കെ റെയിലിൽ നിയമനങ്ങൾ തകൃതി ; ഇതുവരെ നടന്നത് 51 നിയമനങ്ങൾ ; ചുക്കാൻ പിടിക്കുന്നത് ബ്രിട്ടാസിന്റെ ഭാര്യ

തിരുവനന്തപുരം: പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങൾ നടത്തുകയോ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുകയോ ചെയ്യാത്ത കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സർക്കാർ തിടുക്കത്തിൽ നിയമനങ്ങൾ നടത്തുന്നു. കെ റെയിലിന് വേണ്ടി സർക്കാർ അനാവശ്യ ധൃതി കാട്ടുന്നത് എന്തിനെന്ന ചോദ്യം ഉയരുന്നതിനിടെയാണ് നിയമനങ്ങൾ തകൃതിയായി നടക്കുന്നത്. നിയമനങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനും രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസിന്റെ ഭാര്യ ഷേബ ബ്രിട്ടാസാണ്. റെയിൽവേ ഉദ്യോഗസ്ഥയായ ഷേബ നിലവിൽ ഡെപ്യൂട്ടേഷനിൽ കേരളാ റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ റെയിൽ) എച്ച്.ആർ വിഭാഗം ഡിജിഎമ്മാണ്. റെയിൽവേ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഷേബ 2018 മുതലാണ് കെ റെയിലിന്റെ ഭാഗമായത്. മൂന്ന് വർഷത്തേക്കായിരുന്ന നിയമനം ഇപ്പോൾ 2023 വരെ നീട്ടി നൽകിയിരിക്കുകയാണ്.
51 നിയമനങ്ങളാണ് കെ റെയിലിൽ ഇതുവരെ നടന്നത്. നിയമനങ്ങൾ നടത്തുന്നതിനുള്ള ചുമതല ഷേബ ബ്രിട്ടാസിനാണ്. മൂന്ന് സീനിയർ സെക്ഷൻ എഞ്ചിനിയർ, ഒരു ജനറൽ മാനേജർ, ഒരു സീനീയർ ഡെപ്യൂട്ടി ജനറൽ മാനേജർ, ഒരു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു ഡപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ് ആന്റ് അക്കൗണ്ട്‌സ് ), ഒരു ജനറൽ മാനേജർ (സിവിൽ ), ഒരു സീനിയർ സെക്ഷൻ ഓഫിസർ (അക്കൗണ്ട്‌സ്), അഞ്ച് സെക്ഷൻ ഓഫീസർ (സിവിൽ), 11 ഡയറക്ടർ (പ്രൊജക്ട് ആന്റ് പ്ലാനിംഗ്), ഒരു ഓഫിസ് സൂപ്രണ്ട്, രണ്ട് അസിസ്റ്റന്റ് മാനേജർ (സിവിൽ), ഒരു ഫിനാൻഷ്യൽ അസിസ്റ്റന്റ്, രണ്ട് ലാന്റ് അക്വിസിഷൻ അസിസ്റ്റന്റ്, ഒരു പി.എ, ഒരു സീനിയർ സെക്ഷൻ എഞ്ചിനിയർ (വർക്ക്‌സ്), 10 എക്‌സിക്യൂട്ടിവ് എഞ്ചിനിയർ (ഇലക്ട്രിക്കൽ), മൂന്ന് ജൂനിയർ ജനറൽ മാനേജർ (സിവിൽ), ഒരു സ്‌പെഷ്യൽ ഓഫീസർ, രണ്ട് അസിസന്റ് മാനേജർ തുടങ്ങി 51 തസ്തികകളിൽ കെ റെയിലിൽ നിയമനം നടത്തി. സിപിഎം നേതാക്കളുടെ ബന്ധുക്കളിൽ ചിലരെ മറ്റു ചില തസ്തികകളിൽ ഉടൻ നിയമനം നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
റെയിൽവേ ഉദ്യോഗസ്ഥയായ ഷേബ കെ റെയിലിൽ ഡപ്യൂട്ടി ജനറൽ മാനേജരായി 2018 മുതൽ ജോലി ചെയ്യുന്നു എന്ന വിവരം സർക്കാർ മറച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിട്ടതോടെയാണ് സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും കെ റെയിലുമായി മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിന് പിന്നിലെ ചേതോവികാരം പരസ്യമായത്. അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രിയിൽ നിന്നും അനുമതി വാങ്ങിക്കാനുള്ള ചുമതല ജോൺ ബ്രിട്ടാസിനെയാണ് മുഖ്യമന്ത്രി ഏൽപ്പിച്ചിരിക്കുന്നത്. ജോൺ ബ്രിട്ടാസ് ഡൽഹിയിൽ നിന്ന് സിൽവർ ലൈൻ പദ്ധതിക്ക് ചുക്കാൻ പിടിക്കുമ്പോൾ കേരളത്തിൽ കെ റെയിലിലെ നിയമനങ്ങൾക്ക് കുടപിടിക്കുകയാണ് ബ്രിട്ടാസിന്റെ ഭാര്യ ഷേബ

Related posts

Leave a Comment