ജൂലൈ 26 – വരന്തരപ്പിള്ളി രക്തസാക്ഷി ദിനം

കേരളത്തിൽ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊല – 1958ൽ തൃശൂർ വരന്തരപ്പിള്ളിയിലെ ആറ് കോൺഗ്രസ് നേതാക്കൾ കമ്മ്യൂണിസ്റ്റുകാർ കശാപ്പുചെയ്ത സംഭവത്തിന് ഇന്നും ആ വിശേഷണമാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഒന്നാം ഇ.എം.എസ് സർക്കാരിന്റെ കാലത്ത് നടമാടിയ ആരാജകത്വത്തിന്റെ തെളിവായിരുന്നു 1958 ജൂലൈ 26ന് നടന്ന ഈ സംഭവം. അന്നേ ദിനം തന്നെയാണ് കൂലി ചോദിച്ച് സമരം ചെയ്ത രണ്ട് കശുവണ്ടി തൊഴിലാളികളെ കൊല്ലം ചന്ദനത്തോപ്പിൽ തൊഴിലാളി സർക്കാർ വെടിവെച്ചു കൊന്നതും.

വരന്തരപ്പിള്ളി അക്കാലത്ത് കോൺഗ്രസ് ശക്തിദുർഗ്ഗമായിരുന്നു. ഏതാനും ചില തൊഴിലാളികളെ ഒഴിച്ചുനിർത്തിയാൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളരെ ദുർബലമായിരുന്നു. ഈ അവസ്‌ഥ മറികടക്കാനുള്ള അവരുടെ ഒരു ശ്രമവും ഫലിച്ചില്ല. അങ്ങനെ ഇവരിലുണ്ടായ നിരാശ നയിച്ചത് കോൺഗ്രസ് പ്രവർത്തകരുമായുള്ള തുടർച്ചയായ സംഘർഷങ്ങളിലേക്കായിരുന്നു.

1958 ജൂലൈ 26. അന്ന് കമ്മ്യൂണിസ്റ്റുകാർ ഒരു ജാഥ നടത്തി. കോൺഗ്രസ് ഓഫീസിന് സമീപമെത്തിയപ്പോൾ അവർ അക്രമാസക്തരായി. കയ്യിൽ കരുതിയിരുന്ന കഠാരകളുമായി അവർ അവിടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. പലരും കുത്തേറ്റുവീണു. രക്ഷപെട്ട് ഓടിയവരെ പിന്തുടർന്ന് ആ നരഭോജികൾ കുത്തിവീഴ്ത്തി. കണിയാംപറമ്പിൽ കൃഷ്ണൻ, സി. ടി. കൊച്ചാപ്പു, ഇല്ലിക്കൽ അപ്പച്ചൻ, പിണ്ടിയാൻ തോമസ്, തോമസ് പയ്യപ്പിള്ളി എന്നിവർ അവിടെവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചാക്കോരി അന്തോണി ഏതാനും ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.

ഈ ക്രൂരതയെ ലജ്ജയില്ലാതെ അന്ന് ന്യായീകരിച്ചത് ഏതെങ്കിലും പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാവായിരുന്നില്ല. മഹാൻ എന്ന് മുദ്രചാർത്തപ്പെട്ട അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് തന്നെ കൊല്ലപ്പെട്ട ആറുപേരെയും മോശക്കാരാക്കി ചിത്രീകരിച്ചു പ്രസ്താവനായിറക്കി. ഈ പ്രസ്താവന വിവാദമാവുകയും കോടതിയിൽ ഇ.എം.എസിന് മാപ്പ് പറയേണ്ടി വരികയും ചെയ്തു. വിമോചന സമരത്തിലേക്ക് നയിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു ഈ കൂട്ടക്കൊല. കാലമെത്ര കഴിഞ്ഞിട്ടും ഇ.എം.എസിന്റെ പിൻഗാമികൾക്കും മാറ്റം സംഭവിച്ചിട്ടില്ല – കൊല്ലുന്നതിലായാലും ന്യായീകരിക്കുന്നതിലായാലും.

Related posts

Leave a Comment