ഇടതുമുന്നണിയില്‍ കലഹം, സിപിഐയെ മൂലയ്ക്കിരുത്താന്‍ സിപിഎം

കൊല്ലംഃ സംസ്ഥാന ഇടതു മുന്നണിയില്‍ ഘടക കക്ഷികള്‍ തമ്മിലുള്ള കലഹം മൂക്കുന്നു. സിപിഐയും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള പോര് എല്ലാ മറയും നീക്കി പുറത്തു വന്നു. സിപിഐക്കെതിരേ പരാതിയുമായി സിപിഎമ്മിനെ സമീപിച്ച ജോസ് കെ മാണിയോട് കാത്തിരിക്കാനാ​ണ് സിപിഎമ്മിന്‍റെ നിര്‍ദേശം. സിപിഐയെ മൂലയ്ക്കിരുത്തി ജോസ് കെ മാണിയെ ഒപ്പം നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. അതിനിടെ, പാര്‍ട്ടി താത്വികാചാര്യന്‍ എസ്.എ. ഡാങ്കെയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരേ സിപിഐയിലും ഉരുള്‍ പോട്ടിത്തുടങ്ങി.

കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശം വേണ്ടത്ര ഗുണം ചെയ്തില്ലെന്നാണ് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിന്‍റെ സ്വാധീന മേഖലകളില്‍ എല്‍ഡിഎഫിനു വോട്ട് കുറയുകയാണ് ചെയ്തത്. ചിലയിടത്തെങ്കിലും ബിജെപിയുടെ സഹായത്തോടെയാണ് ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചതെന്നും അവലോകന റിപ്പോര്‍ട്ടിലുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥികളെ സിപിഎം പലേടത്തും കാലുവാരിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്നണി സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താതെ സിപിഎം സ്വന്തം നിലയ്ക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും കാനം ആരോപിച്ചു. പല മണ്ഡലങ്ങളിലും ഇടതു മുന്നണി യോഗം വിളിച്ചില്ല. ഉദുമ പോലുള്ള മണ്ഡലങ്ങളില്‍ സിപിഐയുടെ സ്വാധീനം സിപിഎം തിരിച്ചറിഞ്ഞില്ലെന്നും ആക്ഷേപമുയര്‍ന്നു. ഇക്കാര്യങ്ങള്‍ കാനം വെളിപ്പെടുത്തിയതില്‍ സിപിഎമ്മിനുള്ളില്‍ അമര്‍ഷം പുകയുകയാണ്. സിപിഎമ്മിന്‍റെ വല്യേട്ടന്‍ മനോഭാവത്തില്‍ സിപിഐയിലെ ഒരു വ്ഭാഗം വലിയ അതൃപ്തി അറിയിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി വിഭാഗവുമായി കൂടുതല്‍ ചങ്ങാത്തം സ്ഥാപിച്ച് സിപിഐയെ തഴയാന്‍ സിപിഎം നേതൃത്വം മുന്നോട്ടു വന്നത്. അടുത്ത ഇടതു മുന്നണി യോഗത്തില്‍ സിപിഐക്കെതിരേ വാളെടുക്കാമെന്നാണ് ജോസിനു കിട്ടിയ ഉറപ്പ്. എന്നാല്‍ പാലാ ബിഷപ്പിന്‍റെ പ്രസ്താവനയുടെ പേരില്‍ സിപിഎമ്മും ജോസ് പക്ഷവും ഭിന്ന ചേരിയില്‍ നില്‍ക്കുന്നത് വിശ്വാസികളെ ആശങ്കയിലാക്കി. കൂടുതല്‍ ആളുകള്‍ ജോസ് പക്ഷത്തു നിന്നു വിട്ടുപോരുന്നുണ്ട്. ഇതും സിപിഐക്കെതിരേ ആയുധമാക്കുന്നുണ്ട്, ജോസ് പക്ഷം.

Related posts

Leave a Comment