ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എം.പി കെ.മുരളീധരന്‍. ഒരു ഗവര്‍ണര്‍ എത്രമാത്രം തരംതാഴാം എന്ന് ഗവര്‍ണര്‍ തെളിയിച്ചു​െവന്നും അദ്ദേഹം പറഞ്ഞു.. ഈ സ്ഥിതിയ്ക്ക് സര്‍ക്കാരും ഉത്തരവാദിയാണെന്നും തുടക്കം മുതല്‍ എല്ലാം നടത്തി കൊടുത്തതിന്റെ കുഴപ്പമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

സെക്രട്ടറിയെ മാറ്റാന്‍ ആവശ്യപ്പെട്ടില്ലെന്ന് ഗവര്‍ണര്‍ പറയുന്നു. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി ഇത് വ്യക്തമാക്കണം. വിയോജന കുറിപ്പ് കൊടുക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് ഫയല്‍ തിരിച്ചയക്കണമായിരുന്നു. നയപ്രഖ്യാപനം നടത്താന്‍ മാത്രം ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടിയിരുന്നില്ല. പൂച്ചയെ കണ്ട് പേടിച്ചാല്‍ പുലിയെ കാണുമ്ബോഴുള്ള അവസ്ഥ എന്താകും. മുഖ്യമന്ത്രിയ്ക്ക് ഇരട്ടച്ചങ്കൊന്നും ഇല്ല, സിംഗിള്‍ ചങ്ക് എന്ന് തന്നെ ഉണ്ടോ എന്ന് സംശയമാണ്. ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പേടിച്ചാല്‍ അമിത് ഷായില്‍ നിന്ന് എങ്ങനെ ജനങ്ങളെ രക്ഷിക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വഴിപാട് പോലെയായി. പ്രതിപക്ഷം ഇറങ്ങിപ്പോയി, ഭരണപക്ഷം കൈയടിച്ചില്ല. പേഴ്സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. യു ഡി എഫ് സര്‍ക്കാരാണ് പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊണ്ടുവന്നത്. ഇടതുപക്ഷം വന്നപ്പോഴാണ് ഇതില്‍ കൂടുതല്‍ ഇളവുകള്‍ വന്നത്. അതാണ് ഗവര്‍ണര്‍ക്ക് വിമര്‍ശിക്കാന്‍ ഇട നല്‍കിയത്. ഗവര്‍ണറുടെ ഭീഷണിയ്ക്ക് വഴങ്ങി വിഷയം പുനര്‍ പരിശോധിക്കരുത്. അനാവശ്യ ഭീഷണി തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്ക് ധീരത വേണം.

പ്രതിപക്ഷ നേതാവിനെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശത്തെയും മുരളീധരന്‍ വിമര്‍ശിച്ചു. എല്ലാ ജോലിയും ഗവര്‍ണര്‍ ചെയ്യുന്നു. ബിജെപി നേതാക്കള്‍ക്ക് പണിയില്ലാതായി. ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറായാല്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാകും. ശക്തമായ നടപടി സ്വീകരിക്കണം. രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളിലെ ഇടപെടല്‍ ഗവര്‍ണറുടെ ജോലിയല്ല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് സ്ഥാനം ഒഴിഞ്ഞിട്ട് വേണം. ഉന്നത സ്ഥാനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ രാജ്ഭവനെ കരുവാക്കരുത്.ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തതെന്ന് പറയുന്നില്ല. പക്ഷെ പരിമിതികള്‍ മനസ്സിലാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Related posts

Leave a Comment