ബാലഗോപാലും ജിഎസ്‌ടിയുടെ കാണാപ്പുറങ്ങളും

മൂന്നാം കണ്ണ്

  • C.P. രാജശേഖരന്‍

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ പെടുത്തിയാലും അവയുടെ വില കുറയില്ലെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ പ്രസ്താവനയുടെ കാണാപ്പുറങ്ങള്‍ തേടുകയാണ് സംസ്ഥാനത്തെ സാമ്പത്തിക വിദഗ്ധര്‍. ഒരു ലിറ്റര്‍ പെട്രോളിന്‍റെ അടിസ്ഥാന വിലയുടെ 30.8 ശതമാനം തുക സംസ്ഥാന സര്‍ക്കാരും അത്രയും തന്നെ തുക കേന്ദ്ര സര്‍ക്കാരും നികുതി ചുമത്തുന്നുണ്ടെന്ന കാര്യം അറിയാത്തയാളല്ല അദ്ദേഹം. ഇതിനു പുറമേ പ്രളയം, റോഡ്, വിദ്യാഭ്യാസം, കോവിഡ് തുടങ്ങി ഏതേതിനൊക്കെ കേന്ദ്രവും സംസ്ഥാനവും വെവ്വേറെ സെസുകള്‍ ഈടാക്കുന്നു എന്ന കാര്യവും അദ്ദേഹത്തിന്‍റെ മന്ത്രാലയത്തിലെ ഏതെങ്കിലും ഗുമസ്ഥനോടു ചോദിച്ചാലും പറഞ്ഞുകൊടുക്കും. അങ്ങനെ അടിസ്ഥാന വിലയുടെ ഏതാണ്ട് അറുപത്തഞ്ചു ശതമാനത്തോളം നികുതിയും സെസും വരുന്നതു കൊണ്ടാണ് പെട്രോള്‍ ലിറ്ററിന് നൂറു രൂപയില്‍ കൂടുതല്‍ വന്നു നില്‍ക്കുന്നത്.

ഡീസലിന്‍റെ കാര്യത്തിലും ഇതാണ് കണക്ക്. എന്നാള്‍ ഈ ഇന്ധനങ്ങളെ ചരക്കു സേവന നികുതി (ജിഎസ്ടി)യുടെ പരിധിയില്‍ കൊണ്ടു വന്നാല്‍ പരമാവധി 28 ശതമാനം നികുതി നല്‍കിയാല്‍ മതി. അതിന്‍റെ പകുതി (14 %) സംസ്ഥാനത്തിനും ബാക്കി കേന്ദ്രത്തിനും ലഭിക്കും.അതായത് നിലവില്‍ 102 രൂപയ്ക്കു വില്‍ക്കുന്ന പെട്രോള്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ 58-60 രൂപയ്ക്കു ലഭിക്കും. അങ്ങനെ സംഭവിച്ചാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് 40 മുതല്‍ 60% വരെ വിലക്കുറവുണ്ടാകുമെന്ന് ദേശീയ നീതി ആയോജക് വകുപ്പിലെ വിദഗ്ധര്‍ കേന്ദ്രത്തിലെ ധനമന്ത്രി നിര്‍മല സീതാരാമനെ ധരിപ്പിച്ചിട്ടുണ്ട്. പക്ഷേ, നിര്‍മലയ്ക്കും പണത്തിന് ആവശ്യമുള്ളതിനാല്‍ കോരന്‍റെ കുമ്പിളിലാണ് അവരുടെയും കൈകള്‍.

 കണക്കുകള്‍ ഈ വിധത്തിലായിരിക്കുമ്പോഴാണ് ഇന്ധനങ്ങളെ ജിഎസ്ടിയില്‍ പെടുത്തിയാലും വില കുറയില്ലെന്നു ധനമന്ത്രി ബാലഗോപാല്‍ വാശിപിടിക്കുന്നത്. കോമേഴ്സിലും നിയമത്തിലും ബിരുദാനന്തര ബിരുദമുള്ള ഈ മന്ത്രിക്കു കണക്കില്‍ വലിയ പാടിപാടില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഏതായാലും ഒരു സാധനത്തിന്‍റെ നികുതി കുറയുമ്പോള്‍ അതിന്‍റെ വിലയും കുറയുമെന്ന് അദ്ദേഹത്തെ ആ പദവിയിലെത്തിച്ച മുഖ്യമന്ത്രിയെങ്കിലും പറഞ്ഞുകൊടുക്കണം.

  • ആനപ്പുറത്തിരുന്നാലും ജനത്തെ പേടിക്കണം

ഓരോ പദവിയിലെത്തുമ്പോള്‍ ആരും പഴയ നില മറന്നു പോകരുത്. രാഷ്‌ട്രീയ കേരളത്തിനു എസ്എഫ്ഐ നല്‍കിയ സംഭാവനയാണു കെ.എന്‍. ബാലഗോപാല്‍. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് മുതല്‍ ദേശീയ പ്രസിഡന്‍റ് വരെ ആയിട്ടുണ്ട് അദ്ദേഹം. പിന്നാലെ ഡിവൈഎഫ്ഐയിലും ഈ പദവികളെല്ലാം വഹിച്ചു. അക്കാലത്ത് അദ്ദേഹം നടത്തിയിട്ടുള്ള നിരവധി സമരങ്ങള്‍ ഇന്ധന വില വര്‍ധനവിനെതിരേ ആയിരുന്നു. മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍ അന്‍പതോ അറുപതോ പൈസയോ പരമാവധി ഒരു രൂപയോ കൂടുന്നതായിരുന്നു അന്നത്തെ പെട്രോള്‍ വില വര്‍ധന. അതിനെതിരേ ആയിരുന്നു ബാലഗോപാലും സംഘവും മന്ത്രിമാരുടെ കാറിനു മുന്നില്‍ കരിങ്കൊടിയുമായി ചാടി വീണു തല്ലുകൊണ്ടത്. മന്ത്രി ആയപ്പോള്‍ പെട്രോള്‍ ജിഎസ്ടിയുടെ പരിധിയില്‍ പെടുത്തിയാലും വില കുറയില്ലെന്ന പച്ചക്കള്ളം പറഞ്ഞ് ബാലഗോപാല്‍ ജനങ്ങളെ പറ്റിക്കുന്നു. ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കേണ്ട എന്ന അഹംഭാവമാണോ ബാലഗോപാലിന്? എങ്കില്‍, എന്നെങ്കിലും അധികാരമെന്ന ആന ചരിയുമെന്നും അതിന്‍റെ പുറത്തിരിക്കുന്നവന്‍ ജനമധ്യത്തില്‍ വീഴുമെന്നും മറക്കാതിരുന്നാല്‍  കൊള്ളാം.

ഒരു ലിറ്റര്‍ പെട്രോള്‍ 58-60 രൂപയ്ക്ക് വിറ്റാലും റിഫൈനറികള്‍ക്കു ലാഭമാണ്. അതിനു മുകളിലാണ് 65 ശതമാനം വരെ നികുതി ഈടാക്കുന്നത്. കൊവിഡിനു തൊട്ടുമുന്‍പുള്ള 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ഇന്ധന വരുമാനം ലഭിച്ചത്. എണ്ണായിരം കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 7,120 കോടിയിലേക്കു താഴ്ന്നു. മോട്ടോര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാതിരുന്നതാണു കാരണം. അടുത്ത വര്‍ഷത്തോടെ ഈ സ്ഥിതികളെല്ലാം മാറും. ഇന്ധന നികുതി ഇതേ നിലയില്‍ തുടര്‍ന്നാല്‍പോലും നികിതി വരുമാനം പതിനായിരം കോടി രൂപ കവിയുമെന്നാണു കണക്ക്. ഇത്രയും തുക കേന്ദ്ര സര്‍ക്കാരിനും ലഭിക്കുമെന്നതിനാല്‍ നരേന്ദ്ര മോദിയും ഈ വറചട്ടിയിലേക്ക് പാവം ജനങ്ങളെ എറിഞ്ഞുകൊടുക്കുകയാണ്.

  • കവാത്ത് മറന്നു മോദിയും

ഭരണത്തിലേറുന്നതിനു മുന്‍പ് മോദി പറഞ്ഞ “അച്ഛാ ദിന്‍” എന്നത് പെട്രോളിന് അന്‍പതു രൂപ എന്ന സമവാക്യത്തിലൂന്നിയാണ്. പക്ഷേ, സായിപ്പിനെ കണ്ടപ്പോള്‍ മോദിയും കവാത്ത് മറന്നു. ഒരു ബാരല്‍ ക്രൂഡ് ഓയിലിനു 110 ഡോളര്‍ നല്‍കി വാങ്ങി, ഒരു ലിറ്റര്‍ പെട്രോള്‍ 70 രൂപയ്ക്കു വിറ്റ ഡോ.‌ മന്‍മോഹന്‍സിങ്ങിനെ വെല്ലുവിളിച്ച് അധികാരത്തിലെത്തിയ മോദിയാണ്   ഒരു ബാരല്‍ ക്രൂഡ് എഴുപതു ഡോളറിനു വാങ്ങി പെട്രോളിനു 103 രൂപയ്ക്കു വില്‍ക്കുന്നത്.

എണ്ണക്കമ്പനികളെ നവരത്ന നിലവാരത്തില്‍ നിലനിര്‍ത്തിക്കൊണ്ടായിരുന്നു മന്‍മോഹന്‍ സിങ് ഇന്ധനക്കച്ചവടം നടത്തിയത്. എന്നാലിപ്പോള്‍, ഈ പൊതുമേഖലാസ്ഥാപനങ്ങളെ അപ്പാടെ സ്വകാര്യമേഖലയ്ക്കു പണയപ്പെടുത്തി കൊള്ളലാഭം കൊട്ടുന്ന നരേന്ദ്ര മോദിക്ക് ഓശാന പാടുന്ന പിണറായി വിജയനും ഇന്ധനവിലവര്‍ധനവിനു ചൂട്ടുപിടിക്കുന്നു. മന്‍‌മോഹന്‍ സിംഗ് ഇന്ത്യ ഭരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയാണ് കേരളം ഭരിച്ചത്. അന്ന് കേരളത്തിന്‍റെ അധിക വില്പന നികുതി വരുമാനം വേണ്ടെന്നു വച്ച് ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്നു ഉമ്മന്‍ ചാണ്ടി രക്ഷപ്പെടുത്തി. പക്ഷേ, ഇന്നത്തെ പിണറായി സര്‍ക്കാരോ? ജിഎസ്ടിയുടെ പരിധിയില്‍പ്പെടുത്തിയാലും പെട്രോളിയം വില കുറയ്ക്കില്ലെന്നു കട്ടായം പറയുന്നു. കാരണം ഭരണധൂര്‍ത്തിനു സര്‍ക്കാരിന്‍റെ പക്കല്‍ പണമില്ലപോലും.

 അതു കിട്ടാന്‍ മൂന്നു മാര്‍ഗങ്ങളേ സര്‍ക്കാരിന്‍റെ മുന്നിലുള്ളൂ. ഇന്ധനം, മദ്യം, ലോട്ടറി. പമ്പില്‍ നേരിട്ട് കൈയിട്ടു വാരി ട്രഷറിയിലെത്തിക്കുന്ന പെട്രോളിയം പകല്‍ക്കൊള്ള നിര്‍ത്താലാക്കില്ലെന്നു മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ലിറ്ററിന് എഴുപതു രൂപയ്ക്കു ലഭിക്കുന്ന എക്സട്രാ ന്യൂട്രല്‍ ആല്ക്കഹോളില്‍ അല്പസ്വല്പം നിറവും എസ്സന്‍സും ബാക്കി വെള്ളവും ചേര്‍ത്ത് അറുനൂറു രൂപയ്ക്കു മുകളില്‍ വില്‍ക്കുന്നതാണു മദ്യക്കച്ചവടം. കുടിയന്മാരുള്ളിടത്തോളം ഈ കച്ചവടവും പൊടിപൊടിക്കും. മനുഷ്യന്‍റെ ആഗ്രഹങ്ങളെ അത്യാഗ്രഹങ്ങളുടെ മായാവലയത്തില്‍പ്പെടുത്തി നടത്തുന്ന മായക്കച്ചവടം- ലോട്ടറിയും നില്‍ക്കാന്‍ പോകുന്നില്ല. കേരളത്തിലേക്ക് സാന്‍ഡിയാഗോ മാര്‍ട്ടിന്‍ കൂടി ലോട്ടറിയുമായി വരുന്ന കാലം വിദൂരമല്ല.

ഇതിനെല്ലാം പുറമേ കടം വാങ്ങിമുടിയുകയാണു സംസ്ഥാനം. 2016ല്‍ അധികാരത്തില്‍ വന്ന പിണറായി വിജയനു മുന്‍പ് കേരളം ഭരിച്ച മുഴുവന്‍ മുഖ്യമന്ത്രിമാരും കൂടി വാങ്ങിയതിനെക്കാള്‍ കൂടുതല്‍ കടമാണ് ആദ്യത്തെ അഞ്ചു വര്‍ഷം കൊണ്ട് പിണറായി വിജയന്‍ വാങ്ങിക്കൂട്ടിയത്. ഇപ്പോഴത് ഒരു ദിവസം 97 കോടി രൂപയായി വളര്‍ന്നിരിക്കുന്നു. ഈ പണം തിരിച്ചടയ്ക്കുക എന്നത് ഇനി വരുന്ന സര്‍ക്കാരുകള്‍ക്ക് ഏറെ ദുഷ്കരമാകും. കേരളത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനുമുണ്ട്, ഇപ്പോള്‍ ഒരു ലക്ഷത്തിന്‍റെ കടം.

 സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി അവസാനിച്ചു. ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ലഭിക്കില്ല. പിന്നെങ്ങനെ മുന്നോട്ടു പോകും? ഇന്ധനം, മദ്യം, ലോട്ടറി എന്നിവ സംസ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്ന ഉത്പന്നങ്ങളാണ്. അതിന്‍റെ നിക‌ുതികള്‍ പിണറായി വിജയന്‍ നിശ്ചയിക്കും, ബാലഗോപാല്‍ പ്രഖ്യാപിക്കും. ഉയര്‍ന്ന വില നല്‍കി സൗകര്യമുള്ളവന്‍ വാങ്ങായാല്‍ മതി, അതല്ലാതെ ഒരു വഴിയുമില്ല. അതാണു ബാലഗോപാല്‍ പറഞ്ഞ ജിഎസ്ടിയുടെ ഗുട്ടന്‍സ്!

Related posts

Leave a Comment