കെ-റെയിൽ: മുഖ്യമന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് ജോസഫ് എം പുതുശ്ശേരി

തിരുവനന്തപുരം: പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കാത്ത ഹരിത പദ്ധതിയാണ് വേഗ റെയിൽപാതയായ സിൽവർലൈൻ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ആകെ വരുന്ന 532.19 കിലോമീറ്റർ ദൂരത്തിൽ 292.75 കി. മീറ്ററും (55%) എംബാങ്ക്മെന്റും 101.74 കി. മീറ്റർ (19.12%) കട്ടിങ്ങും 24.79 കി. മീറ്റർ (4.66%) കട്ട് ആൻഡ് കവർ എന്നിങ്ങനെയാണ് നിലവിലെ രൂപരേഖ. എംബാങ്ക്മെന്റ് എന്നു പറയുന്നത് ഇരുഭാഗത്തും ഭിത്തികെട്ടി നടുക്ക് മണ്ണും മറ്റു വസ്തുക്കളുമിട്ടുനിറക്കുന്ന 15 – 30 മീറ്റർ വീതിയുള്ള മതിൽ തന്നെയാണ്. ചുരുങ്ങിയത് എട്ട് മീറ്റർ ഉയരം. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും പ്രളയഭീഷണിയും വലുതാണ്. കൃഷി ഭൂമികളിൽ പാലത്തിനു മുകളിലൂടെ പോകുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അത് വെറും 88 കിലോമീറ്റർ മാത്രമാണ്.

നിയമം അനുശാസിക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളെക്കൊണ്ട് പഠനം നടത്താതെ, തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവിറോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് (CED) എന്ന സ്ഥാപനത്തെ കൊണ്ട് മൂന്നുമാസംകൊണ്ട് നടത്തിയ ദ്രുത പാരിസ്ഥികാഘാത പഠനത്തിൽ തന്നെ ഈ പദ്ധതിയുടെ ഇടനാഴിയിൽ 164 ഇടങ്ങൾ ജല ശാസ്ത്രപരമായി സെൻസിറ്റീവായ പ്രദേശങ്ങൾ ആണെന്നും ഇത് ഗുരുതരമായ ഹൈഡ്രോളജിക്കൽ ആഘാതം ഉണ്ടാക്കാമെന്നും അതുകൊണ്ടുതന്നെ എംബാങ്ക്മെന്റുകൾ കുറയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഭൂമിക്കടിയിൽ മണ്ണിന്റെ കുഴലുകൾ ഉണ്ടാവാനും ഭൂമി ഇടിഞ്ഞു താഴാനും ഉരുൾപൊട്ടൽ ഉണ്ടാവാനുള്ള സാധ്യതകളെപറ്റിയും ഈ പഠന റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നുണ്ട്. ഇതു മറച്ചുവെച്ചാണ് മുഖ്യമന്ത്രി പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് പറയുന്നത്.എന്നുമാത്രമല്ല ഈ രൂപരേഖ തന്നെ ഏരിയൽ സർവേ ഉപയോഗിച്ചുള്ളതാണ്. അതിൻപ്രകാരം നേരിട്ടുള്ള വസ്തുതാ പഠനമോ ലൊക്കേഷൻ സർവേയോ നാളിതുവരെ നടത്തിയിട്ടില്ല. ഗൂഗിൾ മാപ്പും ലിഡാർ സർവേയും ഉപയോഗിച്ച് അലൈൻമെന്റ് നിശ്ചയിച്ചിരിക്കുന്നത് തന്നെ അശാസ്ത്രീയമാണ്.

ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും എല്ലാം കൃത്യമായ തുക വകയിരുത്തിയിട്ടുണ്ട് എന്നും സാമ്പത്തിക ബാധ്യതയുടെ പൂർണ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ എസ്റ്റിമേറ്റ് തുക തന്നെ തെറ്റാണെന്നും 64,000 കോടി എന്നത് 1, 26,081 കോടിയായി ഉയരുമെന്നുമാണ് നിതി ആയോഗ് തന്നെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇപ്പോഴത്തെ നിരക്ക് പ്രകാരം അതു 2.10 ലക്ഷം കോടിയായി ഉയരുമെന്നാണ് അനുമാനം. ഈ വൻ ബാധ്യത കേരളം എങ്ങനെ താങ്ങാനാണ്? സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജ് ആയതിനാൽ ബ്രോഡ്ഗേജിലുള്ള ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധമില്ലാത്ത ഒറ്റപ്പെട്ട പാതയായി അവശേഷിക്കും. ഇതു അന്തർ സംസ്ഥാന ട്രെയിൻ യാത്രയേയും ചരക്കു കടത്തിനേയും പ്രതികൂലമായി ബാധിക്കുമെന്നും പുതുശ്ശേരി പറഞ്ഞു.

Related posts

Leave a Comment