ഇന്നു കെ. മാധവൻ നായർ അനുസ്മരണം

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും കെപിസിസിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന കെ. മാധവൻ നായരുടെ ജന്മദിനാഘോഷം ഇന്ന്. കെപിസിസി യുടെ നേതൃത്വത്തിൽ രാവിലെ 11ന് ശ്രീചിത്രഹോമിൽ ലഡുവിതരണവും കേക്ക് മുറിക്കലും ഉണ്ടാകും. ജന്മദിനാഘോഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കെപിസിസി, ഡിസിസി ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും.
കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിൻറെ ആദ്യകാല ചരിത്രമാണ് കാരുതൊടിയിൽ മാധവൻനായരുടെ ജീവചരിത്രം. 1916 ൽ കെ.പി.കേശവമേനോനോടൊപ്പം പൊതുജീവിതം തുടങ്ങിയ അദ്ദേഹം മരണം വരെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹികജീവിതത്തിൽ നിറഞ്ഞുനിന്നു.
മലബാറിന്റെ രാഷ്‌ട്രീയ നവോത്ഥാന രം​ഗത്ത് വിപ്ലവകരമായ സാന്നിധ്യമായിരുന്നു മാധവൻ നായർ. കെ. പി. കേശവ മേനോനോടും സുഹൃത്തുക്കളോടുമൊപ്പം ചേർന്ന് മാതൃഭൂമി പത്രം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കേരളത്തിലെ ആദ്യകാല സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രധാനി. നാഗ്പൂർ കോൺഗ്രസ്സ് സമ്മേളനത്തിനു ശേഷം കെ.പി.സി.സി. രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ സെക്രട്ടറിയും പിന്നീടു പ്രസിഡന്റുമായി.

ദേശീയസ്വാതന്ത്ര്യപ്രവർത്തനം, ഖിലാഫത്ത് പ്രവർത്തനം, അക്കാലത്തെ ദുരിതാശ്വാസപ്രവർത്തനം, വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, എന്നിവയിൽ മുന്നണിയിലുണ്ടായിരുന്നു. മലബാർ കലാപം എന്ന വിശിഷ്ട ഗ്രന്ഥത്തിൻറെ കർത്താവുമാണദ്ദേഹം.
1915 മുതൽ തന്നെ മാധവൻ നായരുടെ പൊതുപ്രവർത്തനവും തുടങ്ങി. 1917 ൽ തളിക്ഷേത്ര റോഡിൽ താണജാതിക്കാർക്കുള്ള നിരോധനം ലംഘിച്ച് അദ്ദേഹം കേശവമേനോൻ, മഞ്ചേരി രാമയ്യർ എന്നിവരുടെ കൂടെ കൃഷ്ണൻ വക്കീലിനെ കൂട്ടി യാത്ര നടത്തി. കൃഷ്ണൻ വക്കീലിനെ ആരും തടഞ്ഞില്ല. അതോടെ തളി റോഡിലെ തീണ്ടൽ പ്രശ്നവും തീർന്നു.

1916 ൽ മലബാറിൽ ആരംഭിച്ച ഹോം റൂൾ പ്രസ്ഥാനത്തിൻറെ സജീവ പ്രവർത്തകനായി.1924 ൽ വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കുന്നതിലും നടത്തിക്കുന്നതിലും സജീവമായ പങ്കുവഹിച്ചു മാധവൻ നായർ 1930 ൽ അറസ്റ്റിലായി. അഞ്ചു മാസത്തെ തടവും കിട്ടി. അമ്പത്തിയൊന്നാം വയസ്സിൽ,1933 സെപ്റ്റംബർ 28ന് മാധവൻ നായർ അന്തരിച്ചു.

Related posts

Leave a Comment