- അറസ്റ്റിലായത് ഗുജറാത്തിലെ കോൺഗ്രസ് യുവ എംഎൽഎ
അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് വിഭാഗം പോരാളിയും കോൺഗ്രസ് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. പലൻപൂരിലെ വീട്ടിൽ നിന്ന് ബുധനാഴ്ച രാത്രി 11.30നായിരുന്നു അറസ്റ്റ്. കാരണം വ്യക്തമാക്കിയിട്ടില്ല. രാത്രി തന്നെ അഹമ്മദാ ദാബാദിലെത്തിച്ച മേവാനിയെ ഇന്ന് ഗുവാഹത്തിയിലേക്ക് കൊണ്ടുപോകും. ജെഎൻയുവിലെ സമര നായകൻ കനയ്യ കുമാറിനൊപ്പം കഴിഞ്ഞ വർഷം കോൺഗ്രസിലെത്തിയ സമുന്നത നേതാവാണ് മേവാനി.
ഗുജറാത്തിലെ ദളിത് വിഭാഗം നേരിട്ട ദുരന്തങ്ങളും അന്യായങ്ങളും പീഡനങ്ങളും പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ യുവ നേതാവാണ് 42കാരനായ മേവാനി. 1980 ഡിസംബർ 11ന് ഗുജറാത്തിലെ മെഹസന ജില്ലയിലെ മിയുവിലാണു ജനനം. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ മേവാനിയുടെ ദളിത് മുന്നേറ്റ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പിൽക്കാലത്ത് ഗുജറാത്തിനെ പിടിച്ചുലച്ച രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എന്ന ദളിത് മൂവ്മെന്റിനു നേതൃത്വം നൽകി. അതിന്റെ കൺവീനറാണ് ഇപ്പോഴും.
ഉന്നത വിദ്യാഭ്യാസത്തിനായി മുംബൈയിലെത്തിയ മേവാനി പിന്നീടു പത്രപ്രവർത്തകനായി. ഏതാനും ആനുകാലികങ്ങളിലും ഒരു ഗുജറാത്തി ദിന പത്രത്തിലും പ്രവർത്തിച്ചു. ഈ കാലഘട്ടത്തിലാണ് ദളിത് മൂവ്മെന്റിന് അദ്ദേഹം അഗ്നി പകർന്നത്. പിന്നീടത് ഗുജറാത്തിലെ ദളിത്- പിന്നാക്ക സമൂഹങ്ങളുടെേ പ്രതീക്ഷയും പ്രവർത്തന മേഖലയുമായി. 2016ൽ യുനോ എന്ന സ്ഥലത്ത് ഏഴ് ദളിത് യുവാക്കൾ ക്രൂരമായി ആക്രമിക്കപ്പെട്ടു കൊല്ലപ്പെട്ടപ്പോൾ ഈറ്റപ്പുലിയെപ്പോലെ ചാടി വീണ് പ്രക്ഷോഭം നയിച്ചതോടെ മേവാനിയുടെ പേര് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഗുജറാത്തിൽ ബിജെപിക്കും നരേന്ദ്ര മോദിക്കും ബദലെന്നു വരെ പ്രചാരമുണ്ടായി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോൺഗ്രസിൽ ചേർന്ന ബിഹാർ രാഷ്ട്രീയത്തിലെ നവ വിപ്ലവകാരി കനയ്യ കുമാറിനൊപ്പം കോൺഗ്രസ് നേതൃത്വത്തെ കണ്ട മേവാനി കോൺഗ്രസിന് എല്ലാ പിന്തുണയും ഉറപ്പാക്കി. അന്ന് ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നില്ലെങ്കിലും പിന്നീട് പാർട്ടിയുമായി ഏറെ അടുത്തു. ഇപ്പോൾ കോൺഗ്രസ് ഗുജറാത്ത് ഘടകവുമായി വളരെ അടുത്ത് പ്രവർത്തിക്കുന്ന മേവാനി കോൺഗ്രസിന്റെ ദളിത് മുഖം കൂടിയാണ്.