പീഡനക്കേസിലും കണ്ണടയ്ക്കണംഃ മുഖ്യമന്ത്രിയോടു ശശീന്ദ്രന്‍

തിരുവനന്തപുരം:എൻ.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ അല്പം മുന്‍പായിരുന്നു കൂടിക്കാഴ്ച. പതിനഞ്ചു മിനിറ്റ് അദ്ദേഹം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പീഡനക്കേസിലല്ല, പാര്‍ട്ടി കേസിലാണ് താന്‍ ഇടപെട്ടതെന്നു ശശീന്ദ്രന്‍ ആവര്‍ത്തിച്ചു. തന്നോടു വിട്ടുവീഴ്ച കാണിക്കണമെന്ന് ശശീന്ദ്രന്‍ അഭ്യര്‍ഥിച്ചതായാണു സൂചന.

രാജിവയ്ക്കില്ലന്ന് ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി രാജി ആവശ്‌യപ്പെട്ടതുമില്ല. മുട്ടില്‍ മരം മുറിയടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു മുഖ്യമന്ത്രിയെ ധരിപ്പിക്കാനാണു വന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയോട് വിശദീകരണം നൽകിയിരുന്നു.

പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താൻ ഇടപെട്ടതെന്നും രണ്ട് പാർട്ടി നേതാക്കൾ തമ്മിലുള്ള വിഷയമായതിനാൽ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്. അതേസമയം മുഖ്യമന്ത്രി വിളിപ്പിച്ചിട്ടാണോ നേരിട്ടുള്ള കൂടിക്കാഴ്ച എന്ന് വ്യക്തമല്ല.

നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് ശശീന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രിയെ അങ്ങോട്ട്‌ ചെന്ന് കണ്ടതാണ്.നിയമസഭ തുടങ്ങുമുൻപ് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നുവെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, സ്ത്രീ പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി നടത്തിയ നടപടികളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ ഡല്‍ഹിയില്‍ പറഞ്ഞു. മന്ത്രിക്ക് ഇക്കാര്യം ആദ്യം തന്‍റെ ശ്രദ്ധയില്‍ പെടുത്താമായിരുന്നു. അതദ്ദേഹം ചെയ്തില്ല. അതു വീഴ്ചയാണ്. മന്ത്രിയുമായി ചാക്കോ പുലര്‍ത്തുന്ന അതൃപ്തിയും അതോടെ പുറത്തു വന്നു.

Related posts

Leave a Comment