ജോസ് കെ മാണി തന്നെ എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം)നോടുള്ള സിപിഐയുടെ അതൃപ്തി മുഖവിലയ്ക്കെടുക്കാതെ ജോസ് കെ മാണിയെ തന്നെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഎം തീരുമാനത്തിന് ഇന്ന് ഇടതുമുന്നണി യോഗം അംഗീകാരം നൽകി. ഈമാസം 29-നാണ് ഉപതെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂർ മേഖലയിൽ കേരളാ കോൺഗ്രസ് (എം)ന്റെ സ്വാധീനം ഗുണകരമായെന്നും പാലാ സീറ്റിൽ ജോസ് കെ മാണി തോറ്റ പശ്ചാത്തലത്തിൽ പിന്തുണ നൽകേണ്ടതുണ്ടെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് തന്നെയാണ് മൽസരമെന്നത് പരിഗണിക്കണമെന്നും ഒഴിവ് വരുന്ന സീറ്റുകൾ അതാത് കക്ഷികൾക്ക് നൽകുന്ന കീഴ്‌വഴക്കമാണ് നേരത്തെയും ഇടതുമുന്നണിയിലുള്ളതെന്നും സിപിഎം വാദിച്ചതോടെ സിപിഐ കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. അതേസമയം, ജോസ് കെ മാണിയുടെ പാർട്ടിക്ക് സിപിഎം നൽകുന്ന അമിത പരിഗണനയിൽ സിപിഐക്ക് അതൃപ്തിയുണ്ടെങ്കിലും മുന്നണി യോഗത്തിൽ അത് വെളിപ്പെടുത്തിയില്ല. യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. പകരം പാർട്ടി പ്രതിനിധിയായി സ്റ്റീഫൻ ജോർജാണ് പങ്കെടുത്തത്. നേരത്തെ കോൺഗ്രസ് നൽകിയ സീറ്റിലാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് വിജയിച്ചത്. വികസന പദ്ധതികൾക്ക് എതിരായി കേന്ദ്രം നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് നവംബർ 30ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രക്ഷോഭം നടത്താനും മുന്നണി യോഗം തീരുമാനിത്തു. റെയിൽവേ സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരായും ശബരിമല വിമാനത്താവളത്തിനെതിരായും കേന്ദ്രസർക്കാർ നിലപാട് സ്വീകരിക്കുന്നുവെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

Related posts

Leave a Comment