തിരയെഴുത്തിലെ സാഹിത്യചോദന;സംവിധാനത്തിലെ ക്ലാസിക് മാതൃക

നിസാർ മുഹമ്മദ്

തിരുവനന്തപുരം: മലയാള സിനിമയിൽ സാഹിത്യം സന്നിവേശിപ്പിച്ചും ക്ലാസിക് ഭാവനകൾ സമ്മിശ്രണം ചെയ്തും അഭ്രപാളിയിലെ ആസ്വാദനത്തെ ഉൺമയുടെ ഉയർച്ചയിലെത്തിച്ച സംവിധായകനായിരുന്നു കെഎസ് സേതുമാധവൻ. വെറും നാടക വാചകങ്ങളും അതിവൈകാരികമായ രംഗങ്ങളും നിറഞ്ഞ മലയാള  സിനിമയുടെ ദൃശ്യഭാഷയെ യഥാർത്ഥ ജീവിത തലത്തിലേക്ക് വഴി തിരിച്ചുവിട്ട പ്രതിഭ. മലയാളത്തിൽ ഏറ്റവുമധികം സാഹിത്യ കൃതികൾ സിനിമയാക്കിയ സംവിധായകൻ കെ.എസ് സേതുമാധവനാണ്. തകഴി ശിവശങ്കരപിള്ള, പി. കേശവദേവ്, പൊൻകുന്നം വർക്കി, മുട്ടത്തുവർക്കി, തോപ്പിൽ ഭാസി, മലയാറ്റൂർ രാമചന്ദ്രൻ, ഉറൂബ്, കെ.ടി മുഹമ്മദ്, എം.ടി വാസുദേവൻ നായർ, സി. രാധാകൃഷ്ണൻ, അയ്യനേത്ത്, പാറപ്പുറത്ത് തുടങ്ങി പ്രമുഖ മലയാള സാഹിത്യകാരൻമാരുടെയെല്ലാം കൃതികൾ അദ്ദേഹം സിനിമയാക്കി. തമിഴിലെ ഇന്ദിരാ പാർഥസാരഥി, ബാലഹരി തെലുങ്കിലെ പത്മരാജൻ തുടങ്ങിയവരുടെ രചനകളും സേതുമാധവൻ സിൽവർ സ്ക്രീനിലെത്തിച്ചു. തീരെ ജനപ്രീതി നേടാത്ത രചനകൾ പോലും തന്റെ വൈഭവത്തിലൂടെ മികച്ച മലയാള ചലച്ചിത്രങ്ങളാക്കി മാറ്റിയെന്നതാണ് സേതുമാധവനെന്ന സംവിധാകനെ വേറിട്ടു നിർത്തിയത്.  
സത്യൻ, നസീർ, ഷീല തുടങ്ങിയവരുടെ വളർച്ചയിൽ നിർണായകമായത് സേതുമാധവൻ നൽകിയ കഥാപാത്രങ്ങളായിരുന്നു. അദ്ദേഹത്തിന്റെ കണ്ണും കരളും എന്ന ചിത്രത്തിൽ ബാലതാരമായാണ് നടൻ കമലാഹാസൻ ചലച്ചിത്രലോകത്ത് എത്തിയത്. കന്യാകുമാരി എന്ന ചിത്രത്തിലൂടെ കമലാഹാസനെ ആദ്യമായി നായകനാക്കിയതും സേതുമാധവൻ തന്നെ.
സംവിധായകന്‍ കെ.രാംനാഥിന്റെ സഹായിയായി സിനിമയില്‍ തുടക്കം കുറിച്ച സേതുമാധവന്‍ സിംഹള ചിത്രമായ വീര വിജയയിലൂടെ ആദ്യ സ്വതന്ത്ര സംവിധായകനായി. പിന്നീട്, മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി 65-ഓളം ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളായി വിലയിരുത്തപ്പെടുന്ന ഓടയിൽ നിന്ന്, യക്ഷി, കടൽപ്പാലം, അച്ചനും ബാപ്പയും, അരനാഴിക നേരം, പണിതീരാത്ത വീട്, അനുഭവങ്ങൾ പാളിച്ചകൾ, പുനർജൻമം, ഓപ്പോൾ, വാഴ്വേ മായം, ജീവിക്കാൻ മറന്നുപോയ സ്ത്രീ, ചട്ടക്കാരി, ഒരു പെണ്ണിന്റെ കഥ തുടങ്ങിയവ സേതുമാധവന്റെ സംവിധാനത്തിൽ പിറവിയെടുത്തവയാണ്. മികച്ച ചിത്രത്തിനും തിരക്കഥാ രചനയ്ക്കുമുള്‍പ്പടെ 10 ദേശീയ പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം കേരള, അന്ധ്രാ, തമിഴ് നാട് സർക്കാരുകളുടെ ചലച്ചിത്ര അവാർഡുകൾക്കും നിരവധി തവണ അർഹനായി.
1965ൽ സത്യൻ നായകനായി അഭിനയിച്ച ഓടയിൽ നിന്ന് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു സേതുമാധവന് ലഭിച്ച ആദ്യ ദേശീയ പുരസ്കാരം. 1969ൽ അടിമകൾ എന്ന ചിത്രത്തിനും ദേശീയ പുരസ്കാരം കിട്ടി. രണ്ടുവർഷത്തിന് ശേഷം, 71ൽ സേതുമാധവന്റെ കരകാണാക്കടൽ മികച്ച ചിത്രമായി. അടുത്ത വർഷം അച്ഛനും ബാപ്പയും എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം നേടി. അതേവർഷം തന്നെ മികച്ച മലയാള ചിത്രമായി പണിതീരാത്ത വീട് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1980ൽ  മികച്ച  രണ്ടാമത്തെ ചിത്രമായി ഓപ്പോൾ ദേശീയ പുരസ്കാരത്തിന് അർഹമായി. 1990ൽ മറുപക്കത്തിലൂടെ മികച്ച ചലച്ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള അവാർഡ് സേതുമാധവൻ സ്വന്തമാക്കി. 1994ൽ കമൽഹാസൻ നായകനായി അഭിനയിച്ച നമ്മവർ മികച്ച തമിഴ് ചലച്ചിത്രമായി ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. അടുത്തവർഷം സേതുമാധവന്റെ തെലുങ്ക് സിനിമ സ്ത്രീയും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
1970ൽ അരനാഴിക നേരത്തിലൂടെ മികച്ച സംവിധാകയനുള്ള പുരസ്കാരം നേടിയതായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ആദ്യത്തേത്. തുടർന്നുള്ള രണ്ടുവർഷവും സേതുമാധവനായിരുന്നു സംവിധായക പുരസ്കാരം. കരകാണാക്കടൽ, പണിതീരാത്ത വീട് എന്നീ ചിത്രങ്ങൾക്കായിരുന്നു അത്. പണി തീരാത്ത വീടിലൂടെ മികച്ച തിരക്കഥാകൃത്തുമായി. ചട്ടക്കാരിയെ മികച്ച രണ്ടാമത്തെ ചിത്രമായി പുരസ്കാര സമിതി പരിഗണിച്ചത് 74-ലാണ്. 1980 ഓപ്പോളിലൂടെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സേതുമാധവൻ സ്വന്തമാക്കി. തെലുങ്കിലെ നന്ദി അവാര്‍ഡ്, ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ എന്നിവയും തേടിയെത്തി. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നൽകി കേരളം അദ്ദേഹത്തെ ആദരിച്ചു.
കെ.ആർ സുബ്രഹ്മണ്യം – ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ പാലക്കാട്ടായിരുന്നു സേതുമാധവന്റെ ജനനം. വനം വകുപ്പ് ഓഫീസറായ പിതാവിനൊപ്പം തമിഴ്നാട്ടിലായിരുന്നു സേതുമാധവന്റെ ബാല്യകാലം. അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗം സേതുമാധവന്റെ കുടുംബത്തെ വീണ്ടും പാലക്കാട് എത്തിച്ചു. പാലക്കാട് ബേസൽ ഇവാഞ്ചലിക്കൽ മിഷൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വിക്ടോറിയ കോളജിൽ ഇന്റർമീഡിയറ്റിന് പഠിച്ചു. മദ്രാസ് പ്രസിഡൻസി കോളജിൽനിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം നേടി. കോളജ് വിദ്യാഭ്യാസകാലത്ത് സുഹൃത്തുക്കളുടെ നിർബന്ധത്തെത്തുടർന്നു കണ്ട ‘ദ കീസ് ഓഫ് കിങ്ഡം’ എന്ന ഇംഗ്ളീഷ് സിനിമയാണ് സേതുമാധവനെ സിനിമാ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. എ.ജെ ക്രോണിൻ എഴുതിയ നോവലായിരുന്നു ആ സിനിമ. ആ പുസ്തകം തേടിപ്പിടിച്ച് വായിച്ചതോടെ ക്ലാസിക് സിനിമകളിലേക്ക് സേതുമാധവൻ ആകർഷിക്കപ്പെട്ടു.  
ബിരുദപഠനത്തിന് ശേഷം ഒ.വി വിജയന്റെ ശുപാർശയോടെയാണ് കോയമ്പത്തൂരിലെ സെൻട്രൽ സ്റ്റുഡിയോയിൽ അപ്രന്റീസായി സേതുമാധവൻ ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തുവെച്ചത്. അന്ന് സിനിമാമോഹവുമായി കോയമ്പത്തൂരിൽ എത്തിയ സേതുമാധവന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. വിവിധ സ്റ്റുഡിയോകളിൽ അവസരം തേടി അലഞ്ഞെങ്കിലും ഒന്നും ശരിയായില്ല. കുടുംബസുഹൃത്തായ ഒ.വി വിജയനോട് അപ്രതീക്ഷിതമായി പങ്കുവെച്ച തന്റെ സിനിമാ സ്വപ്നങ്ങളാണ് കോയമ്പത്തൂർ സെൻട്രൽ സ്റ്റുഡിയോയിലെത്തിച്ചത്. അവിടെ പ്രശസ്ത ഛായാഗ്രഹകൻ കെ. രാമനാഥന്റെ അപ്രന്റീസായി പ്രവർത്തിക്കാൻ സേതുമാധവന് അവസരം കിട്ടി.
ആദ്യ ചിത്രമായ വീര വിജയത്തിലൂടെ പ്രതിഭ തെളിയിച്ച സേതുമാധവൻ അടുത്ത വർഷം ജ്ഞാനസുന്ദരി സംവിധാനം ചെയ്ത് മലയാളത്തിലെത്തി. കണ്ണും കരളും, നിത്യകന്യക, സുശീല, ദേവി, അന്ന, മണവാട്ടി, ഓമനക്കുട്ടൻ, ദാഹം, അർച്ചന, റൗഡി, സ്ഥാനാർഥി സാറാമ്മ, നാടൻപെണ്ണ്, ഉള്ളതുമതി, തോക്കുകൾ കഥപറയുന്നു, മിണ്ടാപ്പെണ്ണ്, ജൂലി (ഹിന്ദി), ഭാര്യമാർ സൂക്ഷിക്കുക, കൂട്ടുകുടുംബം, അടിമകൾ, അഴകുള്ള സെലീന, ഇങ്കിലാബ് സിന്ദാബാദ്, ചുക്ക്, അമ്മയെന്ന സ്ത്രീ, പണി തീരാത്ത വീട്, ആരോരുമറിയാതെ, അവിടത്തെപ്പോലെ ഇവിടെയും, വേനൽക്കിനാവ് തുടങ്ങിയവ നിരവധി ചിത്രങ്ങൾ പിന്നീട് അദ്ദേഹം മലയാളത്തിന് നൽകി. കെ.എസ് സേതുമാധവൻ എന്ന് പേര് ബഹുമാനത്തോടെ മാത്രമേ സിനിമാ ലോകത്ത് എന്നും കേട്ടിട്ടുള്ളൂ. അച്ചടക്കമുള്ള ജീവിത രീതിയിലൂടെയും സൗമ്യവും കുലീനവുമായ പെരുമാറ്റത്തിലൂടെയും അദ്ദേഹം ആർജ്ജിച്ചെടുത്ത ആദരവായിരുന്നു അത്. സിനിമാ ലോകത്തെ സന്യാസിയെന്നാണ് ചിലരെങ്കിലും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സിനിമാ സെറ്റുകളിൽ കർശക്കശക്കാരനായിരുന്നെങ്കിലും അത്രമേൽ അച്ചടക്കവും ലളിത പൂർണവുമായിരുന്നു സേതുമാധവന്റെ ജീവിതം.

Related posts

Leave a Comment