ജോജു കേസ് ; അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ജോസഫിനെ പോലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ടോണി ചമ്മിണി

കൊച്ചി: കോൺഗ്രസ് സമരത്തിന്റെ പേരിൽ ജോജു ജോർജ് നൽകിയ വ്യാജ പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകനായ ജോസഫിനെ പോലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചുവെന്നും കേസിൽ ജാമ്യം ലഭിച്ചു പുറത്തുവന്ന മുൻ മേയർ ടോണി ചമ്മിണി ആരോപിച്ചു. സ്റ്റേഷനിലേക്ക് നിരന്തരം മന്ത്രി ഉൾപ്പെടെ സി പി എം നേതാക്കൾ വിളിച്ച് സമ്മർദം ചെലുത്തിയിരുനെന്നും പോലീസ് ഭീഷണിയെ തുടർന്ന് ജോസഫ് മാനസികമായി തകർന്ന് അവസ്‌ഥയിലാണെന്നും അദ്ദേഹം ആരോപിച്ചു. മാനസിക ആഘാതത്തിൽ നിന്ന് മുക്തനായാൽ ഉടൻ നിയമനടപടിയുമായി മുന്നോട്ട് പോകും. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസഫിനെ അറസ്റ്റ് ചെയ്ത ദിവസത്തെ മരട് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്‌ഥരുടെയും ഫോൺ കോളുകൾ പരിശോധിക്കണം. ഒരു മന്ത്രിയുടെ ഫോൺ എത്തിയ ശേഷമാണ് മാനസികമായ പീഡനം ആരംഭിച്ചത്.

കോൺഗ്രസിനെ തകർക്കാൻ പോലീസിനെ സി പി എം ദുരുപയോഗപ്പെടുത്തുകയായിരുന്നു. തങ്ങൾക്കെതിരെ ചുമത്തിയ കെ പി ഡി പി പി ആക്‌ട് ചുമത്തിയ നടപടി അംഗീകരിക്കാനാകില്ല. വീഡിയോ റെക്കോഡിങ് ഉണ്ടെങ്കിൽ മാത്രമേ ഇത്തരം കേസ് ചാർജ് ചെയ്യാവൂ എന്നാണ് നിയമത്തിൽ പറയുന്നത്. അത്തരമൊരു ദൃശ്യം ഹാജരാക്കാൻ പോലീസിനെ വെല്ലുവിളിക്കുകയാണെന്നും ടോണി ചമ്മിണി പറഞ്ഞു. ഒരാളോട് കയർത്ത് സംസാരിക്കുന്നത് എന്ന് മുതലാണ് കേരളത്തിൽ ജാമ്യമില്ലാ കുറ്റമായി മാറിയത്. നിയമം ദുരുപയോഗം ചെയ്ത പോലീസിനെതിരെ മാനനഷ്ട കേസ് അടക്കമുള്ള നിയമനടപടിയുമായി മുന്നോട്ട് പോകും.

നിയമസഭ തകർത്ത കേസിലെ പ്രതികളെ രക്ഷിക്കാൻ സുപ്രീം കോടതി വരെ പോയ സർക്കാരും സി പി എമ്മുമാണ് ചെയ്യാത്ത കുറ്റത്തിന് ആക്ട് ദുരുപയോഗപ്പെടുത്തി കള്ളക്കേസിൽ കുടുക്കിയത്. ജോജുവിന്റെ വാഹനം തകർത്ത കേസിൽ താൻ കുറ്റക്കാരൻ ആണെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിയമം ദുരുപയോഗപ്പെടുത്തി പോലീസിനെതിരെ സാധ്യമായ എല്ലാ നിയമനടപടിയും സ്വീകരിക്കും.

ജോജു എന്ന വ്യക്തിക്കെതിരെ മാത്രമാണ് പ്രതിഷേധമെന്നും സിനിമ മേഖലയ്ക്ക് എതിരെയാണെന്ന് ബോധപൂർവം ചിലർ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോജുവിന്റെ കുടുംബത്തെ കുറിച്ച് വ്യാകുലപ്പെടുന്നവർ വൈറ്റിലയിലെ ഒരമ്മയും രണ്ട് മക്കളും അവരുടെ കുടുംബവും അനുഭവിക്കുന്ന മാനസിക ദുഖത്തെ കുറിച്ച് കൂടി ചർച്ച ചെയ്യാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment