സി.പി.എമ്മിന് കെ.എം. മാണിയോട് വിരോധമില്ലെങ്കിൽ കുസാറ്റിലെ കെ.എം.മാണി ബഡ്‌ജറ്റ്‌ സ്റ്റഡി സെന്ററിൽ നിന്ന് പേര് മാറ്റിയതെന്തിനെന്ന് കെ.ബാബു എം.എൽ.എ.

കൊച്ചി: സി പി എമ്മിന് കെ.എം. മാണിയോട് വിരോധമില്ലെങ്കിൽ കുസാറ്റിലെ കെ.എം.മാണി ബഡ്‌ജറ്റ്‌ സ്റ്റഡി സെന്ററിൽ നിന്ന് കെ.എം.മാണിയുടെ പേര് നീക്കം ചെയ്തത് എന്തിനെന്ന് മുൻ മന്ത്രി കെ.ബാബു. എം.സ്വരാജ് അടക്കമുള്ള സി പി എം നേതാക്കൾ അടങ്ങിയ സിൻഡിക്കേറ്റാണ് കെ.എം.മാണിയുടെ പേര് മാറ്റിയത്. കെ.എം.മാണിയോട് അഭിപ്രായ വ്യത്യാസമില്ലെങ്കിൽ കെ.എം.മാണിയുടെ പേര് നീക്കം ചെയ്ത നടപടി തിരുത്താൻ സി പി എം തയാറാകുമോയെന്നും കെ.ബാബു ചോദിച്ചു. എറണാകുളം പ്രസ്‌ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.ബാബു. കെ.എം മാണിയുടെ പേരിൽ യു ഡി എഫ് സർക്കാർ സ്‌ഥാപിച്ച ബഡ്‌ജറ്റ്‌ സ്റ്റഡി സെന്ററിൽ നിന്ന് സ്വന്തം പിതാവിന്റെ നീക്കം ചെയ്ത നടപടി തിരുത്താൻ ജോസ് കെ മാണി ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു.

മാണി അഴിമതിക്കാരൻ ആണെന്ന് സുപ്രീം കോടതിയിൽ പറഞ്ഞ അഭിഭാഷകനോട് അടുത്ത തവണ കേസ് പരിഗണിയ്ക്കുമ്പോൾ തിരുത്താൻ സർക്കാർ നിർദേശിക്കുമോയെന്നും കെ.ബാബു ചോദിച്ചു. അപ്പോഴത്തെ ധനമന്ത്രി എന്ന് അഭിഭാഷകൻ പറഞ്ഞത് കെ.എം.മാണിയെ ഉദ്ദേശിച്ചാണെന്നത് വ്യക്തമാണ്. എന്നാൽ കെ.എം. മാണിയുടെ പേര് പറഞ്ഞിട്ടില്ല എന്ന് വാദിക്കുന്ന സി പി എം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ ബുദ്ധിശക്തിയെ സി പി എം പരീക്ഷിക്കരുത്. ഭരണത്തിൽ പങ്കാളിയാകണമെന്ന ഒറ്റ ആഗ്രഹത്തിൽ ജോസ് കെ മാണി സ്വന്തം പിതാവിനെ പോലും മറക്കുകയാണ്. ബഡ്ജറ്റ് ദിനത്തിൽ കെ.എം.മാണിയുടെ പതിവുള്ള പ്രാർഥന പോലും നിഷേധിച്ചവരാണ് സി പി എം. മന്ത്രി മാണിയെ മാറ്റി നിർത്തി മറ്റാരെങ്കിലും ബഡ്‌ജറ്റ്‌ അവതരിപ്പിക്കണമെന്ന് ഗവർണറെ നേരിൽ കണ്ട് ആവശ്യപ്പെട്ടവരാണ് സി പി എം നേതാക്കൾ. മാണി ഒഴികെ മറ്റാര് ബഡ്ജറ്റ് അവതരിപ്പിച്ചാലും അംഗീകരിക്കുമെന്നാണ് പിണറായിയും കോടിയേരിയും പറഞ്ഞത്.

ജീവിച്ചിരിക്കുമ്പോൾ നീചമായി തേജോവധം ചെയ്യുകയും മരണ ശേഷം ഏറ്റെടുക്കുകയും ചെയ്യുന്നത് സി പി എമ്മിന്റെ സ്‌ഥിരം പരിപാടിയാണ്. കെ.ആർ. ഗൗരിയോടും എം.വി. രാഘവനോടും ചെയ്തത് ഇത് തന്നെയായിരുന്നു. ഇപ്പോൾ കെ.എം.മാണിയെ ന്യായീകരിക്കുന്ന സി പി എമ്മിന് ഉളുപ്പ് വേണമെന്നും കെ.ബാബു പറഞ്ഞു. നിയമസഭയിൽ ബഡ്‌ജറ്റ്‌ ദിവസം നടന്നത് കേരളമാകെ ലൈവായി കണ്ടതാണ്. അതിലെ പ്രതികളെ രക്ഷിക്കാൻ വേണ്ടി സുപ്രീം കോടതിയിൽ പോയത് വ്യവഹാര ചരിത്രത്തിലെ കറുത്ത അധ്യായമാണ്. പൊതുമുതൽ നശിപ്പിച്ചതിനും അനാവശ്യമായി കോടതിയിൽ പോയതിനുള്ള വ്യവഹാര ചെലവും സി പി എമ്മിൽ നിന്ന് വസൂലാക്കണം. ഗുണ്ടകളെ പോലെയാണ് നിയമസഭയിൽ ചില എം എ മാർ പെരുമാറിയത്. മുണ്ടും മടക്കിക്കുത്തി നിയമസഭാ മേശയ്ക്ക് മുകളിൽ താണ്ഡവം നടത്തിയയാൾ വിദ്യാഭ്യാസ മന്ത്രിയാക്കി കുട്ടികൾക്ക് മാതൃകയാക്കിയെന്നും കെ.ബാബു പരിഹസിച്ചു. ആത്മാഭിമാനം ഉള്ളവർക്ക് എടുക്കാൻ കഴിയാത്ത നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നത്. കെ.എം.മാണിയോടുള്ള നിലപാട് വ്യക്തമാക്കാൻ പിണറായി വിജയൻ തയാറാകണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും കെ.ബാബു ആവശ്യപ്പെട്ടു.

Related posts

Leave a Comment