കെ- റെയിലിന് പണമുണ്ട്; തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടില്ല പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാൻ പണം പിരിച്ചെടുക്കണമെന്ന് സർക്കുലർ

തിരുവനന്തപുരം: കേരളത്തിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ആവർത്തിക്കുന്ന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ല. പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകൾ നന്നാക്കുന്നതിന് ഉൾപ്പെടെ സ്വയം പണം പിരിച്ചെടുക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. ഒന്നേകാൽ ലക്ഷം കോടി രൂപയുടെ കെ- റെയിൽ പദ്ധതി ദ്രുതഗതിയിൽ ‍നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് പഞ്ചായത്തുകളുടെ പ്ലാൻഫണ്ടിനു സർക്കാരിനെ ആശ്രയിക്കാതെ സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം സംഭാവനയായി സ്വീകരിക്കണമെന്ന നിർദേശവുമായി തദ്ദേശ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് സംഭവാന പിരിക്കുന്നത് തെറ്റല്ലെന്നും സർക്കുലറിൽ പറയുന്നു.
പ്ലാൻ ഫണ്ട് നൽകി പൂർത്തീകരിക്കേണ്ട പദ്ധതികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. തുടർച്ചയായി സംഭവിച്ച പ്രളയങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും കോവിഡ് പുനരധിവാസ പദ്ധതികളും മിക്കവാറും തദ്ദേശ സ്ഥാപനങ്ങളെ പാപ്പരാക്കി. കഴിഞ്ഞ വർഷങ്ങളിൽ പ്ലാൻ ഫണ്ടിൽ പെടുത്തിയിരുന്ന ബജറ്റ് വിഹിതങ്ങളും പ്രളയ ദുരിതാസ്വാസങ്ങൾക്കും കോവിഡ് പുനരധിവാസത്തിനും വിനിയോഗിക്കാൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ അനുവദിച്ചു. മൂന്നു വർഷമായി തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് ഉപയോഗിച്ച് പ്രദേശിക വികസന പദ്ധതികൾ നടപ്പാക്ക്നായില്ല.
അതേസമയം, സംസ്ഥാന സർക്കാർ ഏറ്റെടുത്ത അമിതഭാരത്തിനും ധൂർത്തിനും ഒരു കുറവും വരുത്തിയതുമില്ല. ഉന്നതരുടെ ആഡംബര യാത്രയ്ക്ക് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും മന്ത്രിമാർക്കടക്കം ആഡംബര വാഹനങ്ങൾ വാങ്ങിയും ധൂർത്ത് തുടരുകയാണ്. അതിനിടയിൽ തദ്ദേശീയമായി നടപ്പാക്കേണ്ട വികസന പദ്ധതികളെല്ലാം പണമില്ലാത്തതിനാൽ മുടങ്ങി. തുടർച്ചയായുണ്ടായ പ്രളയക്കെടുതികളിൽ തകർന്ന ഗ്രാമീണ റോഡുകളൊന്നും അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനിടെയിലാണ് ആറു ജില്ലകളിൽ സിൽവർ റെയിൽ പദ്ധതിക്കു വേണ്ടി സ്ഥലമെടുപ്പ് അടക്കമുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം. തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഏറ്റെുക്കാനുള്ള സ്ഥലത്തിന്റെ അതിർത്തി തിരിച്ച് കല്ലിടുന്ന നടപടി പുരോഗമിക്കുന്നു. ഇതിനായി പ്രത്യേക തഹസീൽദാർമാരെ നിയമിക്കുകയും ചെയ്തു.
നിലവിൽ ഒന്നേകാൽ ലക്ഷം കോടിയുടെ അടങ്കൽ കണക്കാക്കിയിരിക്കുന്ന സിൽവർ ലൈൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയാൽപോലും ചെലവ് ഒന്നര ലക്ഷം കോടി രൂപയായി ഉയരും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കാനിരുന്ന വിഴിഞ്ഞം തുറമുഖം 2023ൽ മാത്രമേ പൂർത്തിയാകൂ എന്നാണ് സർക്കാർ പറയുന്നത്. ഈ സ്ഥിതിക്ക് സിൽവർ ലൈൻ പൂർത്തിയാക്കാൻ കാൽ നൂറ്റാണ്ടെങ്കിലും എടുക്കും. അടങ്കൽച്ചെലവ് ഇപ്പോഴത്തേതിന്റെ നാലിരട്ടിയെങ്കിലുമാകും. ഇതു താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ല. ഈ അഴിമതി ധൂർത്തിനു കുടപിടിക്കുന്ന സർക്കാരാണ് ഇപ്പോൾ തകർന്നു തരിപ്പണമായ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കു പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. അതീവഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന സാമ്പത്തികമാന്ദ്യം ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെപ്പോലും ബാധിക്കുമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണാധികാരികൾ പറയുന്നു.

Related posts

Leave a Comment