” തൊഴിൽ മേഖലയിൽ വരുന്ന മാറ്റം ഉൾക്കൊണ്ട് പുതു തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സംവിധാനം പുതുക്കണം”


ദോഹ : നവീകരിക്കപ്പെടുന്ന തൊഴിൽ മേഖലയിൽ , നമ്മൾ ഇന്നോളവും കേട്ടിട്ടില്ലാത്ത തരത്തിൽ നവീനമായ തൊഴിലുകളിലേക്കാവും വരുംതലമുറകൾ നടന്നടുക്കുകയെന്ന് നോർക്ക ഡയറക്ടറും എ.ബി.എന്‍ ഗ്രൂപ്പ് ചെയർമാനുമായ ജെ.കെ.മേനോൻ.
കോവിഡാനന്തര ലോകത്തെ നൂതന തൊഴില്‍ സാധ്യതകള്‍ തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ട് കൊണ്ട് കേരള സർക്കാരിന്റെ നോര്‍ക്ക വകുപ്പും   ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും   (ഫിക്കി) സംയുക്തമായി സംഘടിപ്പിച്ച  ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജെ.കെ .
ബിസിനസ്സ് പ്രവർത്തനങ്ങൾ ക്ലൗഡിലേക്ക് മാറ്റുന്ന കാലഘട്ടമാണ്.  ലോകത്ത് കമ്പനികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ക്ലൗഡ് കമ്പ്യൂട്ടിംഗിലെ വൈദഗ്ധ്യത്തിന് വലിയ ഡിമാന്റാണുള്ളത് , സാങ്കേതികവിദ്യ, ഇന്റർനെറ്റ്‌, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമോഷൻ തുടങ്ങിയവ  നമ്മുടെ കരിയർ മേഖലയെത്തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു .
തൊഴിലിടത്തിലും, വിവിധ പ്രവര്‍ത്തനങ്ങളിലും ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ വികസിച്ചുവരികയാണ്. ചെലവ് കുറയ്ക്കുക്കാനും, വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കാനും, കൃത്യമായി ഡാറ്റകള്‍ ശേഖരിച്ച് വെക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് എന്നീ മേഖലകളിലെ വിദഗ്ദ്ധർക്ക് ഉയർന്ന ഡിമാൻഡാണ്. ഇത്തരം വൈദഗ്ധ്യമുള്ളവര്‍ക്ക്  സോഫ്റ്റ് വെയർ ഡിസൈൻ, സ്റ്റാറ്റിസ്റ്റിക്സ് കോഡിംഗ്, എഞ്ചിനീയറിംഗ് തുടങ്ങിയ സമാന മേഖലകളിൽ തൊഴില്‍ നേടാന്‍ അവസരങ്ങള്‍ ഏറെയാണ് .
ലോകം ഒരു പുതിയ രീതിയിൽ മാറിയെന്നും കോവിഡിന് ശേഷമുള്ള ലോകം മുമ്പത്തെപ്പോലെ ആയിരിക്കില്ലെന്നും   ജെ കെ മേനോൻ പറഞ്ഞു . വരുന്ന 5 മുതൽ 10 വർഷത്തിനുള്ളിൽ നിരവധി തൊഴിൽ മേഖലകൾ അപ്രത്യക്ഷമാകുമെന്നും വരും ദശകത്തിൽ ലോകം ഒരു പുതിയ  സാങ്കേതിക നൈപുണ്യവും തൊഴിൽ അവസരങ്ങളും കൈവരിക്കും .  ഈ മാറ്റം ഉൾക്കൊള്ളുന്നതിനും പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും വിദ്യാഭ്യാസ സംവിധാനം പുതുക്കേണ്ടതുണ്ട്‌.  ഈ മാറ്റം സിലബസിന്റെ രീതിയിലല്ല, മറിച്ച് താഴെ നിന്ന് കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലാണ് വേണ്ടതെന്നും ജെ കെ മേനോൻ ചൂണ്ടിക്കാട്ടി .മുഖ്യമന്ദ്രി പിണറായി വിജയൻ , സ്പീക്കർ എം ബി രാജേഷ് , മുൻ വ്യവസായ മന്ദ്രി മൊയ്‌തീൻ എം എൽ എ എന്നിവരും ,ഗൾഫാർ മുഹമ്മദ് അലി , എം എ യുസഫ് അലി , രവി പിള്ള , ആസാദ് മൂപ്പൻ ,എം പി , ഡോക്ടർ മോഹൻ തോമസ് രവി ഭാസ്കരൻ ഷംലാൽ അഹമ്മദ് , ഖത്തർ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ തുടങ്ങി  
ലോകമെമ്പാടുമുള്ള ബിസിനസ് ഉദ്യാഗസ്ഥ  വിദഗ്ധർ കോൺഫറൻസിൽ പങ്കെടുത്തു.  കോവിഡിന് ശേഷമുള്ള സാഹചര്യത്തിൽ  ഏറ്റവും പുതിയതും നൂതനവുമായ തൊഴിൽ അവസരങ്ങളെക്കുറിച്ച് തൊഴിലന്വേഷകർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത് .
നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ ഇളങ്കോവൻ ഐ എ എസ് , അമിത് വാത്സ്യായൻ തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു്   ചർച്ചയിൽ പങ്കെടുത്തു.

Related posts

Leave a Comment