സംയുക്ത സേനാ വിഭാ​ഗം അന്വേഷണം നടത്തും, എയർ മാർഷൽ മാനവേന്ദ്ര സിം​​ഗിനു ചുമതല

ന്യൂഡൽഹി: കൂനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവർ മരിച്ച ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രിരാജ്​നാഥ് സിങ് അറിയിച്ചു. അപകടം സംബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധ മന്ത്രി. എയർ മാർഷൽ മാനവേന്ദ്ര സിങ് സംഘത്തെ നയിക്കും. അന്വേഷണ സംഘം കഴിഞ്ഞ ദിവസംതന്നെ വെല്ലിം​ഗ്ടണിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച 11.48ന് സൂലുരിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ 12.15ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നു. എന്നാൽ 12.08ന് സുലൂർ എയർബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമായതായും രാജ്നാഥ് സിങ് പറഞ്ഞു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചതായി പ്രതിരോധമന്ത്രി ഇരുസഭകളെയും അറിയിച്ചു. മരിച്ച സൈനികരുടെ പേര് വിവരങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളും അദ്ദേഹം ഇരുസഭകളിലും വായിച്ചു.
അപകടത്തിൽ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യ നില ഗുരുതരമാണ്. അദ്ദേഹത്തെത്തിന്റെ ജീവൻ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച പൂർണ സൈനിക ബഹുമതികളോടെ നടക്കും. മറ്റു സൈനികരുടെ മൃതദേഹങ്ങളും അവരുടെ നാട്ടിലെത്തിച്ച് സൈനിക ബഹുമതികളോടെ സംസ്കരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Related posts

Leave a Comment