ശങ്കരനാരായണന്‍ അനുകരണീയ മാതൃക : മുഖ്യമന്ത്രി

തിരുവനന്തപുരം : സ്വന്തം വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോഴും എതിര്‍ക്കുന്നവരെക്കൂടി അംഗീകരിക്കുന്ന സമീപനമായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ അനുവര്‍ത്തിച്ചു പോന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും അനുകരണീയമായ മാതൃകയാണു അദ്ദേഹത്തിന്‍റെ ജീവിതമെന്നും മുഖ്യമന്ത്രി. ശങ്കര നാരായണന്‍റെ “അനുഭവം, ജീവിതം” എന്ന ആത്മകഥ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ കോണ്‍ഗ്രസിന്‍റെ ഭാഗമായിരുന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അദ്ദേഹം തയാറായി. എന്നാല്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിച്ചു. ജന പ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും ഗവര്‍ണര്‍ എന്ന നിലയിലുമൊക്കെ ജനാധാപത്യമൂല്യങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

കൃഷിമന്ത്രിയായിരിക്കെ, സംസ്ഥാനത്തിന്‍റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ മുഖച്ഛായ മാറ്റാന്‍ അദ്ദേഹം പരിശ്രമിച്ചു. ഭക്ഷ്യവിളകളില്‍ നിന്നു നാണ്യ വിളകളിലേക്കുള്ള കൃഷിയുടെ ചുവടു മാറ്റം തുടങ്ങിത് അദ്ദേഹത്തിന്‍റെ കാലത്താണ്. രാഷ്‌ട്രീയത്തിലും കലയിലും സംസ്കാരത്തിലുമൊക്കെ അസാമാന്യമായ വ്യുല്പ്പത്തി തെളിയിച്ചിട്ടുള്ള നേതാവാണ് ശങ്കരനാരായണനെന്നും മുഖമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ “അനുഭവം ജീവിതം” എന്ന കൃതി ഏറ്റുവാങ്ങി. സ്പീക്കര്‍ എം.ബി രാജേഷ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment