ജോലി തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന ബിജെപി നേതാവ് കീഴടങ്ങി

ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ബിജെപി നേതാവ് കീഴടങ്ങി. റെയിൽവേയിലും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യിയലും (എഫ്സിഐ) ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ തട്ടിപ്പ് നട്ത്തിയത്. ബിജെപി മുൻ പഞ്ചായത്തംഗമായ മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ നായരാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെത്തി പിടികൊടുത്തത്. സനുവിന്റെ കൂട്ടാളിയായ ബുധനൂർ താഴുവേലിൽ രാജേഷ് കുമാറും കൂട്ടത്തിൽ കീഴടങ്ങി.കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അരീക്കര ഡിവിഷനിൽ നിന്ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നയാളാണ് സനു. സനു, രാജേഷ്, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെ പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിൻ ജി കൃഷ്ണ അടക്കം ഒമ്പത് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുതിർന്ന ബിജെപി നേതാക്കളുടെ വിശ്വസ്തൻ എന്ന് തെറ്റ്ധരിപ്പിച്ചാണ് പണം തട്ടിയത്. എഫ്സിഐ കേന്ദ്ര ബോർഡ് അംഗമാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

എഫ്സിഐയുടെ ബോർഡ് വെച്ച കാറും ഇതിനായി ഉപയോഗിച്ചിരുന്നു. ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ എഫ്സിഐ ഓഫീസുകൾക്ക് സമീപമുള്ള ഹോട്ടലുകളിൽ താമസിപ്പിച്ച്‌ അഭിമുഖം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ എഞ്ചിനീയർ മുതൽ പല തസ്തികകളിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. കല്ലറക്കടവ് സ്വദേശി നിതിനിൽ നിന്നു മാത്രം 20 ലക്ഷത്തിലധികം രൂപ പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്.

Related posts

Leave a Comment