ജിംസിയല്ല ബൊമ്മി; പുരസ്കാര നിറവിൽ അപർണ ബാലമുരളി

നിസാർ മുഹമ്മദ്

പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആർക്കിടെക്ചറൽ എഞ്ചിനീയറിങ് പഠിച്ചിറങ്ങിയ അപർണ ബാലമുരളി അഭിനയത്തിന്റെ ആർക്കിടെക്ചർ കൂടി സ്വായത്തമാക്കിയാണ് സുരറൈ പോട്ര് എന്ന തമിഴ് സിനിമ പൂർത്തിയാക്കിയത്. അമിതാഭിനയത്തിലേക്ക്
തെല്ലും വീഴാതെ ബൊമ്മിയെന്ന കഥാപാത്രമായി ബിഹേവ് ചെയ്ത അപർണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തൃശിലേക്ക് കൊണ്ടുവരുമ്പോൾ അത് മലയാളികൾക്ക് അഭിമാന നേട്ടമായി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ ജിംസി വെറുമൊരു നാടൻ പെണ്ണായിരുന്നെങ്കിൽ, ഇന്ത്യയിൽ ബജറ്റ് എയർലൈന്‍സിന് തുടക്കമിട്ട ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥ പറഞ്ഞ സുരറൈ പോട്രിലെ ബൊമ്മി കരുത്തുള്ള സ്ത്രീയായിരുന്നു. ഭർത്താവിന്റെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകി കൂടെ നിൽക്കുമ്പോഴും സ്വന്തം വഴിയിൽ ജീവിക്കാൻ ആഗ്രഹിച്ച പെൺ പ്രതീകം. സുധ കൊങ്കരയെന്ന സംവിധായിക ബൊമ്മിയിലേക്ക് അപർണയെ ആവാഹിച്ചെടുത്തുവെന്നതാണ് സത്യം. അപർണയുടെ വാക്കും നോക്കും ശരീരഭാഷയും ആ കഥാപാത്രത്തിലേക്ക് പൂർണമായി ഇഴുകിച്ചേരുകയും ചെയ്തു.

ബൊമ്മിയിലേക്ക് എത്താൻ ഏറെ നാളത്തെ കഠിനാധ്വാനമാണ് അപർണയ്ക്ക് വേണ്ടിവന്നത്. കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധികൾ വേറെയും. സിനിമയിൽ ബൊമ്മി പറയുന്ന മധുര ശൈലിയിലുള്ള തമിഴ് പഠിച്ചെടുക്കുക അത്ര നിസാരമായിരുന്നില്ല. ‍ഡബ്ബ് ചെയ്യുന്ന സമയം വരെ ബൊമ്മി എങ്ങനെയാകുമെന്ന് വല്ലാത്ത ആശങ്കയുണ്ടായിരുന്നു അപർണയ്ക്ക്. ഡബ്ബിങിന് വല്ലാതെ കഷ്ടപ്പെട്ടു. സ്ക്രീനിൽ സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് അപർണ പറയുന്നു. സുധ കൊങ്കര ആ കഥ പറയുമ്പോഴേ ബൊമ്മിയോട് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു. പക്ഷെ, എന്നെക്കൊണ്ട് പറ്റുമോയെന്നത് മാത്രമായിരുന്നു ആശങ്ക. സൂര്യയെ പോലുള്ള ഒരു നടന്റെയൊപ്പം സ്ക്രീൻ സ്പേസ് പങ്കിടുന്നതിന്റെ  ടെൻഷൻ വേറെയും.സ്ക്രീനിൽ പടത്തിന്റെ ഔട്ട്പുട്ട് കണ്ടപ്പോൾ ശരിക്കും ഹാപ്പിയായി. ബൊമ്മി ഭയങ്കര സ്ട്രോങും ബോൾഡുമായ സ്ത്രീയാണ്. അതായിരുന്നു ആ കഥാപാത്രത്തിലെ ഏറ്റവും ഇഷ്ടമുള്ള സവിശേഷത. ജീവിതത്തിൽ കൂടെയുള്ളവരെയെല്ലാം പിന്തുണയ്ക്കുന്നയാളാണ് ബൊമ്മി. കഥ കേട്ടപ്പോൾ ആ സ്വഭാവ സവിശേഷത എന്നെ വല്ലാതെ ആകർഷിച്ചു-അപർണ പറയുന്നു.

ഗായകനും സംഗീത സംവിധായകനുമായ ബാലമുരളിയുടെയും സംഗീതജ്ഞ ശോഭ ബാലമുരളിയുടെയും മകളാണ് അപർണ. അച്ഛന്റെയും അമ്മയുടെയും കലാപാരമ്പര്യം അപർണയുടെ അഭിനയ ജീവിതത്തിലും തണലായി.  യേശുദാസിന്റെ തരംഗിണി ആൽബത്തിന് സംഗീതം നിർവഹിച്ചിട്ടുണ്ട് ബാലമുരളി. അമ്മ ശോഭയാകട്ടെ, നിരവധി വേദികളിൽ സംഗീത പ്രേമികളുടെ മനം കവർന്ന ഗായികയാണ്. നടിയെന്ന നിലയിൽ മാത്രമല്ല, മികച്ച ഗായികയെന്ന നിലയിലും അപർണ ആസ്വാദകർക്ക് പ്രിയങ്കരിയാണ്.  1995 സെപ്റ്റംബർ 11ന് ജനിച്ച അപർണാ ബാലമുരളി ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലാണ് പഠിച്ചത്. പിന്നീട് ആർക്കിടെക്ചറൽ എഞ്ചിനീയറിങ് ബിരുദം നേടി. കലാമണ്ഡലം സീമ, കലാമണ്ഡലം ഹുസ്നബാനു, കലാക്ഷേത്ര ഷഫീകുദ്ദീൻ എന്നിവരിൽ നിന്ന് നൃത്തം അഭ്യസിച്ചു. കുച്ചിപ്പുടി, ഭരതനാട്യം , ലളിത സംഗീതം എന്നിവയിൽ സംസ്ഥാന തല വിജയിയായിരുന്നു. ‘ഇന്നലെയേത്തേടി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് പ്രൊഫഷണൽ അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. യാത്ര തുടരുന്നു എന്ന ചിത്രത്തിൽ ഇർഷാദിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും മകളായി വേഷമിട്ടു കൊണ്ടാണ് അപർണ മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. വിനീത് ശ്രീനിവാസൻ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്രയിലൂടെ നായികയായി വേഷമിട്ടു. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരത്തിലെ രണ്ടു നായികമാരിൽ ഒരാളായി ശ്രദ്ധനേടിയതോടെ അപർണയെ തേടി നിരവധി വേഷങ്ങളെത്തുകയായിരുന്നു.

Related posts

Leave a Comment