കെ റെയിൽ; എം.ഡിയുടെ പ്രസ്താവന കുറ്റസമ്മതമെന്ന് ജോസഫ് എം പുതുശ്ശേരി

തിരുവനന്തപുരം : വിദേശ വായ്പ ലഭിക്കുന്നതിനാണ് സിൽവർ ലൈൻ റെയിൽ പദ്ധതി സ്റ്റാൻഡേർഡ് ഗേജിൽ നിർമ്മിക്കുന്നതെന്ന കെ – റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാറിന്റെ പ്രസ്താവന മുൻനിലപാട് വിഴുങ്ങി കൊണ്ടുള്ള കുറ്റസമ്മതമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. ബ്രോഡ്ഗേജ് ആയ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാൻ കഴിയാത്ത ഒറ്റപ്പെട്ട പാതയായി ഇത് അവശേഷിക്കുമെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയപ്പോൾ 200 കിലോമീറ്റർ സ്പീഡിൽ ഓടാൻ സ്റ്റാൻഡേർഡ് ഗേജ് അനിവാര്യമാണെന്നാണ് എം. ഡിയും മറ്റു അധികൃതരും വാദിച്ചത്. എന്നിട്ട് നിർദ്ദിഷ്ഠ സിൽവർലൈൻ രൂപരേഖ പ്രകാരമുള്ള സ്പീഡ് 132 കിലോമീറ്റർ മാത്രവും. വായ്പ തരുന്നവരുടെ താല്പര്യമാണ് സ്റ്റാൻഡേർഡ് ഗേജ്‌ എന്ന് ഇപ്പോൾ സ്വയം സമ്മതിച്ചിരിക്കുന്നു. അവർ തരുന്ന പാളവും ബോഗിയും മറ്റു ഉപകരണങ്ങളും ആക്രിസാധനങ്ങളുമടക്കം വാങ്ങാൻ നിർബന്ധിതമായിരിക്കുകയാണെന്ന് വ്യക്തം. അവരുടെ കച്ചവട താൽപര്യങ്ങൾക്ക് കേരളത്തെ പണയപ്പെടുത്തിയിരിക്കുന്നു. യാത്രാസമയം കുറയ്ക്കുന്നതോ സൗകര്യങ്ങൾ വർധിപ്പിക്കുന്നതോ അടക്കമുള്ള കേരളത്തിന്റെ പൊതു താത്പര്യങ്ങൾ അല്ലാ, മറിച്ച് വായ്പ തരുന്നവർക്ക് വേണ്ടിയുള്ള കങ്കാണി പണിയാണ് കെ – റെയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അവരുടെ കമ്മീഷൻ ഏജന്റായി തരം താണിരിക്കുന്നു.
ഓരോ സംസ്ഥാനങ്ങളുടെയും സാഹചര്യം അനുസരിച്ചാണ് നിലപാടെടുക്കുന്നത് എന്ന് വിശദീകരിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അതിവേഗ റെയിൽ പദ്ധതിയെ ഇടതുപക്ഷം എതിർക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിനെ അനുകൂലിക്കാൻ ഇവിടെ എന്ത് സാഹചര്യമാണുള്ളത് എന്ന് വ്യക്തമാക്കണം. വേണ്ടത്ര പഠനങ്ങളോ വിലയിരുത്തലോ നടത്താതെ പ്രകടന പത്രികയിൽ പറഞ്ഞുവെന്ന ഒറ്റ കാരണം കൊണ്ടാണോ വൻകിട പദ്ധതികൾ നടപ്പാക്കേണ്ടതെന്ന് വ്യക്തമാക്കണം. വിലക്കയറ്റം അടക്കം സാധാരണക്കാരന്റെ നിത്യ ജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തുമ്പോൾ ഒന്നും ഉണ്ടാവാത്ത വിങ്ങൽ ഇക്കാര്യത്തിൽ ഉണ്ടാവുന്നതിന്റെ പിന്നിലെ പ്രേരണ എന്താണെന്നും എവിടെ നിന്നാണെന്നും എല്ലാവർക്കും ബോധ്യമുണ്ടെന്നും പുതുശ്ശേരി പറഞ്ഞു.

Related posts

Leave a Comment