കേരളത്തില്‍ ജംഗിള്‍രാജ് ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം


സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും ക്വട്ടേഷന്‍ സംഭവങ്ങളും വര്‍ധിച്ചത് കുറ്റവാളികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മൃദുസമീപനം കാരണമാണെന്ന് വ്യക്തമാകുന്നു. കോവിഡിന്റെ മറവില്‍ ശിക്ഷിക്കപ്പെട്ടവരെ കൂട്ടത്തോടെ ജയില്‍ തുറന്നുവിട്ടപ്പോള്‍ പുറത്തുവന്നവരില്‍ ഏറെപ്പേരും സി പി എം പ്രവര്‍ത്തകരോ അവര്‍ നയിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളോ ആയിരുന്നു. ഇതില്‍ ഏറെ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിച്ചത് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്കായിരുന്നു. നിയമത്തെ വെല്ലുവിളിച്ച് സൈ്വരവിഹാരം നടത്തുന്ന ഈ ഗുണ്ടാപ്പടയെ പൊലീസും ജയില്‍ ജീവനക്കാരും ഭയക്കുന്നു. പലഘട്ടങ്ങളിലായി അര്‍ഹിക്കുന്നതിലധികം ജയില്‍ ആനുകൂല്യം നേടിയ പ്രതികളെ പരോള്‍ കാലവും കഴിഞ്ഞ് തിരികെ ജയിലിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടം മടിക്കയാണ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇവര്‍ തടവിനേക്കാളേറെ പരോള്‍ ജീവിതം നയിച്ചവരാണ്. ജയില്‍ശിക്ഷ ഇവരിലാര്‍ക്കും മാനസാന്തരം വരുത്തിയിട്ടില്ലെന്നുമാത്രമല്ല കൂടുതല്‍ ക്രൂരന്മാരായി മാറ്റുകയായിരുന്നു.
കഴിഞ്ഞദിവസം ലഹരിപ്പാര്‍ട്ടിയില്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പിടിയിലായവരില്‍ ടി പി വധത്തിലെ പ്രധാന പ്രതിയും ഉണ്ടായിരുന്നു. ജയിലിലായിരുന്നപ്പോഴും പരോളിലിറങ്ങിയപ്പോഴും ഇവര്‍ വിവിധ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടത് പൊലീസിന്റെ അറിവോടെയാണ്. സ്വര്‍ണക്കടത്തും ലഹരിക്കടത്തും ജയിലില്‍ നിന്നുകൊണ്ട് അവര്‍ നിയന്ത്രിക്കുന്നു. സംസ്ഥാനത്തെ കോവിഡ് ആനുകൂല്യങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ടി പി കേസിലെ പ്രതികളാണ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകമാത്രമല്ല, പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും പാര്‍ട്ടി ഓഫീസുകളില്‍ നിത്യസന്ദര്‍ശനം നടത്തുന്നവര്‍ കൂടിയാണ്. ടി പി കേസിലെ പ്രതികള്‍ ജയിലിനകത്തും പുറത്തും വിവിധ കേസുകളില്‍ പ്രതികളാണെന്നറിഞ്ഞിട്ടും അവരെ നോവിക്കാതെയാണ് പൊലീസ് ഇടപെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ കുപ്രസിദ്ധമായ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടയാളാണ് മുഹമ്മദ് ഷാഫി. മറ്റൊരു പ്രതി കിര്‍മാണി മനോജ് വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത് കേസിലകപ്പെട്ടിരിക്കയാണ്. ജയിലറകള്‍ സുഖവാസകേന്ദ്രങ്ങളാക്കിയ ഇവരെ വെള്ളപൂശുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സ്വീകരിച്ചിരുന്നത്. ടി പി വധക്കേസിലെ എട്ട് പ്രതികളാണ് കോവിഡ് ആനുകൂല്യം മറയാക്കി പുറത്ത് വിലസുന്നത്. ജയിലധികൃതര്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടും സി പി എം നേതൃത്വം ഇടപെട്ട് അത് തടയുകയായിരുന്നു. രണ്ടുവര്‍ഷമായി ഇവരെ സംബന്ധിച്ച യാതൊരു വിവരവും ജയിലധികൃതര്‍ക്കില്ല. പരോള്‍ കാലത്ത് നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കും ഇവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ട്.
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ശിക്ഷിക്കപ്പെട്ട കൊലയാളികള്‍ക്ക് സംരക്ഷണം നല്‍കാനും ജയില്‍ നിയമങ്ങള്‍ ലംഘിക്കാനും അധികൃതര്‍ തയ്യാറാവുന്നത് കോടതിവിധിക്ക് എതിരും ക്രമസമാധാനനില തകരാനും ഇടയാക്കും. ജീവപര്യന്തം തടവ് എന്നാല്‍ ജീവിതാവസാനംവരെയുള്ള തടവാണെന്ന സുപ്രീംകോടതി വ്യാഖ്യാനമുണ്ടായിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ അക്രമി സംഘത്തിന് സഹായകരമായ നിലപാടുകളാണ് പൊലീസും ജയില്‍ അധികൃതരും സ്വീകരിച്ചിട്ടുള്ളത്. ഗുണ്ടാവിളയാട്ടവും ലഹരികടത്തും മുമ്പില്ലാത്തതരത്തില്‍ വര്‍ധിച്ചിട്ടും ജയിലിലുള്ള ഗുണ്ടകള്‍ക്ക് സുഖവാസം നല്‍കുന്ന അധികൃതര്‍ പുതിയ ഗുണ്ടാവേട്ടയുടെ കണക്കുകളുയര്‍ത്തി തങ്ങളുടെ ഭാഗം ന്യായീകരിക്കുമ്പോള്‍ കോടതിവിധിപോലും പ്രഹസനമായി തീരുകയാണ്. ജയിലിനകത്തും പുറത്തുമുള്ള ഗുണ്ടകളെ ഉപയോഗപ്പെടുത്തിയുള്ള ക്വട്ടേഷന്‍ കേസുകളില്‍ പലതിലും കുറ്റവാളികളെ പിടികൂടാന്‍ സാധിക്കുന്നില്ല. കുപ്രസിദ്ധരായ ഗുണ്ടകളൊക്കെ റിസോര്‍ട്ടുകളിലും മറ്റ് സുഖവാസ കേന്ദ്രങ്ങളിലും കഴിയുന്നു. വാറന്റ് ഉണ്ടായിട്ടും അത് നടത്തി പ്രതികളെ കോടതിമുമ്പാകെ കൊണ്ടുവരാന്‍ പൊലീസ് മടിക്കുകയാണ്. ഗുണ്ടാവേട്ടക്കിറങ്ങുന്ന പൊലീസിനെ മേലധികാരികളും ഭരണനേതൃത്വവും വിലക്കുന്നു. ഈ നില തുടര്‍ന്നാല്‍ കേരളം ഗുണ്ടാവാഴ്ചയുടെ നാടായി മാറും. അതിനെ കാട്ടുനീതിയെന്ന് വിളിക്കേണ്ടിവരും.

Related posts

Leave a Comment