്മതത്തോടെ ലൈംഗികാനന്ദം കണ്ടെത്തിയെന്നു പറഞ്ഞ പൊലീസുകാരന് ഐപിഎസ് നൽകാൻ ശുപാർശ ചെയ്ത ഒരു സർക്കാർ. 2017 ജനുവരി 13-നും മാർച്ച് 4-നും വാളയാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു പിഞ്ചു പെൺകുട്ടികൾ, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനു ശേഷം ആത്മഹത്യ ചെയ്തപ്പോൾ അത് പീഡനമല്ല എന്നും ആ കുട്ടികൾ ഇഷ്ടപ്പെട്ടു ചെയ്തിരുന്നതും ആവശ്യപ്പെട്ടു ചെയ്തതാണെന്നും പറയുന്ന ഒരു പോലീസുദ്യോഗസ്ഥനെ ഐപിഎസ് നൽകി ആദരിക്കാൻ പാകത്തിൽ ഭദ്രമായിരിക്കുന്നു പിണറായി വിജയന്റെ പോലീസ് സംവിധാനം. വാളയാറിലെ കുറ്റവാളികളെ ശിക്ഷിക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചില്ല. ശാസ്ത്രീയ അന്വേഷണമൊന്നുമില്ലാതെ പ്രതികളെ രക്ഷിക്കാൻ പാകത്തിലൊരു വഴിപാടന്വേഷണമല്ലേ പിണറായി വിജയന്റെ പോലീസ് നടത്തിയത്..?
ഈ ആഭ്യന്തര മന്ത്രിയും ഇദ്ദേഹത്തിന്റെ പോലീസും കേരളത്തിന് അപമാനമാണെന്ന് ആവർത്തിച്ച് ഓർമപ്പെടുത്തുന്ന തരത്തിൽ ഒറ്റപ്പെട്ട സംഭവങ്ങളല്ല, തുടർച്ചയായ അക്രമങ്ങളാണ് അരങ്ങേറുന്നത്.

സ്വന്തം വീട്ടിലുള്ളവർ
ന്യായീകരിക്കുമോ..?

പിങ്ക് പോലീസിന്റെ സ്ത്രീ സുരക്ഷാ പരിപാടി 2016 ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേർന്നായിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനുള്ള പദ്ധതികൾ ഭാര്യയെയടക്കം സാക്ഷി നിർത്തി പ്രഖ്യാപിച്ച പിണറായി വിജയൻ ഒന്ന് ചിന്തിച്ചു നോക്കണം. വീട്ടിലുള്ള ഭാര്യയോ മകളോ നിങ്ങളുടെ പോലീസ് സംവിധാനം തുടരുന്ന സ്ത്രീ വിരുദ്ധതയെ ന്യായീകരിക്കുമോ..? വാളയാറിലെ പെൺകുട്ടികളായിരുന്നു തെറ്റെന്ന്, ഉത്രയായിരുന്നു തെറ്റെന്ന്, മോഫിയയായിരുന്നു തെറ്റെന്ന് നിങ്ങളുടെ ഭാര്യയോ മകളോ പറയുമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ കേരളത്തിലെ പൊതുസമൂഹത്തോട് നീതി പുലർത്തുന്നില്ല, സ്വന്തം വീട്ടിലുള്ളവരോടെങ്കിലും സമയം കിട്ടുമ്പോൾ ഒന്ന് ചോദിച്ചു നോക്കണം. ചെയ്തു കൂട്ടുന്ന കാര്യങ്ങൾ ശരിയാണോ എന്ന്.
ജിഷ വധക്കേസിൽ മുതലക്കണ്ണീരൊഴുക്കിയാണ് പിണറായി സർക്കാർ അധികാരത്തിലേറുന്നത്. സ്ത്രീസുരക്ഷയില്ലാത്ത കേരളമെന്നു പറഞ്ഞ് അധികാരം നേടിയവരുടെ ഭരണകാലത്ത് ഒരായിരം ജിഷമാർ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അനുപമയെന്ന യുവതി നൊന്തു പെറ്റ കുഞ്ഞിനായി അധികാരകേന്ദ്രങ്ങളിൽ അലഞ്ഞപ്പോൾ കേസിലെ കുറ്റവാളികളെ രക്ഷിക്കാൻ സിപിഎം ജില്ല സെക്രട്ടറി നേരിട്ടിറങ്ങി. ക്രിമിനൽ കുറ്റം ചെയ്ത ശിശുക്ഷേമസമിതി സെക്രട്ടറിയടക്കമുള്ളവർ ഇപ്പോഴും സുരക്ഷിതർ. എന്ത് വിവാദമുണ്ടായാലും വായിൽ അമ്പഴങ്ങ കുടുങ്ങിയ പോലെ മിണ്ടാതെ പൊതുസമൂഹത്തിൽ നിന്ന് ഒളിച്ചോടുകയാണ് പിണറായി വിജയൻ. നിങ്ങളുടെ പ്രതികരണമില്ലായ്മ ഭീരുത്വമാണ്. ചോദ്യങ്ങളെ ഭയക്കുകയാണ് നിങ്ങൾ.

ഏകാധിപതികളെ തിരുത്തിക്കും

തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനും ഏത് ഏകാധിപതിയേയും മുട്ടുകുത്തിക്കാം. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചതിന്റെ സാമ്പിൾ വെടിക്കെട്ടാണ് ആലുവയിൽ കണ്ടത്.
‘അയാളെന്തിനാണാ കസേരയിൽ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാൻ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?’ എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവർത്തക മിവാ ജോളി ഒരു പ്രതീകമാണ്. ജലപീരങ്കിയെയും ടിയർ ഗ്യാസിനെയും പ്രതിരോധിച്ച് മൂവർണ്ണക്കൊടി ഉയർത്തി പ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ് വർഗീസ് ഒരു പ്രതീകമാണ്. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവർത്തന പാരമ്പര്യത്തിന്റെ ഊർജ്ജസ്വലതയും ഒത്തുചേരുന്ന കോൺഗ്രസിന്റെ പുതിയ സമരമുഖങ്ങൾ.
സ്വയം തിരുത്താത്ത മുഖ്യമന്ത്രിയെ സമരപരമ്പരകൾ കൊണ്ട് തിരുത്താൻ കോൺഗ്രസിനു സാധിക്കും. കേരളത്തിലെ പ്രതിപക്ഷത്തിന്റെ കരുത്തും പോരാട്ട വീര്യവും പിണറായി വിജയൻ ഇനി കാണാൻ പോകുന്നതേയുള്ളൂ.

Related posts

Leave a Comment