കെ റെയിൽ പാളംതെറ്റുന്നു ; വീക്ഷണം എഡിറ്റോറിയൽ

വികസനത്തിന്റെ മറവിൽ കമ്മീഷൻ തട്ടിയെടുക്കുക എന്ന സംസ്ഥാന സർക്കാരിന്റെ നിഗൂഢ അജണ്ടയാണ് ജനരോഷത്തിൽ കത്തിച്ചാമ്പലാകുന്നത്. 63,940 കോടി രൂപ ചിലവ് വരുന്ന കെ റെയിൽ പദ്ധതി ജനങ്ങൾക്ക് വേണ്ടിയാണെന്ന് ആണയിടുന്ന മുഖ്യമന്ത്രി ഏത് ജനങ്ങളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി കാണുന്നത്. ഭീമമായ തുക മുതൽമുടക്കും അതിഭീകരമായ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്ന കെ റെയിൽ പദ്ധതി ശരിയായ പാളത്തിലൂടെയല്ല ഓടുന്നതെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കുതിച്ചുപായുന്ന ജനരോഷത്തിൽ നിന്ന് മുക്തമാകാൻ പദ്ധതി ഉപേക്ഷിച്ചേ മതിയാവൂ എന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായത് ജനരോഷത്തിന്റെ ശക്തികൊണ്ടു മാത്രമാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന കെ റെയിൽ ഗുണമോ ദോഷമോ സൃഷ്ടിക്കുകയെന്ന ജനഹിതം മനസ്സിലാക്കാതെ അഹങ്കാരത്തോടും ധാർഷ്ട്യത്തോടും പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിന്റെ തിരിച്ചടിയാണ് ഇപ്പോൾ കെ റെയിൽ അഭിമുഖീകരിക്കുന്നത്. പദ്ധതി തട്ടിപ്പാണെന്നും വൻ അഴിമതി ഇതിൽ ഒളിഞ്ഞ് കിടപ്പുണ്ടെന്നും പ്രതിപക്ഷവും പദ്ധതിയെ എതിർക്കുന്ന പരിസ്ഥിതി സംഘടനകളും സാമൂഹ്യ പ്രവർത്തകരും ഏകസ്വരത്തിൽ പറയുന്നു. നിയമ വിധേയമോ വ്യവസ്ഥാപിത മാർഗങ്ങളോ അവലംബിക്കാതെ ഭരണത്തിന്റെ പേശിബലം ഉപയോഗിച്ചായിരുന്നു സർവേ എന്ന പേരിൽ ഉടമകളുടെ അനുവാദമില്ലാതെ മഞ്ഞക്കല്ല് സ്ഥാപിച്ചത്. പാർപ്പിടങ്ങളും കൃഷിഭൂമിയും തൊഴിലിടങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ആയിരക്കണക്കിന് കെട്ടിടങ്ങൾ പൊളിച്ചുനീക്കി വേണമായിരുന്നു കെ റെയിൽ പദ്ധതി നടപ്പാക്കാൻ. ഭൂമി പിടിച്ചെടുക്കാൻ വന്നവർക്കെതിരെ പ്രതിഷേധിച്ച പാവങ്ങളെ അതിഭീകരമായാണ് പൊലീസ് കൈകാര്യം ചെയ്തത്. കാലവും കാലാവസ്ഥയും മുറതെറ്റിവരുന്ന കേരളത്തിലുണ്ടായ രണ്ട് പ്രളയങ്ങളുടെ ദുരിതങ്ങളുട പാട് മായാത്ത അവസ്ഥയിൽ വൻമതിലുകളുയരുമ്പോൾ വെള്ളക്കെട്ടുണ്ടാവുമെന്നത് ചെറിയ കുഞ്ഞുങ്ങൾക്കുപോലും അറിയാവുന്ന കാര്യമാണ്. കേന്ദ്രാനുമതിയോ റെയിൽവെ ബോർഡിന്റെ അനുവാദമോ അറിവോ ഇല്ലാതെ കെ റെയിൽ നടപ്പാക്കാനുള്ള സർക്കാരിന്റെ ധൃതിപിടിച്ചുള്ള പ്രവർത്തനങ്ങൾ സംശയാസ്പദമായിരുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ സർക്കാരിന്റെ പക്കൽ ഡിപിആർ പോലുമില്ലായിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് ഡിപിആർ എന്ന പേരിൽ ശരിയായ നിഗമനങ്ങളും കണക്കുമില്ലാതെ ഒരു രേഖ തട്ടിക്കൂട്ടുകയായിരുന്നു. അർഹമായ നഷ്ടപരിഹാരവും സമ്മതപത്രവുമില്ലാതെ സ്വകാര്യഭൂമി പിടിച്ചെടുക്കുന്ന കാടത്ത നടപടിയാണ് സർക്കാർ സ്വീകരിച്ചത്. വാഹന ഗതാഗതത്തിലൂടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, ഗതാഗത കുരുക്ക്, അപകടങ്ങൾ എന്നിവ കുറയ്ക്കുന്നതിന് വേണ്ടിയാണ് സിൽവർലൈൻ ആരംഭിക്കുന്നതെന്ന സർക്കാരിന്റെ വിശദീകരണം ആരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം റോഡുകളുടെയും റെയിൽവെ ലൈനുകളുടെയും അവസ്ഥ മഴക്കാലത്ത് പരിതാപകരമായിരിക്കും. ഈ കാലത്ത് യാത്ര മന്ദഗതിയിലാകും. ഇതിനുള്ള ബദൽ മാർഗമാണ് സിൽവർലൈൻ എന്ന സർക്കാരിന്റെ ന്യായീകരണം ഒട്ടും വിശ്വസനീയമല്ല. ജനസംഖ്യയും ജനസാന്ദ്രതയും കൂടിയ ഒരു സംസ്ഥാനത്തിന് യോജിച്ചതല്ല സിൽവർലൈൻ പദ്ധതി. എല്ലാ തടസ്സങ്ങളും നീക്കി കെ റെയിൽ നിർമ്മിക്കപ്പെട്ടാലും റോഡിലെ തിരക്കും കുരുക്കും കുറയുന്നില്ല. മുപ്പതിനായിരം കുടുംബങ്ങളെ വഴിയാധാരമാക്കിയുള്ള റെയിൽ സൗകര്യം അനിവാര്യമാണോ എന്ന് സർക്കാർ ചിന്തിക്കേണ്ടതാണ്. പാത നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ എവിടെനിന്ന് സംഭരിക്കുമെന്ന് സർക്കാരിന് യാതൊരു നിശ്ചയവുമില്ല. ജനവിരുദ്ധ വികസന പദ്ധതികളുയരുന്നത് ജനങ്ങളിൽ ആശങ്ക പടർത്തുന്നത് സ്വാഭാവികമാണ്. സർക്കാരിന്റെ സ്വേച്ഛാധിപത്യ നടപടികളാണ് ജനങ്ങളെ പദ്ധതിക്കെതിരെ പൊരുതാൻ പ്രേരിപ്പിക്കുന്നത്. ജനകീയ സമരങ്ങളിൽ പങ്കാളികളാവുന്നവരെ അർബൻ നക്‌സലുകളെന്നും മതതീവ്രവാദികളെന്നും ആക്ഷേപിക്കുന്നത് സർക്കാരിന്റെ വിലകുറഞ്ഞ നിലപാടുകളാണ്.

Related posts

Leave a Comment