കെ.കെ. ശൈലജ പാർട്ടിക്കു വഴങ്ങിയില്ല, അതുകൊണ്ട് മന്ത്രിയായില്ല: എം.വി. ജയരാജൻ

കണ്ണൂർ: മുൻ ആരോ​ഗ്യ മന്ത്രി കെ. കെ. ശൈലയജയ്ക്ക് രണ്ടാമത് മന്ത്രിസ്ഥാനം നൽകാതിരുന്നത് അവർ പാർട്ടിക്കു വഴങ്ങാതിരുന്നതുകൊണ്ടാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. വ്യക്തി പാർട്ടിക്ക് കീഴടങ്ങണം എന്നതാണ് കമ്യൂണിസ്റ്റ് തത്വം. ശൈലജ അതു പാലിച്ചില്ലെന്നും എം വി ജയരാജൻ. കെ കെ ശൈലജയെ മന്ത്രിയാക്കാഞ്ഞത് പാർട്ടി നയം ഇതായതു കൊണ്ടാണ്. താഴേത്തട്ടിൽ വിമർശനം ഉയരുന്നതിൽ പാർട്ടിക്ക് ഭയമില്ലെന്നും ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടിയിലടക്കം വലിയ സ്വീകാര്യത ഉണ്ടായിരുന്നിട്ടും ശൈലജയെ മന്ത്രിയാക്കാൻ പിണറായി വിജയൻ കൂട്ടാക്കിയില്ല. എന്നാൽ അതിന്റെ കാരണം വ്യക്തമാക്കാൻ സിപിഎം ഇതുവരെ തയാറായിരുന്നില്ല. ആദ്യമായാണ് അതിനു കാരണം പാർട്ടി ഔദ്യോ​ഗികമായി വ്യക്തമാക്കുന്നത്.


മുഖ്യമന്ത്രി പിണറായി വിജയനു മുകളിലേക്ക് ശൈലജയുടെ വ്യക്തിപ്രഭാവം വളർന്നതാണ് അവർക്കു വിനയായത്. ഒന്നാം കോവിഡ് തരം​ഗകാലത്ത് ശൈലജ കാണിച്ച നേതൃത്വപരമായ കഴിവ് ആ​ഗോള തലത്തിൽ ശ്രദ്ധ നേടിയിരുന്നു. കോവിഡ് വ്യാപനവും നിയന്ത്രണ നടപടികളും ജനങ്ങൾ കാണിക്കേണ്ട ജാ​ഗ്രതയും ഓരോ ദിവസവും വാർത്താ സമ്മേളനം നടത്തി ശൈലജ വെളി‌പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അനുമതി ഇല്ലാതെയാണ്. അതിലെ ജനകീയത തിരിച്ചറിഞ്ഞ പിണറായി വിജയന്റെ പിആർ ടീം പത്രസമ്മേളനം മന്ത്രിയിൽ നിന്ന് ഏറ്റെടുത്തു മുഖ്യമന്ത്രിയെ ഏല്പിച്ചു. തുടക്കത്തിൽ മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. എന്നാൽ പിന്നീട് വാർത്താ സമ്മേളനങ്ങളിൽ നിന്ന് മന്ത്രിയെ ഒഴിവാക്കി.
കോവിഡ് സംബന്ധിച്ച ഒരു വിവരവും നൽകാൻ മന്ത്രിയെ അനുവദിച്ചതുമില്ല. അതിനിടെ, ചില ആ​ഗോള മാധ്യമങ്ങൾ മന്ത്രി കെ.കെ. ശൈലജയെ അനുമോദിച്ചു രം​ഗത്തു വരികയും കേരളത്തിലെ ഒരു പ്രമുഖ ചാനൽ മന്ത്രിയെ ന്യൂസ് മേക്കറായി ജനകീയ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും ചെയ്തു. അതിനിടെ, ഇടതു മുന്നണി വീണ്ടും അധികാരത്തിലെത്തിയാൽ ആരാവും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് പാർട്ടിക്കുള്ളിൽ പോലും കെ.കെ. ശൈലജ എന്ന ആശയം ഉടലെടുത്തപ്പോളാണ് അവരെ വെട്ടിമാറ്റാൻ പിണറായി വിജയൻ തീരുമാനിച്ചത്. ഒന്നാം പിണറായി വിജയൻ സർക്കാരിലെ ഒരാൾക്കും രണ്ടാമത് അവസരം നൽകില്ലെന്ന തീരുമാനം, ശൈലജയുടെ അവസാനത്തെ ആണിയും തറയ്ക്കാനായിരുന്നു എന്നാണ് ജയരാജന്റെ പരസ്യ പ്രസ്താവനയിലൂടെ വെളിവാകുന്നത്. ഇന്നു തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനങ്ങളുടെ തുടക്കം കുറിച്ച് കണ്ണൂരിൽ, ശൈലയുടെ തട്ടകത്തിൽത്തന്നെ അവർക്കെതിരേ പാർട്ടിയുടെ മുൻതീരുമാനം പരസ്യമാക്കിയ ജില്ലാ സെക്രട്ടറിയുടെ നിലപാട് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നിർദേശ പ്രകാരം തന്നെയാണെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന.


മുൻമന്ത്രി ഇ പി ജയരാജനെ ഇത്തവണ മത്സരിപ്പിക്കാത്തതിൽ അപാകതയില്ലെന്നും മരിക്കുന്നത് വരെ ഒരാളെ എംഎൽഎ ആക്കാൻ സിപിഎം തയ്യാറല്ലെന്നും എം വി ജയരാജൻ പറഞ്ഞു. ബന്ധു നിയമനത്തിന്റെ പേരിൽ ജയരാജൻ മുഖ്യമന്ത്രിയുമായി അകന്നിരുന്നു. ഇതാണ് അദ്ദേഹത്തിന് അവസരം നിഷേധിച്ചത്. ചുരുക്കത്തിൽ പാർട്ടിയിൽ പിണറായി വിജയനെ ഏതെങ്കിലും തരത്തിൽ വെല്ലുവിളിക്കുന്ന ഒരാളെയും അം​ഗീകരിക്കില്ല എന്നതായി സിപിഎമ്മിന്റെ അടിസ്ഥാന നയം. പാറായിൽ സജീവിന്റെ ആത്മഹത്യയുടെ പേരിൽ മുഖ്യമന്ത്രിയെയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും എതിർത്തതോടെയാണ് കണ്ണൂർ പാർട്ടിയിലെ കിരീടം വച്ച രാജാവായിരുന്ന പി. ജയരാജനു പുറത്തേക്കുള്ള വഴി തുറന്നത്. സകല അപമാനവും സഹിച്ചാണ് അദ്ദേഹം പാർട്ടിയിൽ കടിച്ചുതൂങ്ങുന്നതെന്നാണ് പിജെ വാർ ​ഗ്രൂപ്പിലെ സഖാക്കൾ പോലും സങ്കടപ്പെടുന്നത്.

Related posts

Leave a Comment