മലപ്പുറത്തിനി ജോയ് യുഗം


മലപ്പുറം: ആഹ്ലാദിക്കാം ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്. മികച്ച സംഘാടനശേഷിയും നേതൃപാടവവും വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പ്രകടിപ്പിച്ചിട്ടുള്ള അഡ്വ. വി എസ് ജോയി മുപ്പത്തിയാറിന്‍റെ ചെറുപ്പവുമായി ആണ് ജില്ലാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായെത്തുന്നത.് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡി സി സി പ്രസിഡന്‍റ് ആണ് ജോയി. ജില്ലയില്‍ ഡി സി സി പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ ക്രിസ്ത്യന്‍ സമുദായാംഗമെന്ന വിശേഷണവും ജോയിക്കുണ്ട്.
നിലമ്പൂര്‍ എരുമമുണ്ട വെള്ളിമുറ്റം വലിയപാടത്ത് സേവിയറിന്‍റെയും, മറിയാമ്മയുടെയും മകനായി 1985 നവമ്പര്‍ 23ന് പിറന്ന ജോയിയുടെ വളര്‍ച്ചയുടെ തുടക്കം കേരള സ്റ്റൂഡന്‍റ്സ് ഫെഡറേഷനിലൂടെയായിരുന്നു. 2002ല്‍ കോഴിക്കോട് ഗവ. ലോ കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റായ ജോയിക്ക് പിന്നീട് തിരിഞ്ഞനോക്കേണ്ടി വന്നില്ല. 2004ല്‍ മലപ്പുറം ജില്ലാ കെ എസ് യു ജന. സെക്രട്ടറി ആയി. 2005ല്‍ ജില്ലാ വൈസ് പ്രസിഡന്‍റും 2009 ല്‍ സംസ്ഥാന ജന. സെക്രട്ടറിയുമായ ജോയ് 2012ല്‍ സംസ്ഥാന പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാനത്തുടനീളം കെ എസ് യുവിന് നവോന്മേഷവും ശക്തിയും കൈവന്നു. സ്വാശയകോളേജുകളിലെ അന്യായമായ കാപ്പിറ്റേഷന്‍ ഫീസിനെതിരെ നടത്തിയ പ്രക്ഷോഭങ്ങളും, കോളേജ് മാനേജ്മെന്‍റുകളുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ നടത്തിയ സമരങ്ങളും, ജീഷ്ണു പ്രണോയിയുടെ ആത്മമഹത്യയെ തുടര്‍ന്ന് പാലക്കാട് നെഹ്റു കോളേജ് മാനേജ്മെന്‍റിനെതിരെ നടത്തിയ സമരങ്ങളും ജോയിയുടെ നേതൃപാടവത്തിന്‍റെ മകുടോദാഹരണമായിരുന്നു. ലഹരിരഹിത-അക്രമരഹിത- മതേതര കാംപസ് എന്ന മുദ്രാവാക്യവുമായി കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ ജോയിയുടെ നേതൃത്വത്തില്‍ കെഎസ്യു നടത്തിയ മാര്‍ച്ചിന് വന്‍ ജന പിന്തുണയാണ് ലഭിച്ചത്. കോഴിക്കോട് സര്‍വകലാശാലാ യൂണിയന്‍ അടക്കം അഞ്ച് സര്‍വകലാശാലാ യൂണിയനുകള്‍ പിടിച്ചെടുക്കാന്‍ ജോയിയുടെ നേതൃത്വത്തിന് സാധിച്ചു. ദശാബ്ദങ്ങള്‍ക്ക് ശേഷം കേരള സര്‍വകലാശാലാ സെനറ്റിലും സിണ്ടിക്കേറ്റിലും ആധിപത്യം നേടാനും കെ എസ് യുവിന് സാധിച്ചു. 2015ല്‍ കെ പി സി സി മെമ്പര്‍ ആയ ജോയി 2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മലമ്പൂഴയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെതിരെ മത്സരിച്ചു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണവിഭാഗത്തിന്‍റെ കണ്‍വീനര്‍ ജോയി ആയിരുന്നു. നിലവില്‍ കെ. പി. സി. സി ജനറല്‍ സെക്രട്ടറി ആണ്. ഡോ. ലയ ജോസഫ് ആണ് ഭാര്യ. മകള്‍ എവ്ലിന്‍ എല്‍സ ജോയ്. കോഴിക്കോട് ഗവ.ലോ കോളേജില്‍ നിന്നും ആണ് നിയമ ബിരുദം നേടിയത്.

Related posts

Leave a Comment