മരം‌മുറി വിവാദത്തിലെ കറുത്തകൈ ആരുടേത്…… ? മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് നിയമസഭാകക്ഷി കെ. ബാബു

കൊച്ചി: തമിഴ് നാടിന് അനുകൂലമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം പ്രദേശത്തു നിന്ന് മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിട്ടതിന് പിന്നിലെ കറുത്തകൈ ആരുടേതാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു ആവശ്യപ്പെട്ടു. കേരളത്തിന്റെ താല്പര്യങ്ങളെ ഒററുകൊടുക്കുകയാണ് ഇതിന് ചൂട്ടുപിടിച്ചവർ ചെയ്‌തതെന്ന് വ്യക്തമായിക്കഴിഞ്ഞു.

മുഖ്യമന്ത്രിയോ ജലവിഭവ, വനം വകുപ്പ് മന്ത്രിമാരോ അറിയാതെ മരം മുറിക്കാൻ അനുമതി കൊടുത്തു എന്നാരോപിച്ചാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. ഒരു മാസം തികയുന്നതിനു മുമ്പ് സസ്പെൻഷൻ പിൻവലിച്ചിരിക്കുകയാണ്. മരങ്ങൾ മുറിച്ചിട്ടില്ലാത്തതിനാൽ സസ്പെൻഷൻ തുടരേണ്ട ആവശ്യവുമില്ല എന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നതത്രെ.

2014 ലെ യു ഡി എഫ് സർക്കാരും 2017 എൽഡിഎഫ് സർക്കാരും മരം മുറിക്കാനുള്ള തമിഴ്നാടിന്റെ ആവശ്യം തള്ളിയിരുന്നു. തുടക്കം മുതൽ ഈ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചു വന്നത്. ഇപ്പോൾ തമി‌ഴ് നാടിന് അനുകൂലമായി നയപരമായ മാററമാണ് സർക്കാർ കൈക്കൊണ്ടത്.

തമിഴ്‌നാടിന്റെ താല്പര്യം സംരക്ഷിച്ചു കൊണ്ടും മരം മുറിക്കുന്നതിന് അനുമതി കൊടുത്ത നയപരമായ മാറ്റത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഉത്തരവാദി അല്ലെങ്കിൽ ആരാണ് യഥാർഥ ഉത്തരവാദി ? ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സർക്കാരിനു ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് പ്രസിദ്ധീകരിക്കണം.

ഗുരുതരമായ ഭരണവീഴ്‌ചകൾ വരുമ്പോൾ, ആരെയെങ്കിലും ബലിയാടാക്കി തടി തപ്പുന്ന പിണറായി വിജയൻ സർക്കാരിന്റെ വികൃതമായ മുഖമാണ് ഇവിടെയും തെളിയുന്നത്. ബെന്നിച്ചൻ തോമസിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതിനും സമൂഹമധ്യത്തിൽ നാണം കെടുത്തിയത്തിന്റെയും ഉത്തരവാദിത്വത്തിൽനിന്ന് മുഖ്യമന്ത്രിക്ക് കൈകഴുകി മാറിനിൽക്കാൻ സാധ്യമല്ലെന്ന് ബാബു പറഞ്ഞു.

Related posts

Leave a Comment