കെ റെയിൽ ; പദ്ധതി നടപ്പിലാക്കിയാൽ കിട്ടുന്ന കമ്മീഷനിലാണ് പിണറായി വിജയൻറെ കണ്ണ് : കെ സുധാകരൻ

കണ്ണൂർ : കെ-റെയിൽ പദ്ധതി വേണമോ എന്നത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ സർവേ നടത്താൻ സർക്കാർ തയാറാവണമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. കോൺഗ്രസുകാർ മാത്രമല്ല പദ്ധതിയെ എതിർക്കുന്നത്. പദ്ധതി കടന്നുപോകുന്ന ജില്ലകളിലെ കമ്യൂണിസ്റ്റുകാർ ഉൾപ്പടെയുള്ള ജനങ്ങൾ പദ്ധതിക്കെതിരാണെന്നും കെ സുധാകരൻ എംപി പറഞ്ഞു. കണ്ണൂർ ശ്രീകണ്ഠാപുരത്ത് സജീവ് ജോസഫ് എംഎൽഎ നയിച്ച ജനജാഗരൻ പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് കെ-റയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ പോകുന്നത്. പദ്ധതി നടപ്പിലാക്കിയാൽ ലഭിക്കുന്ന കമ്മീഷനിലാണ് പിണറായി വിജയൻറെ കണ്ണ്. കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ഇതിനെതിരെ ജനം പ്രതിഷേധിക്കും.
കൂടാതെ പൊലീസിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും കെ സുധാകരൻ എംപി രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ല. കേസുകളിൽപ്പെട്ട സിപിഎമ്മുകാരെ രക്ഷിക്കലാണ് പൊലീസിൻറെ പ്രധാന പണിയെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് സജീവ് ജോസഫ് എംഎൽഎ നയിച്ച പദയാത്രയിൽ പങ്കാളികളായത്. ചുണ്ടപ്പറമ്പിൽ ഡിസി സി പ്രസിഡൻറ് മാർട്ടിൻ ജോർജ് ജാഥാനായകന് പതാക കൈമാറിക്കൊണ്ട് പദയാത്ര ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരത്ത് നടന്ന സമാപന പൊതുസമ്മേളനത്തിൽ ബിആർഎം ഷെഫീർ മുഖ്യ പ്രഭാഷണം നടത്തി. സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Comment