മാണി അഴിമതിക്കാരനാണെന്നു സമ്മതിച്ച് ഇടതുപക്ഷത്തിരിക്കാന്‍ ജോസിനു മേല്‍ സമ്മര്‍ദം

തിരുവനന്തപുരംഃ മുന്‍ ധനകാര്യമന്ത്രി കെ.എം. മാണി അഴിമതിക്കാരനാണോ? അതേയെന്നു അദ്ദേഹത്തിന്‍റെ നിയമസഭാ പ്രസംഗം തടസപ്പെടുത്തിയ കേസില്‍ ഇടതു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമ്മതിച്ചിരിക്കുന്നു. ഇതേ ഇടതുപക്ഷത്തിനൊപ്പം അധികാരത്തിലിരിക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയാവട്ടെ, മിണ്ടാന്‍ പോലും കഴിയാതെ പതറുന്നു. ഇന്നത്തെ ഇടതുമുന്നണി യോഗത്തില്‍ ജോസ് പരാതി ഉന്നയിക്കുമെങ്കിലും പരിഹാരം ഉണ്ടാകാനാടിയില്ല.

2015 ലെ ബജറ്റ് സമ്മേളനത്തിലാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. ബാര്‍ കോഴക്കേസില്‍ മന്ത്രി മാണി കുറ്റക്കാരനാണെന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷ ഇടതു എംഎല്‍എമാര്‍ നിയമസഭയില്‍ കൂത്തരങ്ങ് നടത്തി. സ്പീക്കറുടെ ഡയസില്‍ ചാടിക്കയറി വിലപ്പെട്ട സഭാരേഖകള്‍ നശിപ്പിച്ചു. കംപ്യൂട്ടറുകള്‍ അടിച്ചു തകര്‍ത്തു. ഉപകരണങ്ങളും നശിപ്പിച്ചു. ഇ.പി. ജയരാജന്‍, എ. അജിത്ത്കുമാര്‍, കെ.ടി. ജലീല്‍, വി. ശിവന്‍കുട്ടി തുടങ്ങി‌യവരാണു കേസിലെ പ്രതികള്‍. ഇവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിജെഎം കോടതി വിധിച്ചിരുന്നു.

പിന്നാലെ അധികാരത്തില്‍ വന്ന ഇടതു സര്‍‌ക്കാര്‍ ഈ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപേക്ഷിച്ചെങ്കിലും എല്ലാം തള്ളി. ഇന്നലെ സുപ്രീം കോടതി അതിരൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. കേസില്‍ സുപ്രീം കോടതി നാളെ വീണ്ടും വാദം കേള്‍ക്കും. പ്രതികള്‍ കുറ്റക്കാരാണെന്നു വിധിച്ചാല്‍ ധാര്‍മികത എന്നൊന്നുണ്ടെങ്കില്‍ മന്ത്രി വി. ശിവന്‍ കുട്ടിക്കു രാജി വയ്ക്കേണ്ടി വരും. എന്നാല്‍ സ്വര്‍ണക്കടത്തുകേസില്‍ വരെ ഉള്‍പ്പെട്ടിട്ടും പല മന്ത്രിമാരും രാജിവയ്ക്കാത്ത കീഴ്‌വഴക്കം സൃഷ്ടിച്ച ഇടതുമുന്നണിയില്‍ നിന്നു ധാര്‍മികത പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

ഈ കേസ് വെറുതേ വിടണമെങ്കില്‍ കൈയാങ്കളിക്കെതിരേ മുന്‍ മന്ത്രി കെ.എം. മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ചേ മതിയാകൂ. അഴിമതിക്കെതിരായ സമരത്തിനിടയിലാണ് സഭയില്‍ കൈയാങ്കളി ഉണ്ടായതെന്നാണ് സര്‍ക്കാരിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചത്. ഈ വാദത്തില്‍ നിന്ന് സര്‍ക്കാരിനും ഇടതുമുന്നണിക്കും പിന്മാറാന്‍ കഴിയില്ല. കൈയാങ്കളിയുടെ പേരില്‍‌ ജസ്റ്റിസ്മാരായ ചന്ദ്ര ചൂഡ്, സുഭാഷ് റെഡ്ഡി, രവീന്ദ്ര ഭട്ട് എന്നിവരുടെ രൂക്ഷ വിമര്‍ശനം കേട്ട അഭിഭാ‌ഷകന്, തന്‍റെ വാദം മാറ്റിപ്പറയാന്‍ ബുദ്ധിമുട്ടാകാം.

അധികാരത്തിനു വേണ്ടി, ജനാധിപത്യ വിശ്വാസികളെ ഒറ്റിക്കൊടുത്ത് ഇടതുപക്ഷത്തെത്തിയ ജോസ് കെ മാണിക്ക് സ്വന്തം പിതാവ് അഴിമതിക്കാരനാണെന്നു ഉറപ്പാക്കുന്ന നിസംഗതയോടെ കുത്തിയിരിക്കേണ്ടി വരുമെന്നതാണ് ഇന്നത്തെ ഇടതുമുന്നണി യോഗത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

കെ.എം. മാണി അഴിമതിക്കാരനാണെന്ന ഇടതുമുന്നമിയുടെ വാദത്തില്‍ ജോസ് കെ മാണി തുറന്ന അഭിപ്രായം വ്യക്തമാക്കണണെന്ന് യുഡിഎഫ് നേതാക്കളായ കെ. സുധാകരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, വി.ഡി. സതീശന്‍, പി.ജെ. ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ആവശ്യപ്പെട്ടെങ്കിലും ജോസ് ഇതുവരെ മനസ് തുറന്നിട്ടില്ല.‌ അച്ഛന്‍ അപമാനിതനായാലും അധികാരമാണ് വലുതെന്നാണ് ജോസിന്‍റെ പക്ഷമെന്ന് കേരള കോണ്‍ഗ്രസില്‍പ്പോലും അഭിപ്രായമുയര്‍ന്നു.

കെ.എം.മാണി അഴിമതിക്കാരനാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഇക്കാര്യത്തില്‍ ജോസ്.കെ.മാണിക്ക് എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ് ഈ കേസ് പിന്‍വലിക്കുന്നതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പോരാടുന്നത്. എം.എല്‍.എമാരുടെയും എം.പിമാരുടെയും കോടതിയിലും ഹൈക്കോടതിയിലും ഇപ്പോള്‍ സുപ്രീംകോടതിയിലും തന്റെ പോരാട്ടം തുടരുകയാണ്. സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇന്ന് സുപ്രീംകോടതിയില്‍ തന്റെ അഭിഭാഷകന്‍ ഉണ്ടായിരുന്നു.
കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭ തല്ലിത്തകര്‍ത്ത് ഇടതുപക്ഷം നിയമസഭയില്‍കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ആരും മറന്നിട്ടില്ല. അന്ന് അത് ചെയ്ത ഇപ്പോഴത്തെ മന്ത്രിമാരെയും എം.എല്‍.എമാരെയും മറ്റും രക്ഷിക്കുന്നതിന് പൊതു ഖജനാവില്‍ നി്ന്ന് കോടികള്‍ വാരിയെറിഞ്ഞാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരെ വച്ചിരിക്കുന്നത്.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നിലപാട് ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതേ പോലെ ദൗര്‍ഭാഗ്യകരമായ സംഭവം നിയമസഭയില്‍ മുന്‍പ് ഉണ്ടായിട്ടില്ല. കേസ് ഇന്ന് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ കോടതിയില്‍ നിന്ന് അതിരൂക്ഷമായ പരാമര്‍ശമാണ് ഉണ്ടായത്. ഇനിയെങ്കിലും സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങണം.

കെ.എം.മാണി അഴിമതിക്കാരനാണെന്ന ഇടതു സര്‍ക്കാര്‍ നിലപാട് യു.ഡി.എഫ് അംഗീകരിക്കുന്നില്ല.മാണി അഴിമതിക്കാരനാണെന്ന് കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിലാണ് ജോസ് കെ.മാണിയുടെ പാര്‍ട്ടി തുടരുന്നത്. അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഇനിയും കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.F

Related posts

Leave a Comment